Tuesday, December 21, 2010

കാവേരിയുടെ മടിത്തട്ടിലൂടെ...

   കാവേരി നദി അര്‍ക്കാവതിയുമായി ചേരുന്നിടത്ത് എത്തിയപ്പോള്‍ ഓര്‍മ വന്നത് ത്രിവേണി സംഗമമായിരുന്നു. ആര്‍ത്തലക്കുന്ന കാവേരി ചെറുനദിയായ അര്‍ക്കാവതിയോടു ചേരുന്നതിനെ സംഗമം എന്നല്ലാതെ എന്ത് വിളിക്കാന്‍? നഗരത്തിരക്കില്‍ നിന്ന് വെറും 90 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന സംഗമവും അവിടെ നിന്ന് നാല് കിലോമീറ്റര്‍ മാറി പാറക്കെട്ടുകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന മേകെദാട്ടുവും യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും.
     മാളുകളും ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകളും ഗതാഗതക്കുരുക്കുകളും മാത്രം കണ്ടു ശീലിച്ച ഒരു ശരാശരി നാഗരികന് ഇവ ഓര്‍ക്കാപുറത്ത് ലഭിച്ച സൌഭാഗ്യമായിരിക്കും. പാടവും പുഴയും കുളവും ഉള്ളിലുള്ള ഒരു ഗ്രാമീണനാകട്ടെ, അവ ഗൃഹാതുരതയുടെ ഒരു തുരുത്തും.
    ബാംഗ്ലൂരില്‍ നിന്ന് കനകപുര റോഡിലൂടെ സഞ്ചരിച്ചാല്‍ ലകഷ്യസ്ഥാനമായ മേകെദാട്ടിലും സംഗമത്തിലും എത്താം. നഗരത്തിരക്കു ഒഴിവാക്കിയാല്‍ മുന്നോട്ടുള്ള യാത്ര സുഖം,ആസ്വാദ്യം. വഴിയിലുടനീളം കേരളത്തിലെ പാതയോരങ്ങളെ ഓര്‍മിപ്പിക്കുന്ന പാടങ്ങളും കൊച്ചുതോട്ടങ്ങളും.
   ഗതാഗതകുരുക്ക് കണക്കാക്കി രാവിലെ നഗരത്തില്‍ നിന്ന് പുറപ്പെട്ട് പൊരിവെയിലത്ത് സംഗമത്തിലെത്തിയപ്പോള്‍ കണ്ടത് ചെറുകൂട്ടങ്ങളായും വന്‍ സംഘങ്ങളായും ആര്‍ത്തലക്കുന്ന ഒരു കൂട്ടം ആളുകളെയാണ്. ജീവിതം ആഘോഷിക്കാനുള്ളതാണ് എന്നുറപ്പിച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ചിലര്‍ പാറക്കെട്ടുകളില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടുന്നു. മറ്റു ചിലര്‍ ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന മരത്ത്തടിയിന്മേല്‍ സര്‍ക്കസ് കാട്ടുന്നു. നീന്താന്‍ ഭയമുള്ളവരാകട്ടെ, തീരത്ത് പന്തുകളിയില്‍ ഏര്‍പെട്ടിരിക്കുന്നു.
