Thursday, April 28, 2011

If's and but's...

'ഒരു വര്‍ഷത്തിനു ശേഷം' എന്ന് സ്ക്രീനില്‍ എഴുതി കാണിക്കുന്നതിന് തൊട്ടു മുന്‍പ്‌ 'കോക്ക്ടെയില്‍' എന്നാ സിനിമ അവസാനിച്ചിരുന്നെങ്കില്‍ എന്നാണു സത്യത്തില്‍ ആഗ്രഹിച്ചത്. If, but തുടങ്ങിയ clause - കളില്‍ അവസാനിക്കുമായിരുന്ന ഒരു ചിത്രം. ഇങ്ങനെയാണ് തോന്നിയത്. (എങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നുവോ? )
പക്ഷെ ആസ്വാദകര്‍ എപ്പോഴും ആഗ്രഹിക്കുന്നത് സിനിമകള്‍ നന്നായി (literally) അവസാനിക്കണമെന്നാണല്ലോ. എന്നാല്‍ മികച്ചൊരു എഡിറ്ററും ഭേദപ്പെട്ടൊരു സംവിധായകനുമായ അരുണ്‍ കുമാറിന്‍റെ കോക്ക്ടെയില്‍ എന്ന സിനിമ if, but തുടങ്ങിയ  clause- കളില്‍ അവസാനിച്ചില്ല. 
സിനിമയുടെ വണ്‍ലൈന്‍ ഒട്ടുമറിയാതെ കാണുന്നവര്‍ക്ക് കോക്ക്ടെയില്‍ യഥാര്‍ത്ഥത്തില്‍ 'കോക്ക്ടെയില്‍ ' തന്നെയാണ്. ഇതെന്താണ് സംഭവമെന്ന് അറിയാനുള്ള ഒരു ആകാംക്ഷ. ഒരു എഡിറ്റര്‍ എന്ന നിലയില്‍ അരുണ്‍ കുമാറിന്‍റെ മികവു ഇവിടെവിടെയോ കാണാന്‍ സാധിക്കുന്നുണ്ട്. 
സിനിമയുടെ മുക്കാല്‍ പങ്കും കാറിനുള്ളിലാണ്. രാം ഗോപാല്‍ വര്‍മയുടെ Road എന്ന സിനിമ പോലെയല്ലെങ്കിലും കോക്ക്ടെയില്‍ ഒരു പരിധി വരെ road movie തന്നെയാണ്. രവി അബ്രഹാമും (അനൂപ്‌ മേനോന്‍) പാര്‍വതിയും ( സംവൃത സുനില്‍) പോകുന്ന വണ്ടി ഇടയ്ക്കിടെ നിര്‍ത്തുമ്പോള്‍ കയറി വരുന്ന കഥാപാത്രങ്ങളുടെ (അംബി എന്ന ജയസുര്യ -- അദ്ദേഹം പിന്നീട് ഇറങ്ങുന്നില്ല, അംബിയുടെ ഏട്ടന്‍ ഇന്നസെന്‍റ്, ശരീരം വിറ്റ് ഉപജീവനം നടത്തുന്ന കനിയുടെ കഥാപാത്രം) മാനസിക തലം വളരെ പ്രധാനപ്പെട്ടതാണ്. ഒരു ശുദ്ധനില്‍ നിന്ന് നെഗറ്റീവ് ഓറ (negative aura) യിലേക്കുള്ള ജയസൂര്യുടെ പകര്‍ച്ച ഒരു സുഖമുള്ള കാഴ്ചയാണ്. ജയസൂര്യ പറയുന്നിടത്തേക്ക് വാഹനം (സിനിമയും!!!!!) പോകുന്ന കാഴ്ച ഒടുവില്‍ ഒരു വീട്ടില്‍ എത്തി നില്‍ക്കുന്നു. അതിലൂടെ ചില കുടുംബങ്ങളിലേക്കും.
ഒടുവില്‍ എല്ലാം നഷ്ടപ്പെട്ടവനെപ്പോലെ രവി എബ്രഹാം എന്ന നഗരത്തിലെ പ്രശസ്തനായ എന്‍ജിനിയറും ഭാര്യയുമായുള്ള സംസാരം (ചോദ്യോത്തരങ്ങള്‍ ) സമൂഹ മനസ്സക്ഷിയോടാകാനാണ് സാധ്യത. പക്ഷെ ആ സിനിമ അവിടെ അവസാനിക്കുന്നില്ല. ഉത്തരങ്ങള്‍ അശേഷം അവശേഷിപ്പിക്കാതെ അത് യാത്ര തുടരുകയാണ്... ('Butterfly on a wheel ' ന് credit കൊടുത്തിട്ടുണ്ടോ എന്നും അറിയില്ല. )

Monday, April 18, 2011

നവ'യൌവനം'

