Tuesday, December 21, 2010

കാവേരിയുടെ മടിത്തട്ടിലൂടെ...

   കാവേരി നദി അര്‍ക്കാവതിയുമായി ചേരുന്നിടത്ത് എത്തിയപ്പോള്‍ ഓര്‍മ വന്നത് ത്രിവേണി സംഗമമായിരുന്നു. ആര്‍ത്തലക്കുന്ന കാവേരി ചെറുനദിയായ അര്‍ക്കാവതിയോടു ചേരുന്നതിനെ സംഗമം എന്നല്ലാതെ എന്ത് വിളിക്കാന്‍? നഗരത്തിരക്കില്‍ നിന്ന് വെറും 90 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന സംഗമവും അവിടെ നിന്ന് നാല് കിലോമീറ്റര്‍ മാറി പാറക്കെട്ടുകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന മേകെദാട്ടുവും യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും.
     മാളുകളും ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകളും ഗതാഗതക്കുരുക്കുകളും മാത്രം കണ്ടു ശീലിച്ച ഒരു ശരാശരി നാഗരികന് ഇവ ഓര്‍ക്കാപുറത്ത് ലഭിച്ച സൌഭാഗ്യമായിരിക്കും. പാടവും പുഴയും കുളവും ഉള്ളിലുള്ള ഒരു ഗ്രാമീണനാകട്ടെ, അവ ഗൃഹാതുരതയുടെ ഒരു തുരുത്തും.
    ബാംഗ്ലൂരില്‍ നിന്ന് കനകപുര റോഡിലൂടെ സഞ്ചരിച്ചാല്‍ ലകഷ്യസ്ഥാനമായ മേകെദാട്ടിലും സംഗമത്തിലും എത്താം. നഗരത്തിരക്കു ഒഴിവാക്കിയാല്‍ മുന്നോട്ടുള്ള യാത്ര സുഖം,ആസ്വാദ്യം. വഴിയിലുടനീളം കേരളത്തിലെ പാതയോരങ്ങളെ ഓര്‍മിപ്പിക്കുന്ന പാടങ്ങളും കൊച്ചുതോട്ടങ്ങളും.
   ഗതാഗതകുരുക്ക് കണക്കാക്കി രാവിലെ നഗരത്തില്‍ നിന്ന് പുറപ്പെട്ട് പൊരിവെയിലത്ത് സംഗമത്തിലെത്തിയപ്പോള്‍ കണ്ടത് ചെറുകൂട്ടങ്ങളായും വന്‍ സംഘങ്ങളായും ആര്‍ത്തലക്കുന്ന ഒരു കൂട്ടം ആളുകളെയാണ്. ജീവിതം ആഘോഷിക്കാനുള്ളതാണ് എന്നുറപ്പിച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ചിലര്‍ പാറക്കെട്ടുകളില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടുന്നു. മറ്റു ചിലര്‍ ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന മരത്ത്തടിയിന്മേല്‍ സര്‍ക്കസ് കാട്ടുന്നു. നീന്താന്‍ ഭയമുള്ളവരാകട്ടെ, തീരത്ത് പന്തുകളിയില്‍ ഏര്‍പെട്ടിരിക്കുന്നു.
ലക്‌ഷ്യം മേകെദാട്ടും ട്രെക്കിങ്ങും ആണെങ്കില്‍ സംഗമതീരത്ത്‌ കാത്തു നില്‍ക്കുന്ന 'പറക്കും തളിക ' ബസ്സില്‍ കയറാം. നാല് കിലോമീറ്റര്‍ യാത്രക്ക് 40 രൂപ ഈടാക്കുന്ന തട്ടുപൊളിപ്പന്‍ സവാരിക്ക് ശേഷം മുന്നില്‍ ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഇരച്ച് ഒഴുകുന്ന കാവേരി നദിയാണ് കാണാനാവുക. 'മേകെദാട്ടു' എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന കാഴ്ച. കന്നഡ ഭാഷയില്‍ 'മേകെ' എന്നാല്‍ ചെമ്മരിയാട്\ ആട്. 'ദാട്ടു' എന്നാല്‍ മുറിച്ചു കടക്കുക. പണ്ട് കാലത്ത് ആട്ടിന്‍ പറ്റങ്ങള്‍ ഇത് വഴിയാണത്രേ കടന്നു പോയിരുന്നത്.  അവയ്ക്ക് കടന്നു പോവാനുള്ള അത്രയും സ്ഥലമാണ് അന്നുണ്ടായിരുന്നത്. നാനാ രൂപങ്ങളിലുള്ള പാറക്കെട്ടുകള്‍ അങ്ങിങ്ങായി മേകെദാട്ടുവില്‍ കാണാം.
     ട്രെക്കിങ്ങും സാഹസികതയും ഇഷ്ടപ്പെടുന്നവരെ 'മേകെദാട്ടു' ഇരു കയ്യും നീട്ടി സ്വീകരിക്കും.  ചുറ്റുപാടും തുറിച്ചു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്ക് മുകളിലേക്ക് സമാനമായ പാറക്കൂട്ടങ്ങളെ മറികടന്നു എത്തുമ്പോള്‍ ഒരേയൊരു കാഴ്ച മാത്രം മുന്നില്‍; പാറക്കെട്ടുകള്‍ക്കിടയിലൂടെ മദിച്ചു വരുന്ന കാവേരി. നദിയിലെ വെള്ളം ഒന്ന് തൊടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും നിരാശയായിരിക്കും ഫലം. സാഹസികതക്കിടെ കയത്തില്‍ വീണു മരിച്ച ചിലരുടെ കഥ കേള്‍ക്കുമ്പോള്‍ പലരും ആ ആഗ്രഹത്തില്‍ നിന്നു പിന്‍വലിയുന്നു. എന്നാല്‍ മോഹം തടയാനാവാത്തവര്‍ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളില്‍, പാറക്കെട്ട്  താണ്ടി, നദിയെ പുല്‍കുന്നു.
     വീണ്ടും 'പറക്കും തളിക'യില്‍ കയറി സംഗമത്തിലെത്തിയപ്പോഴേക്കും സൂര്യനസ്തമിക്കാറായത് പോലെ. പ്രകൃതിയുടെ സംഗമത്തെ വിട്ടു പിരിയാന്‍ മടിച്ച് നഗരത്തിരക്കിലേക്ക്  ചേക്കേറാന്‍ യാത്ര തിരിക്കുമ്പോള്‍ അങ്ങകലെ ഒരു പറ്റം ആടുകളും ചെമ്മരിയാടുകളും അപ്പോഴും വഴി മുറിച്ചു കടക്കുന്നുണ്ടായിരുന്നു...  

