Friday, October 18, 2013

പുസ്തക വണ്ടി

ട്രെയിനിൽ ഇരുന്നു പുസ്തകം എടുത്തപ്പോഴാണ് 
ഞാൻ ആദ്യമായി ആകാശം കണ്ടത്.
സീറ്റുകൾ  മാറി,
ബോഗികളും മാറി, 
ആകാശമപ്പോഴും അതേ പോലെ.

പേജുകൽ മറിച്ച പ്പോൾ 
തീവണ്ടിയുടെ ഇരമ്പത്തിന് 
വാക്കുകളേക്കാൾ വേഗം,
തുരങ്കങ്ങളെ തുളച്ച് കയറുന്ന വീര്യം.

പുസ്തകത്തിലെ ചെക്കനും കുട്ടിയുമായി മിണ്ടുംബോഴാണ് 
മുൻ സീറ്റിലെ കുഞ്ഞ് കണ്ണിലെ കൌതുകം 
ജനാല കടന്നു ആകാശത്തെക്കോടിപ്പോയത്,
അവസാന പേജും മറിച്ച് കണ്ണടച്ചിരിക്കുമ്പോഴാണ് 
ആകാശ ചെരുവിനപ്പുറം ഞാനൊരു മഴവില്ല് കണ്ടത്.

Wednesday, October 2, 2013

ലഞ്ച് ബോക്സ്‌ തുറക്കുമ്പോൾ...

                    

പൌലോ കൊയ് ലോയുടെ നോവല്‍ ബ്രൈഡയില്‍ ഒരു ഖണ്ഡികയുണ്ട്. അതിന്റെ ഒരു ഏകദേശ തര്‍ജ്ജമ ഇപ്രകാരമാണ്:
“മുപ്പത്തെട്ടുകാരിയായ ഞാന്‍ സന്തുഷ്ടയായി നിന്നു. ഒരാള്‍ക്ക് തന്നെ ഇഷ്ടമാണെന്ന സന്തോഷത്താല്‍. അവന് എന്നെ വിട്ടു പോവേണ്ടെന്നായിരുന്നു. പക്ഷെ പെട്ടന്നൊരു ദിവസം അവന്‍ സംസാരിക്കാതായി. അവനെന്റെ കണ്ണുകളുടെ അഗാധതയിലേക്ക് നോക്കി. പിന്നീടെപ്പോഴോ ചിരിച്ചു.പിന്നെ പടികള്‍ ഇറങ്ങിപ്പോയി.
കുറെ ദിവസം ഞാനാലോചിച്ചു ഇങ്ങനൊരാള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്ന്. ജീവിതത്തിന്റെ ഏറ്റവും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ വന്ന മാലാഖയാണവന്‍. പക്ഷെ ഒടുവില്‍ എനിക്ക മനസ്സിലായി അവന്‍ ഒരു യഥാര്‍ഥ മനുഷ്യനാണെന്ന്. മധ്യാഹ്നത്തില്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന് എന്നെ സ്നേഹിച്ചയാള്‍. ആ കുറച്ച് നേരത്തേക്കെങ്കില്‍ പോലും അവന്‍ അവന്റെ മനസ്സ് മുഴുവന്‍ എന്നോട് പങ്കു വെച്ചു. അവന്റെ സംഘര്‍ഷങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും എല്ലാം. ആ മധ്യാഹ്നത്തില്‍ മാത്രം ഞാന്‍ അവന്റെ എല്ലാമായിരുന്നു ഭാര്യ, സുഹൃത്ത്, ശ്രോതാവ്, പ്രണയിനി. എല്ലാം”.
ഇര്‍ഫാന്‍ ഖാനും നിമ്രതും അഭിനയിച്ച ‘ലഞ്ച് ബോക്സ്’ എന്ന റിതേഷ് ബത്രയുടെ സിനിമ ബ്രൈഡയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതേ അല്ല. പക്ഷെ ഈ സിനിമ കണ്ടവര്‍ക്കൊക്കെ ഇങ്ങനൊരു വിങ്ങല്‍ ഈ സിനിമ ഉണ്ടാക്കിയിട്ടുണ്ടാകും. അപര്‍ണ സെന്നിന്റെ ‘മിസ്റര്‍ & മിസിസ് അയ്യരി’നും ബ്ലെസ്സിയുടെ ‘കാഴ്ച’യ്ക്കും ശേഷം എന്തോ എവിടെയോ പിന്തുടരുന്ന ഒരു ഫീല്‍.
ആഷിഖ് അബു ആണെന്ന് തോന്നുന്നു ഭക്ഷണം ‘ഇമ്മിണി ബല്യ സംഭവം’ ആണെന്നും അത് ഫ്രെയിമിലെത്തുമ്പോള്‍ ഒന്നു കൂടി മനോഹരമാണെന്നും നമുക്ക് കാണിച്ചു തന്നത്. ‘സോള്‍ട്ട് & പെപ്പര്‍’ എന്ന സിനിമയിലെ ചില ഫ്രെയിമുകള്‍ കാണുമ്പോഴാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ ഇത്രയും രസകരമാണോ എന്നു പ്രേക്ഷകന് തോന്നുന്നത്. ഭക്ഷണം പ്രധാന കഥാപാത്രവും മറ്റുള്ളവര്‍ സഹ കഥാപാത്രങ്ങളുമാണെന്നൊരു ഫീലുണ്ട് അതിന്.

