Tuesday, June 30, 2020

നിലാവ് കൊണ്ട് കണ്ണെഴുതിയ (മൂത്തോനിലെ) കടൽ

Spoilers ahead
മൂത്തോൻ എന്ന സിനിമ കണ്ടവർ മാത്രം വായിക്കുക.


ഒരിക്കലെങ്കിലും എനിക്ക് നിൻ്റെ പേരൊന്ന് ഉറക്കെ വിളിക്കാൻ സാധിക്കണമെന്ന് സംസാരശേഷിയില്ലാത്ത അമീർ അക്ബറിനോട് പറയുമ്പോൾ അക്ബർ ആദ്യം അവനെ തട്ടി മാറ്റുകയാണ് ചെയ്യുന്നത്. പിന്നെ നീലയും നിലാവും ഇടകലർന്ന് ഒഴുകുന്ന, അവർ എന്നും കണ്ടുമുട്ടിയിരുന്ന, അതേ കടലിൻ്റെ കരയിൽ വെച്ച് അമീർ തനിക്കൊരിക്കലും പറയാനാകില്ലെന്ന് കരുതിയ ആ പേര് അക്ബറിൻ്റെ ചെവിയിൽ പറയുന്നു. ഒറ്റക്കേൾവിയിൽ അത്യധികം വൾഗറും മോശവുമായി ചിത്രീകരിച്ചേക്കാവുന്ന ഒരു സീനാണ് മേൽപ്പറഞ്ഞത്. മൂത്തോനിലെ അമീറും അക്ബറും റോഷനും നിവിൻ പോളിയുമാണ്. എന്നാൽ അവർ ഈ ഭാഗത്തെ നമുക്ക് മുന്നിലെത്തിച്ചത് വളരെ സൂക്ഷ്മവും ആർദ്രവും ആയിട്ടാണ്. 



അമീറും അക്ബറും കണ്ടുമുട്ടുമ്പോൾ എപ്പഴും അവർക്ക് ചുറ്റും കടലുണ്ട്. ലക്ഷദ്വീപിലെ നീലക്കടൽ. നിലാവ് കൊണ്ട് കണ്ണഴുതിയ കടൽ.
കുത്തു റത്തീബ് പരിപാടിക്കിടെ ഞാൻ നിന്നെ ആദ്യമായി കണ്ടപ്പോൾ നമ്മുടെ കണ്ണുകൾ തമ്മിൽ കണ്ട് മുട്ടിയില്ലേ എന്ന് അമീർ അക്ബറിനോട് ആംഗ്യ ഭാഷയിൽ ചോദിക്കുമ്പോൾ ഒരു കുടം നിലാവ് അക്ബറിൻ്റെ കണ്ണുകളിൽ തെളിഞ്ഞു.ഇവിടാർക്കും ഞാൻ പറയുന്നത് മനസ്സിലാവുന്നില്ലെന്ന് അമീർ സന്ദേഹപ്പെടുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ടെന്ന് അക്ബർ മറുപടി പറയുന്നു. അപ്പോൾ അവർക്കുള്ളിൽ ഒരു വേലിയേറ്റം തന്നെ നടന്നിരിക്കണം.
പിന്നെ,വീട്ടിൽ നിന്ന് ഒരു പാട് അടി കിട്ടിയ അമീറിൻ്റെ മുഖത്ത് അക്ബർ തലോടുമ്പോൾ ഒരായിരം തിരമാലകളുടെ ഒരു ആഴക്കടൽ പതിയെ രൂപപ്പെട്ട് തുടങ്ങുകയായിരുന്നു.മൂത്തോനെന്നാൽ കടലുമാണ്.അമീറിൻ്റെയും അക്ബറിൻ്റെയും, നിലാവ് കൊണ്ട് പൂക്കളമിട്ട, കടൽ.

1 comment: