Tuesday, June 30, 2020

നിലാവ് കൊണ്ട് കണ്ണെഴുതിയ (മൂത്തോനിലെ) കടൽ

Spoilers ahead
മൂത്തോൻ എന്ന സിനിമ കണ്ടവർ മാത്രം വായിക്കുക.


ഒരിക്കലെങ്കിലും എനിക്ക് നിൻ്റെ പേരൊന്ന് ഉറക്കെ വിളിക്കാൻ സാധിക്കണമെന്ന് സംസാരശേഷിയില്ലാത്ത അമീർ അക്ബറിനോട് പറയുമ്പോൾ അക്ബർ ആദ്യം അവനെ തട്ടി മാറ്റുകയാണ് ചെയ്യുന്നത്. പിന്നെ നീലയും നിലാവും ഇടകലർന്ന് ഒഴുകുന്ന, അവർ എന്നും കണ്ടുമുട്ടിയിരുന്ന, അതേ കടലിൻ്റെ കരയിൽ വെച്ച് അമീർ തനിക്കൊരിക്കലും പറയാനാകില്ലെന്ന് കരുതിയ ആ പേര് അക്ബറിൻ്റെ ചെവിയിൽ പറയുന്നു. ഒറ്റക്കേൾവിയിൽ അത്യധികം വൾഗറും മോശവുമായി ചിത്രീകരിച്ചേക്കാവുന്ന ഒരു സീനാണ് മേൽപ്പറഞ്ഞത്. മൂത്തോനിലെ അമീറും അക്ബറും റോഷനും നിവിൻ പോളിയുമാണ്. എന്നാൽ അവർ ഈ ഭാഗത്തെ നമുക്ക് മുന്നിലെത്തിച്ചത് വളരെ സൂക്ഷ്മവും ആർദ്രവും ആയിട്ടാണ്. 



അമീറും അക്ബറും കണ്ടുമുട്ടുമ്പോൾ എപ്പഴും അവർക്ക് ചുറ്റും കടലുണ്ട്. ലക്ഷദ്വീപിലെ നീലക്കടൽ. നിലാവ് കൊണ്ട് കണ്ണഴുതിയ കടൽ.
കുത്തു റത്തീബ് പരിപാടിക്കിടെ ഞാൻ നിന്നെ ആദ്യമായി കണ്ടപ്പോൾ നമ്മുടെ കണ്ണുകൾ തമ്മിൽ കണ്ട് മുട്ടിയില്ലേ എന്ന് അമീർ അക്ബറിനോട് ആംഗ്യ ഭാഷയിൽ ചോദിക്കുമ്പോൾ ഒരു കുടം നിലാവ് അക്ബറിൻ്റെ കണ്ണുകളിൽ തെളിഞ്ഞു.ഇവിടാർക്കും ഞാൻ പറയുന്നത് മനസ്സിലാവുന്നില്ലെന്ന് അമീർ സന്ദേഹപ്പെടുമ്പോൾ എനിക്ക് മനസ്സിലാകുന്നുണ്ടെന്ന് അക്ബർ മറുപടി പറയുന്നു. അപ്പോൾ അവർക്കുള്ളിൽ ഒരു വേലിയേറ്റം തന്നെ നടന്നിരിക്കണം.
പിന്നെ,വീട്ടിൽ നിന്ന് ഒരു പാട് അടി കിട്ടിയ അമീറിൻ്റെ മുഖത്ത് അക്ബർ തലോടുമ്പോൾ ഒരായിരം തിരമാലകളുടെ ഒരു ആഴക്കടൽ പതിയെ രൂപപ്പെട്ട് തുടങ്ങുകയായിരുന്നു.മൂത്തോനെന്നാൽ കടലുമാണ്.അമീറിൻ്റെയും അക്ബറിൻ്റെയും, നിലാവ് കൊണ്ട് പൂക്കളമിട്ട, കടൽ.