മെനു
ഡബ്ബാവാലകളുടെ ചരിത്രവും പ്രവര്‍ത്തനരീതിയും നമ്മള്‍ പല തരത്തിലും വായിക്കുകയും ചര്‍ച്ച ചെയ്യുകയും ഹ്രസ്വചിത്രങ്ങളായി കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ ലഞ്ച് ബോക്സില്‍ സാജന്‍ ഫെര്‍ണാണ്ടസിന്റെയും (ഇര്‍ഫാന്‍ ഖാന്‍) ഇളയുടെയും ( നിമ്രത് കൌര്‍) ജീവിതമാണ് ഇവര്‍ കാരണം മാറി മറിഞ്ഞത്. പാത്രങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ ഇവരുടെ ജീവിതവും മാറിപ്പോയി.
അതേ. സംഭവം തുടങ്ങുന്നത് അങ്ങനെയാണ്. സാധാരണ ഡബ്ബാവാലകള്‍ അത് എത്തേണ്ട ആളുടെ അടുത്തേ ലഞ്ച് ബോക്സ് എത്തിക്കൂ (മാനേജ്മെന്റ് ശേഷിയില്‍ പ്രശസ്തരാണ് ഡബ്ബാവാലകള്‍. ഇവരെക്കുറിച്ച് ഐ. ഐ. എമ്മുകളില്‍ വരെ പഠനം നടക്കുന്നു. വിസിറ്റിങ് പ്രൊഫസര്‍മാര്‍ വരെ ആയി ഇവര്‍ ഈ സ്ഥാപനങ്ങളില്‍ പങ്കെടുക്കുന്നു) പക്ഷെ ഇവിടെ ആ പെരുമ തെറ്റുന്നു. ഇള ഭര്‍ത്താവിന് അയക്കുന്ന പാത്രം മാറിപ്പോകുന്നു. ഒരു ബന്ധം അങ്ങനെ തുടങ്ങുന്നു

രുചിക്കൂട്ടുകള്‍
എരിവും പുളിയും ഒട്ടുമില്ലാതെയാണ് സംവിധായകന്‍ ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. കേള്‍ക്കാന്‍ അറയ്ക്കുന്ന വാക്കുകള്‍ ഒന്നു പോലും ഇതിലില്ല. സിനിമയിലെവിടെയോ ഒരിക്കല്‍ ഇര്‍ഫാന്‍ ഖാന്‍ പറയുന്നുണ്ട്. ഇന്നത്തെ ഭക്ഷണത്തില്‍ ഉപ്പ് പോരാ എന്ന്. ഒരിക്കലും കണ്ടിട്ടു പോലുമില്ലാത്ത ഒരാളോട് ഏറ്റവും ഇന്റിമേറ്റ് ആയി പെരുമാറുന്ന അത് ഇര്‍ഫാന്‍ ഖാന് പകരം മറ്റൊരാളാണ് ചെയ്തതെങ്കില്‍ അതില്‍ വള്‍ഗാരിറ്റി കയറുമായിരുന്നു.
എന്നാല്‍ ഇവിടെ അത് ഭദ്രം. മഖ്ബൂലിലും മറ്റും അഭിനയിച്ച ഇര്‍ഫാന്‍ ഖാന്‍ തന്നെയോ ഇതെന്ന തോന്നിപ്പോയി ചിലപ്പോഴൊക്കെ. വളരെ കുറച്ച് കഥാപാത്രങ്ങളേ ഈ സിനിമയിലുളളൂ. ഇളയുടെ ഭര്‍ത്താവ്, മതിലുകളിലെ ലളിതയെ പോലെ ശബ്ദം മാത്രം ഉള്ള, മുകള്‍ നിലയിലെ വീട്ടിലെ ആന്റി, ഇര്‍ഫാന്‍ ഖാന്റെ സഹപ്രവര്‍ത്തകന്‍. അങ്ങനെ കുറച്ചു പേര്‍ മാത്രം.