ലക്‌ഷ്യം മേകെദാട്ടും ട്രെക്കിങ്ങും ആണെങ്കില്‍ സംഗമതീരത്ത്‌ കാത്തു നില്‍ക്കുന്ന 'പറക്കും തളിക ' ബസ്സില്‍ കയറാം. നാല് കിലോമീറ്റര്‍ യാത്രക്ക് 40 രൂപ ഈടാക്കുന്ന തട്ടുപൊളിപ്പന്‍ സവാരിക്ക് ശേഷം മുന്നില്‍ ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഇരച്ച് ഒഴുകുന്ന കാവേരി നദിയാണ് കാണാനാവുക. 'മേകെദാട്ടു' എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന കാഴ്ച. കന്നഡ ഭാഷയില്‍ 'മേകെ' എന്നാല്‍ ചെമ്മരിയാട്\ ആട്. 'ദാട്ടു' എന്നാല്‍ മുറിച്ചു കടക്കുക. പണ്ട് കാലത്ത് ആട്ടിന്‍ പറ്റങ്ങള്‍ ഇത് വഴിയാണത്രേ കടന്നു പോയിരുന്നത്.  അവയ്ക്ക് കടന്നു പോവാനുള്ള അത്രയും സ്ഥലമാണ് അന്നുണ്ടായിരുന്നത്. നാനാ രൂപങ്ങളിലുള്ള പാറക്കെട്ടുകള്‍ അങ്ങിങ്ങായി മേകെദാട്ടുവില്‍ കാണാം.
     ട്രെക്കിങ്ങും സാഹസികതയും ഇഷ്ടപ്പെടുന്നവരെ 'മേകെദാട്ടു' ഇരു കയ്യും നീട്ടി സ്വീകരിക്കും.  ചുറ്റുപാടും തുറിച്ചു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്ക് മുകളിലേക്ക് സമാനമായ പാറക്കൂട്ടങ്ങളെ മറികടന്നു എത്തുമ്പോള്‍ ഒരേയൊരു കാഴ്ച മാത്രം മുന്നില്‍; പാറക്കെട്ടുകള്‍ക്കിടയിലൂടെ മദിച്ചു വരുന്ന കാവേരി. നദിയിലെ വെള്ളം ഒന്ന് തൊടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും നിരാശയായിരിക്കും ഫലം. സാഹസികതക്കിടെ കയത്തില്‍ വീണു മരിച്ച ചിലരുടെ കഥ കേള്‍ക്കുമ്പോള്‍ പലരും ആ ആഗ്രഹത്തില്‍ നിന്നു പിന്‍വലിയുന്നു. എന്നാല്‍ മോഹം തടയാനാവാത്തവര്‍ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളില്‍, പാറക്കെട്ട്  താണ്ടി, നദിയെ പുല്‍കുന്നു.
     വീണ്ടും 'പറക്കും തളിക'യില്‍ കയറി സംഗമത്തിലെത്തിയപ്പോഴേക്കും സൂര്യനസ്തമിക്കാറായത് പോലെ. പ്രകൃതിയുടെ സംഗമത്തെ വിട്ടു പിരിയാന്‍ മടിച്ച് നഗരത്തിരക്കിലേക്ക്  ചേക്കേറാന്‍ യാത്ര തിരിക്കുമ്പോള്‍ അങ്ങകലെ ഒരു പറ്റം ആടുകളും ചെമ്മരിയാടുകളും അപ്പോഴും വഴി മുറിച്ചു കടക്കുന്നുണ്ടായിരുന്നു...  