Thursday, June 4, 2015

പകർന്നാട്ടം


എത്ര എഴുതിയിട്ടും 
എത്ര കോറി വരച്ചിട്ടും 
തെളിയാത്ത മഷിയിൽ 
ഇപ്പോഴും കുരുങ്ങി കിടക്കുന്ന ഒരു വാക്കുണ്ട്...
വഴി വിളക്കിൽ തെളിഞ്ഞ 
ഓർമ മരത്തിൽ നിന്ന് 
അതിനെ വിടർത്തിയെടുത്ത് 
പലകുറി കളഞ്ഞു നോക്കിയതുമാണ്...
എന്നിട്ടും വേരുകളിൽ പറ്റിയിരിക്കുന്ന 
പായൽ പിടിച്ച പുസ്തകത്തിൽ നിന്ന് 
വക്ക് പൊട്ടിയ അക്ഷരങ്ങളായ് 
ഇടയ്ക്കിടെ അത് എത്തി നോക്കുന്നുണ്ട്.
പിന്നെ പിന്നെ,
നീളം കുറഞ്ഞു വരുന്നൊരു വാക്യമായി 
ഇടയ്ക്കിടെ അത് മൊഴി മാറ്റം ചെയ്യപ്പെടുന്നു 
ഒടുവിൽ 
എഴുതാത്തതിനും പറയാത്തതിനും ഇടയിലെ അർദ്ധവിരാമമായ് 
കടലാസ്സിലേക്ക് ഒരു വസന്തത്തിന്റെ 
പകർന്നാട്ടം നടത്തുകയും ചെയ്യുന്നു.

( Photo: KC )

Thursday, January 15, 2015

* ആത്മാവിനെ മുട്ടി വിളിക്കുന്ന ശബ്ദം

'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന സിനിമ എനിക്കിഷ്ടപ്പെട്ട സിനിമയേയല്ല. കവി സെറീനയെ കടമെടുത്താല്‍ പുഴ പോലത്തെ മനുഷ്യരെ പോലെ അത് പലപ്പോഴും പിടി തരാത്ത കല്ലായി വഴുക്കി കൊണ്ടേയിരിക്കുന്നു. ഒരു തണുത്ത മഞ്ഞു കാലത്ത് വാതില്‍ കടന്നു വന്ന ആ വിറങ്ങലിച്ച ഫോണ്‍ ശബ്ദത്തിന്റെ ഉടമയെയും അതെഴുതിയ പലേരിയേയും പിന്നെ ദീപ മോളേയും (ഗീതു മോഹന്‍ദാസ്) കണ്ട് 29 വര്‍ഷം കഴിഞ്ഞിട്ടും 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന സിനിമയേയും ഇഷ്ടപ്പെടാന്‍ എനിക്കായിട്ടേയില്ല. സിനിമ കാണാന്‍ നീ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു എന്ന് പറയാതെ പറഞ്ഞ കുറെ പേര്‍ മൂന്ന് പതിറ്റാണ്ടിനപ്പുറം ഈ തണുത്തുറഞ്ഞ ജനവരിയിലും എനിക്ക് ചുറ്റും പല പല ശബ്ദത്തില്‍ കറങ്ങിത്തിരിയുന്നുണ്ടെന്നും തിരിച്ചറിയുന്നു.