തീന്‍മേശ
തെറ്റായ ആള്‍ക്ക് എത്തുന്ന ലഞ്ച് ബോക്സില്‍ ചെറിയ ചെറിയ കുറിപ്പുകളെഴുതിയാണ് ഇവരുടെ പ്രേമം (അങ്ങനെ വിളിക്കാമോ എന്നറിയില്ല) തളിര്‍ക്കുന്നത്. പ്രണയിക്കാന്‍ തമ്മില്‍ കാണേണ്ട ആവശ്യമുണ്ടോ എന്ന സിനിമയുടെ ടാഗ് ലൈന്‍ ( ഇവിടെ പ്രസക്തമാകുന്നു.
ഫ്ലാറ്റില്‍ ഒറ്റപ്പെടുന്ന ഒരു സ്ത്രീ, ഭര്‍ത്താവിന് നല്ല ഭക്ഷണം ഉണ്ടാക്കാനിഷ്ടപ്പെടുന്ന സ്ത്രീ, ഭര്‍ത്താവിന് പരസത്രീ ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും കൂടെ ജീവിക്കുന്ന പുരാതന ഭാരതീയനാരീ സങ്കല്‍പം തുടങ്ങിയ ക്ലീഷേകളില്‍നിന്ന് രക്ഷപ്പെടുന്നില്ല ഇവിടെ ഇളയും. എന്നാല്‍ സ്വന്തം അച്ഛനമ്മമമാര്‍ക്ക് പണത്തിന് ആവശ്യം വരുമ്പോള്‍ അത് കൊടുക്കാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ മുഖവും ഈ സിനിമയിലുണ്ട്. ഭര്‍ത്താവിന്റെ തിരക്ക് മൂലം ആരും സംസാരിക്കാനില്ലാത്തതിന്റെ ( ശബ്ദം മാത്രമായുളള മുകളിലെ വീട്ടിലെ ആന്റി ഒഴിച്ച്) ഒരു മെട്രോ സ്ത്രീയുടെ വിമ്മിഷ്ടവം നന്നായി സ്ക്രീനിലെത്തിച്ചു. അങ്ങനെ കത്തിലൂടെ ഒരു അപരിചിതനോട് ഏറ്റവും വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പറയാന്‍ അവര്‍ തയ്യാറാവുന്നു.
ലഞ്ച് ബോക്സ് അടച്ചു വെക്കുമ്പോള്‍
പെട്ടന്നാലോചിക്കുമ്പാള്‍ ‘ഇതെന്ത് വല്യ ആനക്കാര്യം’ എന്ന് തോന്നുന്ന ഒരു ത്രെഡില്‍നിന്ന് രണ്ട് മണിക്കൂര്‍ നമ്മളില്‍ ലോകത്തോടുള്ള സ്നേഹം നിറയ്ക്കുന്ന സിനിമ ഉണ്ടാക്കിയത് തന്നെയാണ് ഇതിന്റെ വിജയം. മുംബൈ പോലുളള മെട്രോ നഗരത്തില്‍ ഇതു പോലെ ആയിരക്കണക്കിന് കഥകള്‍ ഉണ്ടായിട്ടുണ്ടാവും.
പക്ഷെ അതില്‍ ഒരു സിനിമ കണ്ടെത്തുകയും അതിന് പറ്റിയ നടീനടന്മാരെ വെക്കുകയും ചെയ്തത് ലഞ്ച് ബോക്സിനെ വ്യത്യസ്ത അനുഭവമാക്കുന്നു. എല്ലാത്തിനുമൊടുവില്‍, ഉള്ളിലൊരു വിങ്ങല്‍ അത് ബാക്കിയാക്കുന്നു.

അനുബന്ധം
സിനിമ നന്നാകണമെങ്കില്‍ ഹാപ്പി എന്‍ഡിങ് ആകണമെന്നില്ലെന്ന് ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞു. അത് നമ്മള്‍ ഉണ്ടാക്കിയെടുത്ത ശീലമാണെന്നാണ് അയാളുടെ വിലയിരുത്തല്‍. ശരിയാണെന്നു തോന്നുന്നു. സിനിമകള്‍ ഹാപ്പി എന്‍ഡിങ് അല്ലെങ്കില്‍ അതിനിയുമുണ്ടാകും. അഗര്‍ എന്‍ഡിങ് ഠീക് ഠാക് നഹീ ഹേ തോ പിക്ചര്‍ ഖതം നഹീം ഹേ ഭായ്. പിക്ചര്‍ അബീ ബാക്കി ഹേ… ( സിനിമയുടെ അവസാനം സുഖകരമല്ലെങ്കില്‍ സിനിമ അവസാനിച്ചിട്ടില്ലെന്നാണത്രെ അര്‍ഥം. സിനിമ ഇനിയും ബാക്കിയുണ്ട്)
ശേഷം സ്ക്രീനില്‍.
PS:നിമ്രതിനെ അറിയാത്തവർ ഇത് കാണുക.

Wednesday, September 25, 2013

ഫേസ് ബുക്ക്‌ഇന്നലെ നീ ഒടുവിലിട്ട ചിത്രത്തിന് 'ലൈക്‌ 'അടിച്ചപ്പോഴാണ്,
ഞാൻ നിൻറെ കണ്ണുകളുടെ ആഴം അറിഞ്ഞത്. 
അവയ്ക്ക് തൊട്ടു താഴെ വക്ക് പൊട്ടിയ ചിരിയും, 
ആരെയോ തിരയുന്ന കൈകളും കണ്ടത്.

ഇന്നലെ നീ ഒടുവിലിട്ട ചിത്രത്തിന്
'കമന്റ്‌ ' എഴുതിയപ്പോഴാണ്
നിൻറെ മുഖം ഞാൻ (ചില്ല്) കണ്ണാടിയിൽ കണ്ടത്.
ഒന്നും മിണ്ടാതെ കണ്ണടച്ചു ,
ചിത്രം വഴിവക്കിൽ എറിഞ്ഞു...

ഒടുവിൽ ആറടി മണ്ണിൽ ഇന്നലെ നീ
നീണ്ടു നിവർന്നു കിടന്നപ്പോൾ
വഴിയരികിൽ നിന്നെനിക്ക് കിട്ടിയത്
നിന്റെ ഫേസ് ബുക്കിലെ ചിത്രവും
ഒരു പിടി പൂക്കളും...(Photo courtesy:Flickr)

Saturday, July 6, 2013

ഒന്നുമില്ലായ്മ

ഒന്നുമില്ലായ്മയില്‍ നിന്നാണ് 
ഞാന്‍  നിന്നിലേക്ക്‌ മറവിയുടെ പാലമിട്ടത്,
കണ്ണുകളിറുക്കി അടച്ചപ്പോഴാണ് 
ഞാന്‍  നിന്നെ കണ്ണാടിയില്‍ കണ്ടത്,
വെളിച്ചം കടല്‍ കടന്നു വന്നപ്പോഴാണ് 
ഞാന്‍  ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങിയത്,
ചിതറിത്തെറിച്ച മഴയുടെ ശബ്ദത്തിനിടയിലാണ് 
ഞാന്‍  നിന്‍റെ വാക്കുകള്‍ തിരഞ്ഞത്.
ര്‍മയുടെ  വേരുകള്‍ അറ്റപ്പോഴാണ് 
ഞാന്‍ ഒന്നുമില്ലായ്മയിലേക്ക് വഴുതി വീണത്...

Monday, April 1, 2013

സദയം, ഇതാ... (ഒരു പുനർ വായന )


