Tuesday, February 12, 2013

മുന്‍പിലിരിക്കുന്ന ആള്‍

മുന്‍പിലിരിക്കുന്ന ആള്‍ ഒരിക്കല്‍ പോലും തോള്‍ ചെരിച്ചില്ല.
ഓഷോ രജനീഷിനെ കുറിച്ച വാ തോരാതെ സംസാരിച്ചുമില്ല.
അഭിനയിച്ച നൂറു കണക്കിന് കഥാപാത്ര തുണ്ടുകളിലേക്ക് പരകായ പ്രവേശം നടത്തിയതുമില്ല.
ഞാനും നിങ്ങളും ഇദ്ദേഹത്തെ നന്നായി അറിയും. ഒരു മുഖവുരയുമില്ലാതെ തന്നെ...
മുന്‍പിലിരിക്കുന്ന ആളുടെ പേര്  മോഹന്‍ലാല്‍ എന്നാണ്...
1993-ലാണ് ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. ദേവാസുരം എന്നാ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച ആദ്യമായി കാണുമ്പോള്‍ മനസ്സില്‍ നിന്ന് ചിത്രവും ദശരഥവും കിരീടവും തൂവനതുംബികളും ഭരതവും ഹിസ്‌ ഹൈനെസ് അബ്ദുള്ളയും പരന്നു ഒഴുകുകയായിരുന്നു. ഒന്നും മറ്റൊന്നില്‍ തൊടാതെ വളരെ അലസമായി...
പത്ര സമ്മേളനം തുടങ്ങാന്‍ ഇനിയും മിനിട്ടുകള്‍ ബാക്കിയുണ്ട്.
മുന്‍പിലിരിക്കുന്ന ആള്‍ക്ക് അക്ഷമയുടെ യാതൊരു ലാഞ്ഛനയുമില്ല.
പിന്നെയും  കുറച്ച നിമിഷങ്ങളുടെ താമസത്തിനു  ശേഷം ചെറിയ കര ഘോഷങ്ങളുടെ അകമ്പടിയോടെ പരിപാടി തുടങ്ങി. നരസിംഹത്തിനോ ആറാം തമ്പുരാനോ  ലഭിച്ച കയ്യടിയുമായി ഒരു താരതമ്യം ഇവിടെ പ്രസക്തമല്ല.
മുന്‍പിലിരിക്കുന്ന (ഇപ്പോള്‍ നില്‍ക്കുന്ന) ആള്‍ തോളോന്നു വെട്ടിച്ചു.(ഇല്ല ഇപ്പോഴും ചെരിച്ചില്ല) പിന്നെ പറഞ്ഞു തുടങ്ങി. ചതുരംഗത്തിലെയും താണ്ടവത്തിലെയും പ്രജയിലെയും പോലെ കേള്‍ക്കാന്‍ അറക്കുന്ന വാഗ്ധോരണികള്‍ ഒന്നുമില്ല. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഒരിക്കല്‍ പറഞ്ഞു. ഒരാള്‍ മറ്റൊരാളോട് ആറും നാലും പതിനൊന്നല്ലെ എന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ മറുപടി നല്‍കിയത്രെ. "അതെയോ? പത്തെന്നും കേട്ടിട്ടുണ്ട് എന്ന്". ഇത്തരം  നയതന്ത്രജ്ഞതയുടെ ആളാണ് മോഹന്‍ലാല്‍ എന്ന്.
ഈ നയതന്ത്രജ്ഞതയുടെ ചില അടിയൊഴുക്കുകള്‍ പടര്‍ന്നു കിടക്കുന്ന സംസാരമാണ് പിന്നീട് കേട്ടത്.
ഒന്നും എവിടെയും തൊടാതെ എന്നാല്‍ എല്ലാം എവിടെയോ ബന്ധപ്പെട്ടു കിടക്കുന്ന വിസ്മയ ത്താളുകള്‍ (അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍) ആയിരുന്നു അവ.
ഞാന്‍ എന്നാ വാക്ക് വളരെ അപൂര്‍വമായേ പ്രയോഗിച്ചു കേട്ടുള്ളൂ. നമ്മള്‍ എന്നാണു കൂടുതല്‍ കേട്ടത്. പിന്നെ 'കാര്യങ്ങള്‍ ', 'വിസ്മയം ', 'പ്രണയം ' തുടങ്ങിയ വാക്കുകളുടെ  ഉണ്ടായിരുന്നു. പക്ഷെ അതൊന്നും എന്നെ അലോസരപെടുത്തിയില്ല. കാരണം എന്റെ മുന്‍പിലിരിക്കുന്ന ആളുടെ പേര് മോഹന്‍ലാല്‍ എന്നാണ്.
സംസാരിച്ചതില്‍ പകുതിയും കേട്ടില്ല. എന്റെ മുന്നില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും താള വട്ടവും പാദമുദ്രയും ഇടക്കെപ്പോഴോ കാസനോവയും നിറഞ്ഞു ആടുകയായിരുന്നു.