ഒരു ഫോണ്‍ ശബ്ദത്തിന് അതുമല്ലെങ്കില്‍ ഒരു ശബ്ദത്തിന് ഒരിക്കലും പറയാനാവാത്ത നൂറു കാര്യങ്ങള്‍ പറയാനാകുമെന്ന് 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന രഘുനാഥ് പലേരി സിനിമ കാണിച്ച് തരുന്നു. അതേ സമയം അടൂരിന്റെ 'മതിലുകള്‍' പോലെ ഇനി കാണുമോ അല്ലെങ്കില്‍ കേള്‍ക്കുമോ എന്ന ഭയാശങ്ക അസ്ഥാനത്താക്കി കൊണ്ടാണ്  'ഒന്നു മുതല്‍ പൂജ്യം വരെ'യില്‍ ഒരു കറക്കുന്ന ഫോണിലേക്ക് അന്ന് വളരെ പുതുമയേറിയതും പിന്നെ ഏറ്റവും പരിചിതവുമായ ശബ്ദം കയറി വരുന്നത്. ഒഴിഞ്ഞ മനോഹരമായ ഒരു fairy tale നെ ഓര്‍മ്മപ്പെടുത്തുന്ന സ്ഥലത്തുള്ള വീട്ടില്‍ ഒറ്റക്കിരിക്കുന്ന ദീപമോളെ തേടി ഫോണിലൂടെ ആ ശബ്ദമെത്തുന്നു. പിന്നെപ്പിന്നെ അച്ഛനില്ലാത്ത ദീപ മോളുടെ ശബ്ദമായും അത് പിന്നെ ദീപ മോള്‍ടെ അമ്മ അലീനയുടെ (ആശ ജയറാം) ശബ്ദമായും മാറുന്നു. ഒടുവില്‍ ചുറ്റും കട്ടിയായുറങ്ങുന്ന മഞ്ഞിലേക്ക് ആ ശബ്ദം തണുത്ത് വിറങ്ങലിച്ച് ഇറങ്ങിപ്പോവുകയും ചെയ്യുന്നു. ദീപ മോള്‍ക്കൊപ്പം അവളുടെ അമ്മയും, അമ്മയുടെ സുഹൃത്തും (ശാരി) ക്രിസ്മസ് പപ്പ (സൈനുദ്ദീന്‍) യും ഡോക്ടര്‍ അങ്കിളും (നെടുമുടി) കറക്കുന്ന ഫോണും എല്ലാവരും അത് നിസ്സഹായരായി നോക്കി നില്‍ക്കുന്നു. ഇനിയും ഒരു പാട് മെഴുകുതിരികള്‍ നമുക്ക് ഒന്നിച്ച കത്തിക്കണമെന്ന് ആ ശബ്ദം കുഞ്ഞുകവിളില്‍ തലോടിക്കൊണ്ട് പറയുമ്പോള്‍ ഇന്ന് ലോകത്ത് പ്രതീക്ഷയെക്കുറിച്ചും പോസിറ്റിവിറ്റിയെക്കുറിച്ചും ഇത്രയധികം self-help പുസ്തകങ്ങള്‍ എന്തിനാണെന്ന് ഒരു പ്രേക്ഷകനെങ്കിലും ആലോചിച്ചു കാണുമോ?

മൂന്നോ നാലോ കഥാപാത്രങ്ങള്‍ മാത്രമുണ്ടായിട്ടും (പിന്നെ മുകേഷ്, കലാഭവന്‍ റഹ്മാന്‍, പട്ടണം റഷീദ് തുടങ്ങിയ ഗസ്റ്റ് കഥാപാത്രങ്ങളും ഒഴിച്ച് നിര്‍ത്തിയാല്‍) ജീവനില്ലാത്ത ഒരു വസ്തു (റാം ജീ റാവു സ്പീകിംഗ്‌ , മാന്നാർ മത്തായി എന്നിവയിലും ഫോണ്‍ ഒരു പ്രധാന കഥാപാത്രമാണ്) കേന്ദ്ര കഥാപാത്രമായിട്ടും വര്‍ഷങ്ങള്‍ക്കിപ്പുറവും താരാട്ട് പാടിക്കൊണ്ടിരിക്കുന്ന ഒരു 'വേണുഗോപാല്‍ signature' പാട്ട് ഉണ്ടായിട്ടും ആ സിനിമ എനിക്ക് നിസ്സംഗത മാത്രമാണ് തന്നത്. കേള്‍ക്കുന്തോറും അകലങ്ങളിലേക്ക് മറഞ്ഞു കൊണ്ടിരിക്കുന്ന സിനിമയിലെ ടെലിഫോണ്‍ ശബ്ദം പോലെ ഓരോ തവണ കാണുമ്പോഴും 'ഒന്നു മുതല്‍ പൂജ്യം വരെ' യിലെ ഓരോ അക്കങ്ങളും കുറഞ്ഞു വന്നു. ഒന്നില്‍ നിന്ന് രണ്ടിലേക്കും പിന്നെ മൂന്നിലേക്കും പിന്നെ പൂജ്യത്തിലേക്കും പൂജ്യത്തിനപ്പുറമുള്ള ഒരു സംഖ്യയിലേക്കും അത് കറങ്ങിക്കൊണ്ടേയിരുന്നു. കടല്‍ തീരത്ത് കല്യാണച്ചെക്കനായി സുരേഷ് ഗോപി നില്‍ക്കുമ്പോള്‍ ഉള്ള വീറും വാശിയും ആ കടലില്‍ തന്നെ വലിച്ചെറിയേണ്ടി വന്ന ശാരിയും എന്നാല്‍ ആരില്ലെങ്കിലും ജീവിച്ചേ മതിയാകൂ എന്ന വാശിയുള്ള ദീപ മോളുടെ അമ്മ അലീനയും രണ്ട് ധ്രുവങ്ങളിലുള്ള സുഹൃത്തുക്കളായതെങ്ങനെയെന്നും അറിയില്ല. (Opposite poles attract എന്ന് കവിവചനം)

ഇടക്കെപ്പോഴോ രഘുനാഥ് പലേരിയുടെ ഫേസ്ബുക്ക് പേജില്‍ അദ്ദേഹം തന്നെ കോറിയിട്ട വരികള്‍ മനസ്സില്‍ 'ടെലിഫോണ്‍ മണിയടിച്ചു'. ചുറ്റും തണുപ്പ് പൊതിഞ്ഞ് നില്‍ക്കുമ്പോഴും ആ കറക്കുന്ന ഫോണും അതിലെ ശബ്ദത്തെയും പിന്നെ ഇപ്പോഴും ഈ ജനവരി തണുപ്പില്‍ ചുറ്റും നിറയുന്ന മറ്റ് ശബ്ദങ്ങളെയും മുന്നില്‍ കൊണ്ടെത്തിച്ചു നിര്‍ത്തി. ദീപ മോള്‍ടെ 'ടെലിഫോണ്‍ അങ്കിള്‍' ബേക്കറിയില്‍ കൊണ്ടു വെച്ച കേക്ക് തന്നെ എങ്ങനെ കിട്ടിയെന്ന് ആലോചിച്ചപ്പോഴാണ് പലേരിയുടെ ആ വരികള്‍ വെറുടെ മനസ്സില്‍ കയറിയിറങ്ങിയത്.

വരുമെന്ന് പ്രതീക്ഷിക്കുന്നതാരെയാണോ
കാണുമെന്ന് മനസ്സ് പറയുന്ന കാഴ്ച ഏതാണോ
സ്പര്‍ശിക്കുമെന്ന് വിശ്വസിക്കുന്ന സ്പര്‍ശം ഏതാണോ
കേള്‍ക്കുമെന്ന് ഇന്ദ്രിയം ചൊല്ലുന്ന ശബ്ദം ഏതാണോ
അതിനായി ഞാന്‍ ഇപ്പോഴും കാത്തിരിക്കാറുണ്ട്.
അല്ലെങ്കില്‍ ഞാന്‍ ജീവിച്ചിരിക്കുന്നില്ല...
സ്‌നേഹിക്കുന്നുമില്ല...