മോഹന്‍ലാല്‍ സിനിമയില്‍ മരിക്കുകയോ? അങ്ങനൊന്നുണ്ടാവില്ലെന്ന് ഉറച്ചു വിശ്വസിച്ചിരുന്നത് കൊണ്ടാകും ഇത് തകിടം മറിക്കുന്ന 1992ല്‍ പുറത്തിറങ്ങിയ 'സദയം' സിനിമയുടെ അവസാന ഭാഗം അന്ന മേളം തീയറ്ററില്‍ ഇരുന്ന് കാണാതിരുന്നതും. തൊട്ടടുത്തിരുന്ന അച്ഛന്‍ കുറെ കളിയാക്കി ചിരിച്ചെങ്കിലും കാണാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല. "കുട്ടീ അത് സിനിമയിലല്ലേ" എന്ന പറഞ്ഞാലും കയ്യ് മുഖത്ത് നിന്ന എടുക്കാന്‍ വല്ലാത്ത പേടിയായിരുന്നു. അഭിനയിക്കുന്നത് മോഹന്‍ലാലല്ലേ. മോഹന്‍ലാലിന് ഒന്നും പറ്റാന്‍ പാടില്ല. അങ്ങനെയാണെങ്കിലേ പറ്റൂ എന്ന സംവിധായകനോട് പറയാന്‍ പറ്റില്ലല്ലോ. 
വളരെ വര്‍ഷങ്ങള്‍ക്ക് ശേഷം സദയം എന്ന സിനിമ ടിവിയില്‍ വീണ്ടു കണ്ടപ്പോള്‍ അന്നല്ല ഇന്നും അത് പൂര്‍ണമായി കാണാന്‍ പറ്റുമോ എന്ന കാര്യത്തില്‍ വലിയ ഉറപ്പൊന്നും ഉണ്ടായിരുന്നില്ല. സിനിമ കണ്ട ശേഷം ഗംഭീര സിനിമാ സെന്‍സും നല്ലൊരു തിരക്കഥാകൃത്തുമായ സുഹൃത്തിനെ വിളിച്ചു. നല്ലതും cult വിഭാഗത്തില്‍ പെടുത്താവുന്നതുമായ സിനിമകള്‍ളുെടയെല്ലാം ending happy ആകണമെന്നില്ല എന്നായിരുന്നു അയാളുടെ ആശ്വാസ വാക്ക്. ഓ പിന്നെ വലിയ തത്വജ്ഞാനി. നമ്മുടെ വിഷമം നമുക്കല്ലേ അറിയൂ. പക്ഷെ അയാള്‍ പറഞ്ഞതാണ് സത്യം. 
സദയം ഒരു cult film ആണ്. 
1992ല്‍ പുറത്തിറങ്ങിയ എം.ടി. വാസുദേവന്‍ നായര്‍-മോഹന്‍ലാല്‍-സിബി മലയില്‍ കൂട്ടുകെട്ടില്‍ ഉണ്ടായി 'സദയം' എന്ന സിനിമ ഈ 2013ല്‍ ഒരിക്കല്‍ കൂടി കാണുമ്പോള്‍ എം. ടി വാസുദേവന്‍ നായരുടെ ക്രാഫ്‌ററിനു മുന്നിലാണോ മോഹന്‍ലാലിന്റെ 'മൈന്യൂട്ട്-ഡീറ്റെയില്ഡ്' അഭിനയത്തിനു മുന്നിലാണോ അതോ സിബി മലയിലിന്റെ സംവിധാന ചാതുരിയിലാണോ ഇനി ഇതൊന്നുമല്ലാത്ത മറ്റെന്തിനെയോ ആണോ നമിക്കേണ്ടതെന്ന് ഇപ്പോഴും സംശയിച്ചു പോകുന്നു.
script അല്ലെങ്കില്‍ screenplay ക്ക് ഒരു ടെക്‌സറ്റ് ബുക്ക എന്ന പോലെയാണ് ഈ സിനിമ്‌യിലെ ഓരോ സീനുകളും എന്ന ചിലപ്പോഴൊക്കെ തോന്നിപ്പോയി. അങ്ങനെയല്ലേ എന്നറിയാന്‍ മററൊരു സുഹൃത്തിനെ വിളിച്ചപ്പോള്‍ ''നീ എം. ടിയുടെ 'ഉത്തരം' എന്ന സിനിമ കൂടി കണ്ടു  നോക്ക്' എന്നാണയാള്‍ പറഞ്ഞത്. 'ഉത്തര'വും craft wise ഗംഭീരമാണെങ്കിലും സദയം cult ആകുന്നത് മുമ്പ പറഞ്ഞ മൂന്ന പേരുടെ സംഗമത്തിലാണെന്ന് തോന്നുന്നു. script  ആണ് താരം എന്ന തോന്നുന്നിടത്ത് മോഹന്‍ലാല്‍ തകര്‍ത്തഭിനയിക്കുകയും മോഹന്‍ലാല്‍ ജയിലില്‍ ഇരിക്കുമ്പോള്‍ കാണിച്ച ആ ഭാവം എങ്ങനെ സാധിച്ചു എന്ന തോന്നുമ്പോള്‍ സംവിധായകന്‍ അതി വൈദഗ്ധ്യത്തോടെ ഇടയില്‍ കയറുകയും ചെയ്യുന്ന ഒരു പ്രത്യേകതരം പരസ്പര പൂരകമായ situation ആണ് സദയത്തിൻറെ  crux.
എം.ടിയുടെ script-ല്‍ (tight ആയ  script എന്നു തന്നെ പറയണം) loopholesന് സാധ്യതകളേയില്ല. പെറ്റമ്മ വഴി പിഴച്ച പോയതിന്റെ അപമാനഭാരത്താല്‍ ജീവിക്കുന്ന സത്യനാഥന് ചിത്രത്തിലുടനീളം അതിന്റെ shadeഉകള്‍ എം. ടി. കൊടുത്തിരിക്കുന്നു. അങ്ങനെ തിരക്കഥ എഴുതാന്‍ മറ്റാര്‍ക്കെങ്കിലും പറ്റുമോ എന്ന കാര്യം സംശയമാണ്. 
മോഹന്‍ലാല്‍ എന്ന നടനെ വിദ്യാര്‍ഥികളോ മറ്റോ പഠന വിധേയമാക്കുകയാണെങ്കില്‍ ഈ ചിത്രത്തിലെ അവസ്ഥാ സങ്കേതങ്ങള്‍ക്ക് ഏറ്റവുമാദ്യത്തെ preference ഉണ്ടാകും . മരിക്കാന്‍ പോകുന്ന സത്യനാഥനോട് രാത്രി പ്രത്യേകിച്ച എന്തെങ്കിലും ഭക്ഷണം വേണോ എന്ന് ജയിലര്‍ ചോദിക്കുമ്പോള്‍ ഒന്നും വേണ്ട എന്ന് അദ്ദേഹം പറയുന്നു. പ്രതികാര ബുദ്ധിയോടെ മറ്റെന്തോ പ്രതീക്ഷിച്ച് നില്‍ക്കുന്ന തിലകന്റെ മുഖത്തേക്ക് ആര്‍ക്കും വായിച്ചെടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഭാവം സന്നിവേശിപ്പിക്കുകയാണ് മോഹന്‍ലാല്‍ ഈ സീനില്‍ ചെയ്യുന്നത്. open ending പോലെ open expression പ്രേക്ഷകര്‍ക്ക് മുന്നില്‍ തുറന്നിടുന്നു.
സിനിമകള്‍ എന്തു കൊണ്ട് cult വിഭാഗത്തില്‍പ്പെടുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിപ്പോകേണ്ട കാര്യമില്ല. കാരണം എം. ടി. വാസുദേവന്‍ നായരും മോഹന്‍ലാലും സിബി മലയിലും ഇപ്പോഴും നമുക്കിടയില്‍ത്തന്നെയുണ്ട്. cult figures ആയിത്തന്നെ... സദയം...