ഇപ്പോള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഹിസ്‌ ഹൈനെസ് അബ്ദുള്ളയിലെ 'ജഗദാനന്ദം സംഗീതം' എന്നാ പാട്ടിലെ ഭാവങ്ങള്‍ മിന്നി മറിഞ്ഞ പോലെ. ഉടന്‍ അത് ഭരതത്തിലേക്കും വനപ്രസ്തത്തിലെക്കും ഇരുവറിലെക്കും തെന്നിമറിഞ്ഞു. (അതോ എനിക്ക് തോന്നിയതാണോ).
മുന്‍പിലിരിക്കുന്ന ആളുടെ പേര് മോഹന്‍ലാല്‍ എന്നാണ്.
1993നു ശേഷം മോഹന്‍ലാലിനെ പിന്നീട് കണ്ടത് വീടിനടുത്തൊരു  കൊവിലകത്തില്‍ ഷൂട്ടിങ്ങിനു വന്നപ്പോഴാണ്.(വിഗ് ഉപയോഗിക്കാന്‍ തുടങ്ങിയതിനു തൊട്ടു മുന്പനെന്നു തോന്നുന്നു).
മോഹന്‍ലാല്‍ ഇപ്പോള്‍ വേദിയില്‍ കുറേശ്ശെ അക്ഷമനാണ്.പക്ഷെ അപ്പോഴും  'സദയ'ത്തില്‍ കൊല്ലാന്‍ കൊണ്ട് പോകുന്ന സത്യ നാഥന്റെ നിസ്സന്ഗത യാണ് വായിക്കാന്‍ ആയത്. അനായാസം ഭാവങ്ങളില്‍ നിന്ന് ഭാവങ്ങളിലേക്ക് ഇമ വേഗത്തില്‍ മാറുന്ന ഒരാളുടെ  നിസ്സന്ഗതയും ഒരു നൂറു കഥാപാത്രങ്ങളെ കൊണ്ട് വന്നു നിര്‍ത്തി.
ചടങ്ങ് തീരാറായി.
മോഹന്‍ലാലിനെ കുറിച്ച് ഒട്ടേറെ പേര്‍ മാറിമാറി പറയുന്നു. എല്ലാം നമ്മള്‍ കേട്ട് പഴകിയത്. മഹാനടന്‍, സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍, സ്വകാര്യ അഹങ്കാരം,  ഇങ്ങനെ പോകുന്നു. തന്നെ കുറിച്ച്  പറയുന്ന നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മാത്രം ആ മുഖത്ത് ഒരു ഭാവവും മിന്നി മറിഞ്ഞില്ല.ഒരു നടന് ഇങ്ങനെയും സാധിക്കും എന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ സാധിച്ചു.
ഇടയ്ക്കിടെ അടുത്ത് വന്നു ചെവിയില്‍ ഒരാള്‍ സംസാരിക്കുന്നു.അതെ, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ തന്നെ. സന്തത സഹചാരി. കിലുക്കം, ഹരികൃഷ്ണന്‍സ്, അലിഭായ് ഇങ്ങനെ കുറെ സിനിമകളില്‍ ക്യാമറക്ക് മുമ്പില്‍ (അതെ മുമ്പില്‍)  വന്നിട്ടുണ്ട്. അതെ പേരില്‍ തന്നെ.
ചടങ്ങ് അവസാനിച്ചു.
ഇനി ചോദ്യ ശരങ്ങളുടെ സമയമാണ്.  *പിശാചുക്കളുടെ  വക്കീലിനോടും 'വക്കീല്‍' അല്ലാത്തവരോടും സംസാരിച്ച് പഴകിയതിന്റെ ഒരു താളം ഉത്തരത്തില്‍ കണ്ടു. എങ്കിലും ഇടയ്ക്കിടെ ' ആറും  നാലും പത്താണോ പതിനോന്നാണോ എന്ന'  നയതന്ത്രജ്ഞതയും കേട്ടു.'ഡാ തടിയാ'യില്‍ പറയുന്ന പോലെ 'ഞാന്‍ ഇങ്ങനാണ് ഭായ് ' എന്ന് പറയാതെ പറഞ്ഞ പോലെ...
ചോദ്യശരങ്ങള്‍ കഴിഞ്ഞു. ഉത്തരങ്ങളും. മോഹന്‍ലാല്‍ പതുക്കെ എഴുന്നേറ്റു നടന്നു.തോള്‍ ചെറുതായി ചെരിച്ച്, ഇനിയും കാണാനിരിക്കുന്ന ഏതൊക്കെയോ കഥാപാത്രങ്ങളിലേക്ക് ഒരു വെള്ളച്ചാട്ടം കണക്കെ പരന്നൊഴുകി അദ്ദേഹം നീങ്ങി...
എന്‍റെ മുന്‍പില്‍ നിന്ന് നടന്നു നീങ്ങുന്ന ആളുടെ പേര്‍ മോഹന്‍ലാല്‍ എന്നാണ്...
(*- Devil's Advocate) (PS:ഒരു fictionalised "ദേജാ-വൂ...")