ഇതൊക്കെ കൊണ്ടായിരിക്കും 'ഒന്നു മുതല്‍ പൂജ്യം വരെ' എന്ന സിനിമ എനിക്കിപ്പോഴും ഇഷ്ടമല്ലാത്തത്.
PS: 'ആരണ്യകം' സിനിമയിലെ പ്രശസ്തമായ പാട്ട്
Images: Google

Tuesday, October 14, 2014

ഇന്ത്യയെ കണ്ടെത്തൽ

നംദഫ* ഉദ്യാനത്തിൽ  നിന്ന് ഇന്ത്യ കണ്ടു തുടങ്ങാമെന്നും പറഞ്ഞു പോയതാണ്,
വഴിയിൽ വെച്ച് കണ്ടു മുട്ടിയാൽ ഒരു ചിരിയിൽ കുശലം ഒതുക്കുമെന്നും പറഞ്ഞിരുന്നതാണ്.
വേഴാമ്പൽ ഉത്സവം* കണ്ട്  വരുമ്പോൾ ഒരു പൊൻ തൂവൽ തലയിൽ ചൂടിക്കാം എന്നും പറഞ്ഞിരുന്നു.
വാക്കല്ലേ,
ഇമവേഗത്തിൽ മാറ്റി കളയാവുന്നതല്ലേ ...
ചിറാപുഞ്ചിയിലേ മഴ കാണാനാണ് പിന്നെ പോയത്.
വൈഷ്ണോദേവിയിൽ നിന്ന് കയ്യിൽ കരുതിയ മഞ്ഞ് പോലെ
അത് ഒലിച്ചിറങ്ങി.
കണ്ണിൽ നിന്ന് കടലിലേക്ക്
മഹാപ്രളയം പോലെ
മഴ...
മരപ്പെയ്ത്തും തീർന്നപ്പോൾ
ഇനി പുറകെ വരല്ലേയെന്നു കെഞ്ചി
താർ മരുഭൂമിയിലെ മണൽ തരികളെത്തി.
വിരാർ ലോക്കലിന്റെ ഇരട്ടി വേഗത്തിൽ തിരിഞ്ഞോടി.
ഊടുവഴി കടന്ന് എത്തിപെട്ടത്
മധുര മീനാക്ഷിയുടെ ഇടനാഴിക്കരികിൽ...
'ഇനിയും മുന്നോട്ട് നടക്കൂ' എന്ന് മദിപ്പിചു കൊണ്ട്
മുന്നിൽ ധനുഷ്കോടിയിലെ മുനമ്പ്.
കണ്ണടച്ച് നടന്ന് നീങ്ങിയപ്പോൾ മുന്നിൽ കണ്ടത്
രായിരനെല്ലൂർ മല.
ഓർമ്മക്കും മറവിക്കുമിടയിലെ ഏതോ ഉന്മാദത്തിരയിൽ
തെക്കേ മുനമ്പിലിരുന്നു തിരകൾ എണ്ണുമ്പോൾ ആണ്
ഓർത്തെടുത്തിട്ടും മറന്നു പോയ സ്ഥലത്ത്
ആ ഭൂപടം 
മറന്നു വെച്ച കാര്യം ഞാൻ ഓർത്തു പോയത്.

Image: Thulasi Kakkat or Thulasi on Instagram
PS: * Namdapha National Park
       * Hornbill festival

Friday, October 3, 2014

...

കണ്‍ നിറയെ കണ്ട സ്വപ്നം
കണ്ട മാത്രയിൽ കുറിച്ചിടാൻ
എനിക്ക് ഒരു പുസ്തകം വേണം.

നാല് വരിയിൽ
അക്ഷരത്തെറ്റുകളില്ലാതെ
എനിക്ക് മാത്രം വായിക്കാനാകുന്ന
ലിപിയിലെഴുതുവാൻ
നിലാവെളിച്ചത്തിന്റെ ഏടുകൾ
നിറഞ്ഞ പുസ്തകം.

വറ്റാത്ത മഷി,
അരികുകൾ വളയാത്ത വാക്ക്,
അലസമായുറങ്ങുന്ന വാക്യം.

