ഞാന്‍ ആസ്വദിക്കുകയാണ്. എനിക്ക് ചുറ്റുമുള്ള ഈ നിശബ്ദത നിറഞ്ഞ ലോകം. അതിന്റെ താളം, വെളിച്ചം, സംഗീതം. പതുക്കെ പതുക്കെ ഞാന്‍ ഒറ്റപ്പെടുകയാണ്...
ഒറ്റപ്പെടലിനും ഒരു സംഗീതമുണ്ടെന്നു ഇന്നാളൊരിക്കല്‍ കൂട്ടുകാരില്‍ ഒരാള്‍ പറഞ്ഞപ്പോള്‍ ഞാന്‍ ചിരിച്ചു തള്ളുകയാണ് ചെയ്തത് . "ഓ! പിന്നേ... ഒറ്റപ്പെടല്‍ പോലും. ഒറ്റയാകലിന്റെ വേരുകള്‍ പൊട്ടിയൊലിക്കല്‍." ത്ഫു...
ഞാന്‍ വീണ്ടും സ്വയം സമാധാനിച്ചു. ഒറ്റപ്പെടലെന്ന സംഭവമില്ല. അതൊരു ദേജാ വ്യു മാത്രമാണ്.മോഹിപ്പിച്ചു കടന്നു പോകുന്ന സംഭവം. സംഭവം. അത്രേ ഉള്ളു.
ജാഡ കൂടുന്നത് കൊണ്ടാകുമെന്നു പിന്നെ തോന്നി. ഒറ്റപ്പെടല്‍. മണ്ണാങ്കട്ട!
ഈശ്വര വിചാരം കുറയുന്നത് കൊണ്ടാണെന്ന് അമ്മ പറയുന്നു. "അത് കുറയുന്നില്ലല്ലോ. അത് ആത്മാവില്‍ അടിഞ്ഞിറങ്ങിയ സംഭവമല്ലേ. അതങ്ങനെ പെട്ടന്ന് കുറയുമോ " എന്ന് മറുചോദ്യം.
അമ്മ ചിരിച്ചു. "ഞാന്‍ മോഹന്‍ലാലിനു പഠിക്കുകയാണോ" എന്ന് സംശയം അമ്മയുടെ മുഖത്ത്.
ഈശ്വര വിചാരം കുറയുന്നത് കൊണ്ടാണെന്ന് അമ്മ പറയുന്നു. "അത് കുറയുന്നില്ലല്ലോ. അത് ആത്മാവില്‍ അടിഞ്ഞിറങ്ങിയ സംഭവമല്ലേ. അതങ്ങനെ പെട്ടന്ന് കുറയുമോ " എന്ന് മറുചോദ്യം.
അമ്മ ചിരിച്ചു. "ഞാന്‍ മോഹന്‍ലാലിനു പഠിക്കുകയാണോ" എന്ന് സംശയം അമ്മയുടെ മുഖത്ത്.
അപ്പോഴും ഒറ്റപ്പെടലിനെ കുറിച്ച് അമ്മ ഒന്നും പറഞ്ഞില്ല. "അങ്ങനെയെങ്കില്‍ നമ്മളെല്ലാം ഒറ്റക്കല്ലേ" എന്ന മറുപടി പോലുമുണ്ടായില്ല. പറഞ്ഞിട്ട് കാര്യമില്ലെന്ന് വിചാരിച്ചിട്ടാവും!
എന്നിട്ടും ആ ഒറ്റപ്പെടല്‍ എവിടെയോ തിങ്ങി നിന്നു. സ്റ്റേഷന്‍ കിട്ടാത്ത സംഭവം പോലെ.
നെറ്റില്‍ തപ്പി നോക്കി.
കഷ്ടം!
ഒറ്റപ്പെടലിന്റെ കാരണമന്വേഷിക്കാനും ഇന്റര്‍നെറ്റ് ( The Hindu പത്രമാണ് പറ്റിച്ചത്. ഒരു ഞായറാഴ്ച കോളത്തില്‍ കണ്ട വാക്യത്തിനു പിന്നാലെ പോയതാ. Go and search for something in google. You will get lost in seconds. എന്നോ മറ്റോ ) തപ്പി നോക്കിയിട്ട് കാര്യമൊന്നുമുണ്ടായില്ല. സമയം മെനക്കെടുത്തിയതല്ലാതെ.
ഒരു സിനിമ കണ്ടു നോക്കി. മഴയും മരവും പെയ്യുന്നത് കണ്ടു ഗംഭീരമാകും എന്ന് വിചാരിച്ചാണ് ആ സാഹസത്തിനു മുതിര്‍ന്നത്. പ്രശ്നം വഷളായെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലലോ. മഴപ്പെയ്ത്ത് ഭയങ്കരമായി.
ഒടുവില്‍ അതിനെ പിടിച്ചു കെട്ടാന്‍ തന്നെ തീരുമാനിച്ചു. ഇത്തരം കുറെ കാര്യങ്ങള്‍ കൊണ്ട് തള്ളാന്‍ ഒരു വെയിസ്റ്റ് ബാസ്കെറ്റ് ഉണ്ട്. അതിലിട്ടു. മഴവില്ലിന്റെ നിറമാണ് അതിന്. ഇടയ്ക്കു അത് മൂളും. ഹോട്ടല്‍ കാലിഫോര്‍ണിയയിലെ ഗിറ്റാര്‍ ആണ് മിക്കവാറും. ചിലപ്പോള്‍ ഓ ജാനേ ക്യോ... ചിലപ്പോള്‍ ശൂന്യം...
ഞാനും ഒപ്പം മൂളും.
ഒറ്റപ്പെടലിന്റെ താളം, സംഗീതം, വെളിച്ചം...
പതുക്കെ, പതുക്കെ, ഞാന്‍ ഒറ്റപ്പെടുകയാണ്...
(Photo courtesy: Google)