Sunday, March 3, 2013

കൂട്ടുകാരന്‍


"എനിക്ക് നിന്‍റെ കൂട്ടുകാരനാകണം "
വാക്കിനൊപ്പം വിളറിയ ചിരി ഒട്ടിച്ചു ചേര്‍ത്ത്, 
കണ്ണില്‍ നോക്കാതെ 
നീ പറഞ്ഞു:
"നമുക്ക് ജീവിതാവസാനം വരെ കൂട്ടുകാരാകാം "

നിന്‍റെ *വാട്സ് ആപ്പില്‍   
എന്‍റെ സമയം നിശ്ചലമായി... 
എന്‍റെ മറുപടി 
നിന്‍റെ ബ്ലാക്ക്‌ബെറിയില്‍ നിറഞ്ഞു കത്തി 

ഒരു നുള്ള് കാല്പനികത, 
ഒരു കുടന്ന ചെമ്പകപ്പൂക്കള്‍ 
കടലോളം സ്വപ്നങ്ങളും... 

ഉണര്‍ന്നെണീറ്റ നീ വീണ്ടുമൊന്നു ചിരിച്ചു,
പിന്നെ,
തിരയാഴങ്ങളുടെ മുനമ്പ്‌ കടന്ന് 
എന്‍റെ കണ്ണിന്‍റെ പച്ചയെ പുണര്‍ന്നു... 
" നമുക്കിനി കൂട്ടുകാരാകാം,
വെറും കൂട്ടുകാര്‍..."

(* - ഒരു ചാറ്റ് അപ്ലിക്കേഷന്‍)