എല്ലാം ചേർത്ത് വെച്ച് എഴുതാൻ
ഞാൻ തിരഞ്ഞ പുസ്തകം
കണ്ണില നിന്ന് ഹൃത്തിലെക്കുള്ള ഇടവഴിയിൽ വെച്ച്
ഇന്നലെ എപ്പോഴോ കണ്ടു കിട്ടി.

ഇക്കുറി വേണേൽ അത് നീയെടുത്തോ...
വരും ജന്മത്തിലെന്നെ തിരിചെൽപ്പിച്ചാൽ മതി...

(Image:Pixel anthem)

Saturday, May 3, 2014

ജാതകം



നിറഞ്ഞ ശൂന്യതയിലേക്ക് നോക്കാതെ
കണ്ണടച്ചെഴുതിയ ആദ്യത്തെ വരികൾ 
വെളുത്ത കടലാസ്സിലാകെ പരന്നു,
ഒപ്പിയെടുത്ത് പുതിയൊരു വാക്കുണ്ടാക്കാൻ 
പലകുറി നോക്കിയതാണ്.

കറുപ്പ്  നിറമായ്‌ അത് 
പുസ്തകത്തെയാകെ നിറച്ചപ്പോഴും 
അതിൽ നിന്നൊരക്ഷരം മാത്രം 
മാറ്റി എഴുതണമെന്നും നിനച്ചതാണ് .

പിന്നെ,
അതിൽ നിന്ന് ചാര നിറത്തിൽ പുതിയൊരു വാക്യമുണ്ടാക്കി 
നിന്റെ മേൽവിലാസത്തിൽ 
കയറ്റി വിട്ടതുമാണ്.

ഇനിയും എഴുതിയിട്ടില്ലാത്ത 
ആ ജാതകത്തിലെ വരികൾ 
ഇന്നലെയാണ് 
ഇരുളിനെ കുടഞ്ഞെറിഞ്ഞ്‌ 
കടും ചായങ്ങൾ എടുത്തണിഞ്ഞത് ...

(Image: Nomad)

Saturday, January 4, 2014

Visual Travelogue


തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയില്‍ എപ്പോഴോ ഒരിക്കല്‍ മീനാക്ഷി രാജയോട് ചോദിച്ചു: Where are you going for a trip next?
മീനിന്റെ കണ്ണുകളെ ഓര്‍മിപ്പിക്കുന്ന മീനാക്ഷിയെ അലസമായി നോക്കി രാജാ പറഞ്ഞു: Labangi.
മീനാക്ഷി വീണ്ടും:Alone?
രാജയുടെ മറുപടി: Unless you come with me...
ആ ഒരു നിമിഷം, ഒരു പക്ഷെ, ആ തീവണ്ടിയുടെ കോച്ചിനുള്ളില്‍ കാലം നിശ്ചലം ആയിരുന്നിരിക്കണം.അതുമല്ലെങ്കില്‍ തീവണ്ടിയുടെ  ശബ്ദം നേര്‍ത്തു പോയിരിന്നിരിക്കണം.
അപര്‍ണ സെന്‍ സംവിധാനം ചെയ്ത് രാഹുല്‍ ബോസും കൊങ്കണ സെന്നും അഭിനയിച്ച 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്  അയ്യര്‍'  എന്നാ സിനിമ ശരിക്കും ഒരു travelogue ആണ്. വടക്കേ ഇന്ത്യയിലെ പ്രകൃതി മനോഹരമായ ഒരു താഴ്വരയില്‍ നിന്ന് ഏതൊക്കെയോ വഴികളിലൂടെ അലഞ്ഞും തിരിഞ്ഞും എവിടെയോ അവസാനിക്കുന്ന ( ഒരിക്കലും അവസാനിച്ചിരുന്നില്ലെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന) ഒരു journey.
എല്ലാ മനോഹരങ്ങളായ പ്രണയകഥകളും ഉണ്ടാകുന്നത് യുദ്ധകാലത്ത് ആണെന്ന് ഓര്മ വരും ഈ സിനിമ കാണുമ്പോൾ.  (eg: waterloo bridge)ഇവിടെ യുദ്ധം അല്ലെങ്കിലും യുദ്ധ സമാനമായ അവസ്ഥ ആണുള്ളത്. അത് കൊണ്ട് തന്നെയാണെന്ന് തോന്നുന്നു അപർണ  സെൻ  സിനിമയ്ക്കു 'Love in the time of Violence' എന്ന tagline കൊടുത്തത്. പാവം മാർകേസ് !
ഒട്ടേറെ ചലച്ചിത്രോത്സവ വേദികളും അല്ലാതെയുമുള്ള പ്രദര്‍ശനങ്ങള്‍ കണ്ട ഈ ചിത്രം 2002ലാണ് ഇറങ്ങുന്നത്. മതവും  വര്‍ഗീയതയും, കൈകാര്യം ചെയ്യുന്ന മറ്റ് മസാലപ്പടങ്ങള്‍ പോലെയാകുമായിരുന്നു അപര്‍ണ സെന്നിന്റെ 'അയ്യരും.' പക്ഷെ ഇവിടെ അതുണ്ടായില്ല. കൊങ്കണയുടെ മീനാക്ഷിയും രാഹുല്‍ ബോസിന്റെ രാജയും മാത്രമല്ല ഈ സിനിമയുടെ മര്‍മ്മം.ഒരി യാത്ര ചെയ്യുന്ന പ്രതീതി നല്‍കുന്ന തരത്തിലുള്ള തിരക്കഥയാണ് ഇതിന്റെ ശക്തി. പിന്നെ അഭിനയമെന്നു തോന്നാത്ത തരം behavioural patternsഉം.