4 comments:

 1. കൊടകിലെ കാവേരി നിസർഗ്ഗ തമയിൽ പോയി കാവേരിയെ കണ്ടിട്ടുണ്ട്. മദിച്ച് വരുന്ന കാവേരിയെ ദൊബാരയിൽ എലിഫന്റ് ക്യാമ്പിന്റെ അടുത്ത് നിന്നും ദർശിച്ചിട്ടുണ്ട്. ഇനിയൊരിക്കൽ മേകെദാട്ടുവിലും പോകണം. ഈ വിവരണത്തിന് നന്ദി.

  ReplyDelete
 2. @ നിരക്ഷരന്‍: വേഗം ആ യാത്ര തരപ്പെടട്ടെ!

  ReplyDelete
 3. മേകതട്ടു എന്ന് പലവട്ടം മൈസൂരിൽ പഠിക്കുമ്പോൾ കേട്ടിട്ടുണ്ടെങ്കിലും ഒരു യാത്ര തരപ്പെടാതതിലുള്ള വിഷമം ഇതും കൂടെ വായിച്ചതോടെ കൂടിയോ ന്നൊരു ഡൌട്ട്,,.. :(

  ReplyDelete
 4. Thanks for commenting. Iniyum samayamundalo. You should visit the place once, for sure. :)

  ReplyDelete