Tuesday, February 12, 2013

മുന്‍പിലിരിക്കുന്ന ആള്‍

മുന്‍പിലിരിക്കുന്ന ആള്‍ ഒരിക്കല്‍ പോലും തോള്‍ ചെരിച്ചില്ല.
ഓഷോ രജനീഷിനെ കുറിച്ച വാ തോരാതെ സംസാരിച്ചുമില്ല.
അഭിനയിച്ച നൂറു കണക്കിന് കഥാപാത്ര തുണ്ടുകളിലേക്ക് പരകായ പ്രവേശം നടത്തിയതുമില്ല.
ഞാനും നിങ്ങളും ഇദ്ദേഹത്തെ നന്നായി അറിയും. ഒരു മുഖവുരയുമില്ലാതെ തന്നെ...
മുന്‍പിലിരിക്കുന്ന ആളുടെ പേര്  മോഹന്‍ലാല്‍ എന്നാണ്...
1993-ലാണ് ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. ദേവാസുരം എന്നാ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച ആദ്യമായി കാണുമ്പോള്‍ മനസ്സില്‍ നിന്ന് ചിത്രവും ദശരഥവും കിരീടവും തൂവനതുംബികളും ഭരതവും ഹിസ്‌ ഹൈനെസ് അബ്ദുള്ളയും പരന്നു ഒഴുകുകയായിരുന്നു. ഒന്നും മറ്റൊന്നില്‍ തൊടാതെ വളരെ അലസമായി...
പത്ര സമ്മേളനം തുടങ്ങാന്‍ ഇനിയും മിനിട്ടുകള്‍ ബാക്കിയുണ്ട്.
മുന്‍പിലിരിക്കുന്ന ആള്‍ക്ക് അക്ഷമയുടെ യാതൊരു ലാഞ്ഛനയുമില്ല.
പിന്നെയും  കുറച്ച നിമിഷങ്ങളുടെ താമസത്തിനു  ശേഷം ചെറിയ കര ഘോഷങ്ങളുടെ അകമ്പടിയോടെ പരിപാടി തുടങ്ങി. നരസിംഹത്തിനോ ആറാം തമ്പുരാനോ  ലഭിച്ച കയ്യടിയുമായി ഒരു താരതമ്യം ഇവിടെ പ്രസക്തമല്ല.
മുന്‍പിലിരിക്കുന്ന (ഇപ്പോള്‍ നില്‍ക്കുന്ന) ആള്‍ തോളോന്നു വെട്ടിച്ചു.(ഇല്ല ഇപ്പോഴും ചെരിച്ചില്ല) പിന്നെ പറഞ്ഞു തുടങ്ങി. ചതുരംഗത്തിലെയും താണ്ടവത്തിലെയും പ്രജയിലെയും പോലെ കേള്‍ക്കാന്‍ അറക്കുന്ന വാഗ്ധോരണികള്‍ ഒന്നുമില്ല. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഒരിക്കല്‍ പറഞ്ഞു. ഒരാള്‍ മറ്റൊരാളോട് ആറും നാലും പതിനൊന്നല്ലെ എന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ മറുപടി നല്‍കിയത്രെ. "അതെയോ? പത്തെന്നും കേട്ടിട്ടുണ്ട് എന്ന്". ഇത്തരം  നയതന്ത്രജ്ഞതയുടെ ആളാണ് മോഹന്‍ലാല്‍ എന്ന്.
ഈ നയതന്ത്രജ്ഞതയുടെ ചില അടിയൊഴുക്കുകള്‍ പടര്‍ന്നു കിടക്കുന്ന സംസാരമാണ് പിന്നീട് കേട്ടത്.
ഒന്നും എവിടെയും തൊടാതെ എന്നാല്‍ എല്ലാം എവിടെയോ ബന്ധപ്പെട്ടു കിടക്കുന്ന വിസ്മയ ത്താളുകള്‍ (അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍) ആയിരുന്നു അവ.
ഞാന്‍ എന്നാ വാക്ക് വളരെ അപൂര്‍വമായേ പ്രയോഗിച്ചു കേട്ടുള്ളൂ. നമ്മള്‍ എന്നാണു കൂടുതല്‍ കേട്ടത്. പിന്നെ 'കാര്യങ്ങള്‍ ', 'വിസ്മയം ', 'പ്രണയം ' തുടങ്ങിയ വാക്കുകളുടെ  ഉണ്ടായിരുന്നു. പക്ഷെ അതൊന്നും എന്നെ അലോസരപെടുത്തിയില്ല. കാരണം എന്റെ മുന്‍പിലിരിക്കുന്ന ആളുടെ പേര് മോഹന്‍ലാല്‍ എന്നാണ്.
സംസാരിച്ചതില്‍ പകുതിയും കേട്ടില്ല. എന്റെ മുന്നില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും താള വട്ടവും പാദമുദ്രയും ഇടക്കെപ്പോഴോ കാസനോവയും നിറഞ്ഞു ആടുകയായിരുന്നു.
ഇപ്പോള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഹിസ്‌ ഹൈനെസ് അബ്ദുള്ളയിലെ 'ജഗദാനന്ദം സംഗീതം' എന്നാ പാട്ടിലെ ഭാവങ്ങള്‍ മിന്നി മറിഞ്ഞ പോലെ. ഉടന്‍ അത് ഭരതത്തിലേക്കും വനപ്രസ്തത്തിലെക്കും ഇരുവറിലെക്കും തെന്നിമറിഞ്ഞു. (അതോ എനിക്ക് തോന്നിയതാണോ).
മുന്‍പിലിരിക്കുന്ന ആളുടെ പേര് മോഹന്‍ലാല്‍ എന്നാണ്.
1993നു ശേഷം മോഹന്‍ലാലിനെ പിന്നീട് കണ്ടത് വീടിനടുത്തൊരു  കൊവിലകത്തില്‍ ഷൂട്ടിങ്ങിനു വന്നപ്പോഴാണ്.(വിഗ് ഉപയോഗിക്കാന്‍ തുടങ്ങിയതിനു തൊട്ടു മുന്പനെന്നു തോന്നുന്നു).
മോഹന്‍ലാല്‍ ഇപ്പോള്‍ വേദിയില്‍ കുറേശ്ശെ അക്ഷമനാണ്.പക്ഷെ അപ്പോഴും  'സദയ'ത്തില്‍ കൊല്ലാന്‍ കൊണ്ട് പോകുന്ന സത്യ നാഥന്റെ നിസ്സന്ഗത യാണ് വായിക്കാന്‍ ആയത്. അനായാസം ഭാവങ്ങളില്‍ നിന്ന് ഭാവങ്ങളിലേക്ക് ഇമ വേഗത്തില്‍ മാറുന്ന ഒരാളുടെ  നിസ്സന്ഗതയും ഒരു നൂറു കഥാപാത്രങ്ങളെ കൊണ്ട് വന്നു നിര്‍ത്തി.
ചടങ്ങ് തീരാറായി.
മോഹന്‍ലാലിനെ കുറിച്ച് ഒട്ടേറെ പേര്‍ മാറിമാറി പറയുന്നു. എല്ലാം നമ്മള്‍ കേട്ട് പഴകിയത്. മഹാനടന്‍, സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍, സ്വകാര്യ അഹങ്കാരം,  ഇങ്ങനെ പോകുന്നു. തന്നെ കുറിച്ച്  പറയുന്ന നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മാത്രം ആ മുഖത്ത് ഒരു ഭാവവും മിന്നി മറിഞ്ഞില്ല.ഒരു നടന് ഇങ്ങനെയും സാധിക്കും എന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ സാധിച്ചു.
ഇടയ്ക്കിടെ അടുത്ത് വന്നു ചെവിയില്‍ ഒരാള്‍ സംസാരിക്കുന്നു.അതെ, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ തന്നെ. സന്തത സഹചാരി. കിലുക്കം, ഹരികൃഷ്ണന്‍സ്, അലിഭായ് ഇങ്ങനെ കുറെ സിനിമകളില്‍ ക്യാമറക്ക് മുമ്പില്‍ (അതെ മുമ്പില്‍)  വന്നിട്ടുണ്ട്. അതെ പേരില്‍ തന്നെ.
ചടങ്ങ് അവസാനിച്ചു.
ഇനി ചോദ്യ ശരങ്ങളുടെ സമയമാണ്.  *പിശാചുക്കളുടെ  വക്കീലിനോടും 'വക്കീല്‍' അല്ലാത്തവരോടും സംസാരിച്ച് പഴകിയതിന്റെ ഒരു താളം ഉത്തരത്തില്‍ കണ്ടു. എങ്കിലും ഇടയ്ക്കിടെ ' ആറും  നാലും പത്താണോ പതിനോന്നാണോ എന്ന'  നയതന്ത്രജ്ഞതയും കേട്ടു.'ഡാ തടിയാ'യില്‍ പറയുന്ന പോലെ 'ഞാന്‍ ഇങ്ങനാണ് ഭായ് ' എന്ന് പറയാതെ പറഞ്ഞ പോലെ...
ചോദ്യശരങ്ങള്‍ കഴിഞ്ഞു. ഉത്തരങ്ങളും. മോഹന്‍ലാല്‍ പതുക്കെ എഴുന്നേറ്റു നടന്നു.തോള്‍ ചെറുതായി ചെരിച്ച്, ഇനിയും കാണാനിരിക്കുന്ന ഏതൊക്കെയോ കഥാപാത്രങ്ങളിലേക്ക് ഒരു വെള്ളച്ചാട്ടം കണക്കെ പരന്നൊഴുകി അദ്ദേഹം നീങ്ങി...
എന്‍റെ മുന്‍പില്‍ നിന്ന് നടന്നു നീങ്ങുന്ന ആളുടെ പേര്‍ മോഹന്‍ലാല്‍ എന്നാണ്...
(*- Devil's Advocate) (PS:ഒരു fictionalised "ദേജാ-വൂ...")