മഞ്ഞ് നിറഞ്ഞ ഒരു താഴ്വരയില്‍ നിന്ന് ഒരു അമ്മയും(ഹിന്ദു അയ്യർ സ്ത്രീ) കുട്ടിയും  ബസ്സിൽ യാത്ര തുടങ്ങുന്നു. എപ്പോഴും കരയുന്ന കുട്ടിയെ ഒന്നു പിടിക്കാമോ എന്ന മുസ്ലീമായ നായകനോട് അമ്മ ചോദിക്കുന്നിടത്താണ് ഈ സിനിമ ഗതി തിരിയുന്നതെന്ന തോന്നുന്നു. ആദ്യമാദ്യം ഉന്നതകുലജാതയെന്ന് സ്വയം ഒരു halo ഉള്ള മീനാക്ഷി രാജയുടെ പല ചെയ്തികളെയും എതിര്‍ക്കുന്നു. ജാതിയുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ലഹള മൂലം ഇവര്‍ സഞ്ചരിക്കുന്ന ബസ് വഴിയില്‍ പിടിച്ചിടുന്നു.  ജാതിയുടെ കവചം മീനാക്ഷിയ്ക്ക് ഇവിടെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.അതേ സമയം രാജ വളരെ easy  ആയി എല്ലാവരുമായി മിണ്ടുന്നതും സംസാരിക്കുന്നതും കാണുമ്പോള്‍ മീനാക്ഷിയെ പല തരത്തില്‍ ബാധിക്കുന്നു. എം. എസ്. സി വരെ പഠിക്കുകയും നേരത്തെ വിവാഹം കഴിക്കുകയും ചെയ്തതിനെത്തുടര്‍ന്ന ലോകം കാണാനാവാത്തതിന്റെ ദു:ഖവും അമര്‍ഷവും കൊങ്കണ വളരെ effortless  ആയി സ്‌ക്രീനിലെത്തിച്ചിരിക്കുന്നു.
പിന്നെ ആ പ്രദേശത്ത് ഒരു വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമ്പോള്‍ മീനാക്ഷിയുടെ മറ്റൊരു മുഖമാണ് നമ്മള്‍ കാണുന്നത്. ബസ്സില്‍ തൊട്ടടുത്ത സീറ്റിലിരുന്നിരുന്ന രാജ ആരെന്ന് സാമൂഹ്യദ്രോഹികള്‍ ചോദിക്കുമ്പോള്‍ 'Mr & Mrs Iyer' എന്ന് മീനാക്ഷിയെ പറയുന്നിടത്ത് കാര്യങ്ങളെത്തിക്കുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും സർവോപരി orthodox പശ്ചാത്തലവും ഉള്ള മീനാക്ഷി പെടന്നു ആളാകെ മാറുന്നു. രാജയെ രക്ഷപ്പെടുത്താന്‍ വേണ്ടി പറഞ്ഞ ഒരു നുണയാണെങ്കിലും ജാതിയും മതവും ഇല്ലാത്ത ഒരു ലോകമായിരുന്നെങ്കില്‍ എന്ന് ഒരു ആസ്വാദകനെങ്കിലും ചിലപ്പോള്‍ ആഗ്രഹിച്ചിരുന്നിരിക്കാം.
കാടിനുള്ളിലെ ഒരു ഗസ്റ്റ് ഹൗസിലാണ് 'അയ്യര്‍ ദമ്പതികള്‍' പിന്നെ എത്തുന്നത്. സ്വപ്‌നങ്ങളില്‍ മാത്രം ഒരു പക്ഷെ കണ്ട തരത്തിലുള്ള ഗസ്റ്റ് ഹൗസാണിതെന്ന് കാഴ്ചക്കാര്‍ക്ക് തോന്നിയെങ്കില്‍ ്അത്ഭുതമില്ല. ഒരു പക്ഷെ മീനാക്ഷിയുടെയും രാജയുടെയും രസതന്ത്രമായിരിക്കാം അങ്ങനെ തോന്നിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മനോഹരമായ സംഗീതം ഏതാണ് എന്നറിയാമോ എന്ന് രാജാ മീനാക്ഷിയോട് ചോദിക്കുമ്പോൾ അവിടെ ഇലകളിൽ മഞ്ഞുതുള്ളിയുടെ സംഗീതവുമായി തബല വാദകൻ സക്കീർ ഹുസൈന്റെ അദൃശ്യ സാന്നിധ്യം ഉണ്ടാകുന്നു.അത്രയും subtle ആയാണ് അദ്ദേഹം ഈ സിനിമക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. 

