Monday, April 18, 2011

നവ'യൌവനം'

എഴുപതുകളിലെത്തിയ തനിക്കു ഇരുപതുകളിലെത്തിയ നവ യൌവനം തുളുമ്പുന്ന യുവാവിന്‍റെ പ്രണയം അരങ്ങിലെത്തിക്കേണ്ടത്തിന്റെ വൈരുദ്ധ്യത്തെ കുറിച്ച് കലാമണ്ഡലം ഗോപി ഒരിക്കല്‍ പറഞ്ഞു കേട്ടിട്ടുണ്ട്. പക്ഷെ അന്‍പതായാലും എഴുപതായാലും, ഇനി തൊണ്ണൂറ ആയാലും ഗോപിയാശാന്‍ എന്ന് എല്ലാവരും വിളിക്കുന്ന കലാമണ്ഡലം ഗോപിയുടെ നളന്‍ പിന്നെ പിന്നെ ചെറുപ്പമാവുകയാനെന്നു ആസ്വാദക വൃന്ദം ഒന്നടങ്കം പറയുന്നു. പറഞ്ഞും കേട്ടും എഴുതിയും മടുത്ത ഈ വിഷയം പക്ഷെ വര്‍ഷങ്ങളായി ഓരോ കഥകളി പ്രേമിയും സ്വകാര്യമായെങ്കിലും ആസ്വദിക്കുന്നുണ്ടെന്നത് പരസ്യമായ രഹസ്യമാണ്. ഒരു പക്ഷെ അത് തന്നെയാകും കലാമണ്ടലം ഗോപി എന്ന കലാകാരന്‍റെ വിജയ രഹസ്യവും. 
      കേരളത്തിലെ ചില അരങ്ങുകള്‍ക്ക് ശേഷം മറുനാടന്‍ അരങ്ങിലേക്ക് ഗോപിയാശാന്‍ നളനായെത്തുമ്പോള്‍ ഈ പരസ്യമായ രഹസ്യത്തിന് മറ്റൊരു മാനം കൈ വരുന്നുവെന്നത് സത്യം തന്നെയാണ്. ഒരു പക്ഷെ വര്‍ഷങ്ങള്‍ക്കു ശേഷം അത് കാണാന്‍ ഒരവസരം ലഭിക്കുമ്പോള്‍ ഇത്രയും നാള്‍ എങ്ങനെ വൈകിപ്പോയി എന്നും തോന്നുന്നത് , സ്വാഭാവികം മാത്രമാകാം. 
നളചരിതം രണ്ടാം ദിവസത്തില്‍ പ്രണയ സല്ലാപമാണ് ഒന്നര മണിക്കൂര്‍ കൊണ്ട് (ഏറ്റവും ചെറിയ സമയമെന്ന് നിരൂപക ഭാഷ്യം) അദ്ദേഹം ആടിയത്. നവയൌവ്വനം തുളുംബുകയാണെന്നും  ഇനി നിന്‍റെ ലജ്ജ മാത്രമാണ് തടസമെന്നും നളന്‍ ദമയന്തിയോട് (മാര്‍ഗി വിജയകുമാര്‍) പറയുന്നു. നാണം കലര്‍ന്ന പുഞ്ചിരിയോടെ ദമയന്തി അതിനോട് പ്രതിവചിക്കുമ്പോള്‍ പക്കമേളക്കാര്‍ക്കൊപ്പം ഹാളിലെ ആസ്വാദകരും ആ സന്തോഷത്തില്‍ പങ്കു ചേരുകയാണെന്ന് തോന്നും. 
    പക്കമേളക്കാര്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്‍റെ രസതന്ത്രവും എടുത്തു പറയേണ്ടതാണ്. ഗോപിയാശാന്റെ ആയിരത്തോളം നളന്മാരെ കണ്ട കലാമണ്ഡലം ഉണ്ണികൃഷ്ണന്റെ ചെണ്ടയിലും നൈപുണ്യം ഈ അരങ്ങിലും ആവര്‍ത്തിച്ചു. കൂട്ടായി പാട്ടിനു എത്തിയതാകട്ടെ പത്തിയൂര്‍ ശങ്കരന്‍ കുട്ടിയും ബാബു നമ്പൂതിരിയും ആണ്. ഗോപിയാശാന്റെ മുദ്രകളും ചുവടുകളും അറിയുന്ന മട്ടില്‍ അവരോരോരുത്തരും ആ അപൂര്‍വ രസതന്ത്രത്തില്‍ അവരറിയാതെ പങ്കാളികളായി. 
    പതിനായിരത്തിലധികം അരങ്ങുകള്‍ കണ്ട ഗോപിയാശാന്‍റെ വേഷങ്ങളില്‍ പകുതിയിലധികവും നളന്‍ തന്നെയാണെന്ന് നിസ്സംശയം പറയാം. നിരൂപകര്‍ അദ്ദേഹത്തിന്‍റെ മനോധര്‍മവും ചുവടുകളും കണക്കു കൂട്ടി നിരത്തുമ്പോള്‍ എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹം ഭാവനയുടെ മറ്റൊരു ലോകം പുതിയതായി അരങ്ങിലെത്തിക്കും. ഇത് ഒരു പക്ഷെ 'നളന്' മാത്രം സാധിക്കുന്ന സിദ്ധിയാകാം. 6000-ത്തിലധികം നളന്റെ അരങ്ങുകള്‍ കണ്ട കലാമണ്ഡലം ഗോപി എന്ന നവയൌവനം തുളുമ്പുന്ന 'യുവാവിനുള്ള' സിദ്ധി. ഇനിയുമെത്ര അരങ്ങുകള്‍ക്ക് സാക്ഷ്യം  വഹിക്കാനിരിക്കുന്നുവെന്നു കാലം പറയട്ടെ!

PS: With few changes from the original.

3 comments:

  1. uncensored version aano? :P anyways, truly professional! :)

    ReplyDelete
  2. @sreejith1: Wouldn't say uncensored, since there is nothing controversial. ha ha ha...

    ReplyDelete