Thursday, January 17, 2013

മഴ


മഴ --
കണ്ണില്‍ നിന്ന് ആദ്യം,
ഞാന്‍ കണ്ണടച്ചു...
അരികുകള്‍ വളഞ്ഞ നിന്‍റെ  വാക്കില്‍ നിന്ന്, 
ഞാന്‍ പുസ്തകമടച്ച്‌ വെച്ചു...
മഴ--
നടുമുറ്റത്തെ മുല്ലമൊട്ടില്‍,
കുളത്തിലേക്കുള്ള കല്‍പ്പടവില്‍,
പുഴയിലെ പഞ്ചാര മണലില്‍
രാവിന്റെ വെള്ളി വെളിച്ചത്തില്‍,
കേട്ട് മറന്ന സിനിമാപ്പാട്ടില്‍,
ഇനിയും എഴുതാത്ത കാവ്യശകലങ്ങളില്‍,
മഴ--
കിണുങ്ങി ചിണുങ്ങി 
നീല പുതപ്പിനടിയിലൂടെ 
ഇനിയുമുറങ്ങുന്നോ എന്ന  ചോദ്യവുമായി;
ദൂരങ്ങള്‍ക്ക് മൌനത്തിന്റെ ഭാഷയേകി 
നീ കൊഞ്ചിച്ചു വെച്ച കൈവിളക്കായ്. 
ഒന്നുറങ്ങിയപ്പോള്‍ 
ഓടിയെത്തിയ വര്‍ണ തുണ്ട് പോല്‍ 
പിന്നെയൊരിക്കല്‍ മഴ വന്നൂ...
നിറഞ്ഞു പെയ്യാതെ, 
കണ്‍ നിറയാതെ,
ഉറക്കമുണര്‍ത്താതെ...
മഴ...

(Photo Courtesy: Steve Webb)