എഴുപതുകളിലെത്തിയ തനിക്കു ഇരുപതുകളിലെത്തിയ നവ യൌവനം തുളുമ്പുന്ന യുവാവിന്‍റെ പ്രണയം അരങ്ങിലെത്തിക്കേണ്ടത്തിന്റെ വൈരുദ്ധ്യത്തെ കുറിച്ച് കലാമണ്ഡലം ഗോപി ഒരിക്കല്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അന്‍പതായാലും എഴുപതായാലും, ഇനി തൊണ്ണൂറ ആയാലും ഗോപിയാശാന്‍ എന്ന് എല്ലാവരും വിളിക്കുന്ന കലാമണ്ഡലം ഗോപിയുടെ നളന്‍ പിന്നെ പിന്നെ ചെറുപ്പമാവുകയാനെന്നു ആസ്വാദക വൃന്ദം ഒന്നടങ്കം പറയുന്നു. പറഞ്ഞും കേട്ടും എഴുതിയും മടുത്ത ഈ വിഷയം പക്ഷെ വര്‍ഷങ്ങളായി ഓരോ കഥകളി പ്രേമിയും സ്വകാര്യമായെങ്കിലും ആസ്വദിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഒരു പക്ഷെ അത് തന്നെയാകും കലാമണ്ടലം ഗോപി എന്ന കലാകാരന്‍റെ വിജയ രഹസ്യവും. 
      കേരളത്തിലെ ചില അരങ്ങുകള്‍ക്ക് ശേഷം മറുനാടന്‍ അരങ്ങിലേക്ക് ഗോപിയാശാന്‍ നളനായെത്തുമ്പോള്‍ ഈ പരസ്യമായ രഹസ്യത്തിന് മറ്റൊരു മാനം കൈ വരുന്നുവെന്നത് സത്യം തന്നെയാണ്. ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം അത് കാണാന്‍ ഒരവസരം ലഭിക്കുമ്പോള്‍ ഇത്രയും നാള്‍ എങ്ങനെ വൈകിപ്പോയി എന്നും തോന്നുന്നത് , സ്വാഭാവികം മാത്രമാകാം. 
നളചരിതം രണ്ടാം ദിവസത്തില്‍ പ്രണയ സല്ലാപമാണ് ഒന്നര മണിക്കൂര്‍ കൊണ്ട് (ഏറ്റവും ചെറിയ സമയമെന്ന് നിരൂപക ഭാഷ്യം) അദ്ദേഹം ആടിയത്. നവയൌവ്വനം തുളുംബുകയാണെന്നും  ഇനി നിന്‍റെ ലജ്ജ മാത്രമാണ് തടസമെന്നും നളന്‍ ദമയന്തിയോട് (മാര്‍ഗി വിജയകുമാര്‍) പറയുന്നു. നാണം കലര്‍ന്ന പുഞ്ചിരിയോടെ ദമയന്തി അതിനോട് പ്രതിവചിക്കുമ്പോള്‍ പക്കമേളക്കാര്‍ക്കൊപ്പം ഹാളിലെ ആസ്വാദകരും ആ സന്തോഷത്തില്‍ പങ്കു ചേരുകയാണെന്ന് തോന്നും. 
    പക്കമേളക്കാര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ രസതന്ത്രവും എടുത്തു പറയേണ്ടതാണ്. ഗോപിയാശാന്റെ ആയിരത്തോളം നളന്മാരെ കണ്ട കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ടയിലും നൈപുണ്യം ഈ അരങ്ങിലും ആവര്‍ത്തിച്ചു. കൂട്ടായി പാട്ടിനു എത്തിയതാകട്ടെ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും ബാബു നമ്പൂതിരിയും ആണ്. ഗോപിയാശാന്റെ മുദ്രകളും ചുവടുകളും അറിയുന്ന മട്ടില്‍ അവരോരോരുത്തരും ആ അപൂര്‍വ രസതന്ത്രത്തില്‍ അവരറിയാതെ പങ്കാളികളായി. 
    പതിനായിരത്തിലധികം അരങ്ങുകള്‍ കണ്ട ഗോപിയാശാന്‍റെ വേഷങ്ങളില്‍ പകുതിയിലധികവും നളന്‍ തന്നെയാണെന്ന് നിസ്സംശയം പറയാം. നിരൂപകര്‍ അദ്ദേഹത്തിന്‍റെ മനോധര്‍മവും ചുവടുകളും കണക്കു കൂട്ടി നിരത്തുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഭാവനയുടെ മറ്റൊരു ലോകം പുതിയതായി അരങ്ങിലെത്തിക്കും. ഇത് ഒരു പക്ഷെ 'നളന്' മാത്രം സാധിക്കുന്ന സിദ്ധിയാകാം. 6000-ത്തിലധികം നളന്റെ അരങ്ങുകള്‍ കണ്ട കലാമണ്ഡലം ഗോപി എന്ന നവയൌവനം തുളുമ്പുന്ന 'യുവാവിനുള്ള' സിദ്ധി. ഇനിയുമെത്ര അരങ്ങുകള്‍ക്ക് സാക്ഷ്യം  വഹിക്കാനിരിക്കുന്നുവെന്നു കാലം പറയട്ടെ!

PS: With few changes from the original.

Wednesday, April 13, 2011

ചിരി

ആഴങ്ങളുടെ ഗാഢതയിലേക്ക് 
നീ ചെത്തി മിനുക്കിയെടുത്ത 
ഇടവഴിയാണ് എന്‍റെ കവിത...

മുനയൊടിഞ്ഞ എന്‍റെ വാക്കുകള്‍ 
നീ നീട്ടിയ കടലാസ്സില്‍ ആഴ്ന്നിറങ്ങി 

തീയായിരുന്നു ചുറ്റിലും,
എരിഞ്ഞൊടുങ്ങുന്ന ജ്വാല,
അക്ഷരത്തെറ്റിന്റെ നാളം,
അതിരറ്റ പാതയിലേക്ക് പടര്‍ന്ന വെള്ളിവെളിച്ചം,
ശാന്തം! 

കനലെരിയാത്ത വാക്കിന്‍റെ
ആഴപ്പരപ്പിലേക്ക് 
നീ വിളക്കിച്ചേര്‍ത്തിയ
വന്യമായ ചിരിയാണ് 
എന്‍റെ കവിത...


(Photo Courtesy: Leonardo Da Vinci's Monalisa)