കാപ്പി കുടിക്കാന്‍ ഒരു കടയില്‍ കയറിയപ്പോള്‍ കുറെ കോളേജ് കുട്ടികള്‍ 'നിങ്ങള്‍ എവിടെയാണ് ഹണിമൂണിന് പോയതെന്ന്' കുസൃതി ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ രാജ ഇന്ത്യയിലെ വളരെ മനോഹരങ്ങളായ ചില destinationകളുടെ പേരുകള്‍ പറയുന്നു. ചിദംബരത്തിനും ലബാംഗിക്കും വയനാടിനും രാജയുടെ വാക്കുകളിലുടെ ഒരായിരം ജന്മങ്ങള്‍ക്കപ്പുറത്ത് നിന്നുള്ള കാറ്റിന്റെ മണം പരന്നൊഴുകുന്ന പോലെ.
നല്ലവനായ ഒരു പോലീസുകാരന്റെ സഹായത്തോടെ അവര്‍ ലക്ഷ്യസ്ഥാനമായ കൊല്‍ക്കത്തയിലേക്കുള്ള തീവണ്ടിയില്‍ വെച്ച് മീനാക്ഷി  അയാളോട് ചോദിച്ചു: Have you gone to Wayanad before?
രാജ പറഞ്ഞു:No. But, I've always wanted to.
മീനാക്ഷി വീണ്ടും ചോദിച്ചു: Alone?
ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു രാജയുടെ മറുപടി.
തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയില്‍ നേര്‍ത്ത ശബ്ദത്തില്‍ രാജ പറയാതെ പറഞ്ഞു: Unless you come with me.