Monday, December 6, 2010

അര്‍ദ്ധവൃത്തം

കണ്ടുമുട്ടലുകള്‍ക്ക് ചാര നിറമായിരുന്നു,
അവനിഷ്ടം വെളുപ്പ്‌,
അവള്‍ക്കു കറുപ്പ്;

ചിന്തകളിലായിരുന്നു ലയനം,
അവന്‍ നിശബ്ദതയെ പ്രണയിച്ചപ്പോള്‍
അവള്‍ പറയാതെ പറഞ്ഞു കൊണ്ടിരുന്നു;

പെയ്തൊഴിഞ്ഞ സന്ധ്യയില്‍ കടവാവലുകള്‍ തലയ്ക്കു മീതെ പറന്നു,
മഞ്ഞുറഞ്ഞ പുലരിക്കരികെ അവന്‍ ഉണര്‍ന്നു,
രാത്രിയുടെ പഴന്തുണി കെട്ടുകള്‍ക്കിടെ അവളും...

Sunday, November 28, 2010

ഗൂഗിളും ദേജാവ്യൂവും പിന്നെ മണ്ണാങ്കട്ടയും...


ഞാന്‍ ആസ്വദിക്കുകയാണ്. എനിക്ക് ചുറ്റുമുള്ള ഈ നിശബ്ദത നിറഞ്ഞ ലോകം. അതിന്റെ താളം, വെളിച്ചം, സംഗീതം. പതുക്കെ പതുക്കെ ഞാന്‍ ഒറ്റപ്പെടുകയാണ്... 
ഒറ്റപ്പെടലിനും ഒരു സംഗീതമുണ്ടെന്നു ഇന്നാളൊരിക്കല്‍ കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു തള്ളുകയാണ് ചെയ്തത് . 
"ഓ! പിന്നേ... ഒറ്റപ്പെടല്‍ പോലും. ഒറ്റയാകലിന്റെ വേരുകള്‍ പൊട്ടിയൊലിക്കല്‍." ത്ഫു...
ഞാന്‍ വീണ്ടും സ്വയം സമാധാനിച്ചു. ഒറ്റപ്പെടലെന്ന സംഭവമില്ല. അതൊരു ദേജാ വ്യു മാത്രമാണ്.മോഹിപ്പിച്ചു കടന്നു പോകുന്ന സംഭവം. സംഭവം. അത്രേ ഉള്ളു.
ജാഡ കൂടുന്നത് കൊണ്ടാകുമെന്നു പിന്നെ തോന്നി. ഒറ്റപ്പെടല്‍. മണ്ണാങ്കട്ട!
ഈശ്വര വിചാരം കുറയുന്നത്  കൊണ്ടാണെന്ന് അമ്മ പറയുന്നു. "അത് കുറയുന്നില്ലല്ലോ. അത് ആത്മാവില്‍ അടിഞ്ഞിറങ്ങിയ സംഭവമല്ലേ. അതങ്ങനെ പെട്ടന്ന് കുറയുമോ " എന്ന് മറുചോദ്യം.
അമ്മ ചിരിച്ചു. "ഞാന്‍ മോഹന്‍ലാലിനു പഠിക്കുകയാണോ" എന്ന് സംശയം അമ്മയുടെ മുഖത്ത്.
അപ്പോഴും ഒറ്റപ്പെടലിനെ കുറിച്ച് അമ്മ ഒന്നും പറഞ്ഞില്ല. "അങ്ങനെയെങ്കില്‍ നമ്മളെല്ലാം ഒറ്റക്കല്ലേ" എന്ന മറുപടി പോലുമുണ്ടായില്ല. പറഞ്ഞിട്ട് കാര്യമില്ലെന്ന് വിചാരിച്ചിട്ടാവും!
എന്നിട്ടും ആ ഒറ്റപ്പെടല്‍ എവിടെയോ തിങ്ങി നിന്നു. സ്റ്റേഷന്‍ കിട്ടാത്ത സംഭവം പോലെ.
നെറ്റില്‍ തപ്പി നോക്കി.
കഷ്ടം!
ഒറ്റപ്പെടലിന്റെ കാരണമന്വേഷിക്കാനും ഇന്റര്‍നെറ്റ്‌ ( The Hindu  പത്രമാണ്‌ പറ്റിച്ചത്.  ഒരു ഞായറാഴ്ച കോളത്തില്‍ കണ്ട വാക്യത്തിനു പിന്നാലെ പോയതാ. Go and search for something in google. You will get lost in seconds. എന്നോ മറ്റോ ) തപ്പി നോക്കിയിട്ട് കാര്യമൊന്നുമുണ്ടായില്ല. സമയം മെനക്കെടുത്തിയതല്ലാതെ.
ഒരു  സിനിമ കണ്ടു നോക്കി. മഴയും മരവും പെയ്യുന്നത് കണ്ടു ഗംഭീരമാകും എന്ന് വിചാരിച്ചാണ് ആ സാഹസത്തിനു മുതിര്‍ന്നത്. പ്രശ്നം വഷളായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ. മഴപ്പെയ്ത്ത് ഭയങ്കരമായി.
ഒടുവില്‍ അതിനെ പിടിച്ചു കെട്ടാന്‍ തന്നെ തീരുമാനിച്ചു. ഇത്തരം കുറെ കാര്യങ്ങള്‍ കൊണ്ട് തള്ളാന്‍ ഒരു വെയിസ്റ്റ് ബാസ്കെറ്റ് ഉണ്ട്. അതിലിട്ടു. മഴവില്ലിന്റെ നിറമാണ് അതിന്‌. ഇടയ്ക്കു അത് മൂളും. ഹോട്ടല്‍ കാലിഫോര്‍ണിയയിലെ ഗിറ്റാര്‍ ആണ് മിക്കവാറും. ചിലപ്പോള്‍ ഓ ജാനേ ക്യോ... ചിലപ്പോള്‍ ശൂന്യം...
ഞാനും ഒപ്പം മൂളും.
ഒറ്റപ്പെടലിന്റെ താളം, സംഗീതം, വെളിച്ചം...
പതുക്കെ, പതുക്കെ, ഞാന്‍ ഒറ്റപ്പെടുകയാണ്...
(Photo courtesy: Google)

Tuesday, November 23, 2010

നന്ദനം എന്‍റെ സിനിമയാണ്

നന്ദനം രഞ്ജിത്തിന്റെ സിനിമയല്ല
ബാലാമണിയുടെ മനോമണ്ഡലത്തിന്റെ ഭ്രമകല്പനകളുമല്ല

നന്ദനം എന്‍റെ സിനിമയാണ് .

ഫേസ്ബുക്ക്‌  പ്രൊഫൈലില്‍ ഇഷ്ട ചിത്രത്തിന്‍റെ പേരില്‍
ഞാന്‍ അത് ചേര്‍ത്തില്ല
കാരണം നന്ദനം എന്‍റെ സിനിമയാണ്.

രവീന്ദ്ര സംഗീതത്തില്‍ ഉണ്ടും ഉറങ്ങിയും
നെയ് വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍
കാണുന്ന പാല്‍ പുഞ്ചിരിയും
എന്നെ ഓര്‍മിപ്പിക്കുന്നൂ
നന്ദനം എന്‍റെ  സിനിമയാണ്.


പുലര്‍ച്ചെ കാണുന്ന സ്വപ്നം ഫലിക്കുമെന്ന്
എനിക്കാരും ഉറപ്പു നല്‍കിയില്ല
നിര്‍മാല്യം തൊഴാന്‍ നാലംബലത്തിനകത്തു കയറിയ എന്നോട്
കിഴിഞ്ഞ കിങ്ങിണി ഒരു കൈ കൊണ്ടു താങ്ങി
മറു കയ്യില്‍ മുളംതണ്ടുമായി ഓടുന്ന ഒരാള്‍ പറഞ്ഞു:
"നന്ദനം കുട്ടിയുടെ സിനിമയാണ്."



(Photo courtesy: Pepita Seth)

Saturday, November 6, 2010

മരണം

നിന്‍റെ അര്‍ദ്ധ വിരാമങ്ങള്‍ അവസാനിക്കുന്നു, 
കണ്ണുനീര്‍ ചാലുകള്‍ക്ക് ഇനി വിശ്രമിക്കാം,
MP3 പ്ലെയറിന്റെ ബാസ്സിനെ മറി കടന്ന് നെല്ലി ഫുര്ടാടോയുടെ ഗാനം,
നമുക്കിടയിലെ നീല വക്കുള്ള കണ്ണാടിയില്‍ തട്ടി തെറിച്ചു,
ഒരു തുള്ളി മുഖത്ത് വിള്ളലായി,
ഒടുവിലത് എന്റെ പേനത്തുമ്പില്‍ പിടഞ്ഞു വീണു...

Sunday, October 10, 2010

ഭാവഗീതം


എന്‍റെ നിസ്സംഗതയുടെ ആവരണത്താല്‍
നിന്‍റെ വാക്കുകള്‍ നിശബ്ദരേഖകളാകുന്നു
ചിതല്‍പുറ്റ് വന്ന എന്റെ ചിന്തകളെ
ഞാന്‍ മഹാമൌനപുതപ്പിട്ട് മൂടി
വീര്‍ത്തു കെട്ടിയ ആകാശത്ത്
നിന്നൊരു തുള്ളി പിടഞ്ഞു വീണു
ഉറഞ്ഞു!
ഉരുകിയൊലിച്ചു,
കണ്ണില്‍ ഇറ കെട്ടി
നീയത് മഴവില്ലില്‍ ചാലിച്ച്
ചിത്രത്തുന്നല്‍ ഇട്ടൊരുക്കി,
ഭാവഗീതമായ് എഴുതിച്ചേര്‍ത്തു...
(... ബെസ്റ്റ് ഫ്രെണ്ടിനു ഒരു ഭാവഗീതം)

Sunday, September 12, 2010

റെയ്ന്‍കോട്ട്



സിഗരറ്റുകള്‍ പുകഞ്ഞതും,
പാന്‍ പാക്കെറ്റുകള്‍ ഒഴിഞ്ഞതും
മഴയറിഞ്ഞില്ല.
മരപ്പെയ്ത്തായിരുന്നു അപ്പോള്‍
അവളുടെ സിനിമകള്‍ പോലെ...
റെയ്ന്‍കോട്ട് പകയോടെ മഴയെ നോക്കി,
ഇമവേഗത്തില്‍ ക്യാമറ ചലിച്ചു
മഴയില്‍ നിന്ന് മരപ്പെയ്ത്തിലേക്കുള്ള ദൂരമളക്കാന്‍...

Thursday, March 18, 2010

NO PARKING!!!

ഞാന്‍ പാര്‍ക്കില്‍ പോകാറില്ല ചേച്ചി... കഴിഞ്ഞ ദിവസം ഒരിടത് പോയപ്പോള്‍ ഒരു മൂന്നാം ക്ലാസ്സുകാരി പറഞ്ഞതാണ്‌ ഇത്. ചോദിച്ചപ്പോള്‍ കുട്ടിക്ക് വല്ലാത്ത വിമ്മിഷ്ടം. കയ്യിലുള്ള പുസ്തകത്തിലേക്ക് മുഖം പൂഴ്ത്തിയെങ്കിലും ഞാന്‍ വിട്ടില്യ. വീണ്ടും ചോദിച്ചു. "ഒന്നുമില്ല ചേച്ചി... കൂടുകരോക്കെ വീടിനു മുന്‍പില്‍ തന്നെ ഉള്ളവരാണ്. അത് കൊണ്ടാണ്. -- ഒഴുക്കന്‍ ഇംഗ്ലീഷില്‍ കുട്ടി പറഞ്ഞു.
എന്തോ ഒരു അപകടം മണത്തു.
മെട്രോ നഗരത്തിലെ അത്യാവശ്യം നല്ല posh ആരെയിലാണ് കുട്ടി താമസിക്കുന്നത്. മൂന്നാം ക്ലാസ്സുകാരിയുടെ വീടിന്റെ പിന്നില്‍ തന്നെയാണ് പാര്‍ക്ക്‌. വീട്ടില്‍ നിന്ന് അമ്മയോ അച്ഛനോ വിളിച്ചാല്‍ കേള്‍ക്കാവുന്ന അത്ര അടുത്ത്.
അവധി ദിവസങ്ങളില്‍ മിക്കവാറും കുട്ടി അവിടേക്ക് പോയിരുന്നതുമാണ്. ഇപ്പോഴില്ല.
രണട് ആഴ്ച മുമ്പാണ് നിര്‍ത്തിയത്. കാരണം മറ്റൊന്നുമല്ല. എല്ലാവരും ഉദ്ദേശിക്കുന്നത് തന്നെ.
ഒരു ബൈക്ക് യാത്രികന്‍. വൈകിട്ട് കുളിച്ചു 'സവാരിക്ക്' ഇറങ്ങിയതും മുമ്പില്‍ പെട്ടത് ഈ മൂന്നാം ക്ലാസ്സുകാരി.
വയസ്സൊന്നും നമ്മുടെ 'ഇദ്ദേഹത്തിനു' പ്രശ്നം അല്ലലോ. ചേട്ടന്റെ കണ്ണിനു പെട്ടന്ന് അസുഖം വന്നു. കുട്ടിക്ക് -- മൂന്നാം ക്ലാസ്സുകാരി കുട്ടിക്ക് -- കാര്യം പിടികിട്ടി. ഒന്നും നോക്കാതെ വീടിനുള്ളിലേക്ക് തന്നെ ഓടിക്കയറി. കുറച്ചു കഴിഞ്ഞു പോകാം എന്ന് വിചാരിച്ച്.
അര മണിക്കൂര്‍ കഴിഞ്ഞപ്പോഴും കക്ഷി അവിടെ തന്നെയുണ്ട്. ബൈക്കില്‍ ചാരി.
കുട്ടി പാര്‍ക്കിലേക്ക് ഇറങ്ങി നടന്നു. നമ്മുടെ ചേട്ടനും കൂടെ. ഇത്തവണ കണ്ണിനു മാത്രമായിരുന്നില്ല അസുഖം.
പിന്നീടൊരിക്കലും ആ മൂന്നാം ക്ലാസ്സുകാരി പാര്‍ക്കില്‍ പോയിട്ടില്ല.

Saturday, March 13, 2010

ഹാനിബാള്‍ ആഡ് പോര്‍ടാസ്

തലക്കെട്ട്‌ പോലെ വലിയ സംഭവമൊന്നുമല്ല. പ്രത്യേകിച്ച് മറ്റൊരു പണിയൊന്നുമില്ലാത്ത നേരത്ത് തോന്നിയ ജീവിതത്തിന്‍റെ irony. അത്ര മാത്രം.
പ്രേരണകള്‍ ഒന്നുമില്ല. എങ്കിലും മലയാളം പഠിപ്പിച്ച ശാരദ ടീച്ചര്‍ക്ക്‌ സ്തുതി. പഠിപ്പിച്ച നാനാര്‍ത് ഥ്ങ്ങള്‍ക്കും.
വായിച്ച ഏതോ പുസ്തകത്തിലെ അവസാന വാചകങ്ങളില്‍ ഒന്നാണ് തലക്കെട്ട്‌. അതിനും ഒരു സ്തുതി ഇരിക്കട്ടെ!