പൌലോ കൊയ് ലോയുടെ നോവല്‍ ബ്രൈഡയില്‍ ഒരു ഖണ്ഡികയുണ്ട്. അതിന്റെ ഒരു ഏകദേശ തര്‍ജ്ജമ ഇപ്രകാരമാണ്:
“മുപ്പത്തെട്ടുകാരിയായ ഞാന്‍ സന്തുഷ്ടയായി നിന്നു. ഒരാള്‍ക്ക് തന്നെ ഇഷ്ടമാണെന്ന സന്തോഷത്താല്‍. അവന് എന്നെ വിട്ടു പോവേണ്ടെന്നായിരുന്നു. പക്ഷെ പെട്ടന്നൊരു ദിവസം അവന്‍ സംസാരിക്കാതായി. അവനെന്റെ കണ്ണുകളുടെ അഗാധതയിലേക്ക് നോക്കി. പിന്നീടെപ്പോഴോ ചിരിച്ചു.പിന്നെ പടികള്‍ ഇറങ്ങിപ്പോയി.
കുറെ ദിവസം ഞാനാലോചിച്ചു ഇങ്ങനൊരാള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്ന്. ജീവിതത്തിന്റെ ഏറ്റവും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ വന്ന മാലാഖയാണവന്‍. പക്ഷെ ഒടുവില്‍ എനിക്ക മനസ്സിലായി അവന്‍ ഒരു യഥാര്‍ഥ മനുഷ്യനാണെന്ന്. മധ്യാഹ്നത്തില്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന് എന്നെ സ്നേഹിച്ചയാള്‍. ആ കുറച്ച് നേരത്തേക്കെങ്കില്‍ പോലും അവന്‍ അവന്റെ മനസ്സ് മുഴുവന്‍ എന്നോട് പങ്കു വെച്ചു. അവന്റെ സംഘര്‍ഷങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും എല്ലാം. ആ മധ്യാഹ്നത്തില്‍ മാത്രം ഞാന്‍ അവന്റെ എല്ലാമായിരുന്നു ഭാര്യ, സുഹൃത്ത്, ശ്രോതാവ്, പ്രണയിനി. എല്ലാം”.
ഇര്‍ഫാന്‍ ഖാനും നിമ്രതും അഭിനയിച്ച ‘ലഞ്ച് ബോക്സ്’ എന്ന റിതേഷ് ബത്രയുടെ സിനിമ ബ്രൈഡയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതേ അല്ല. പക്ഷെ ഈ സിനിമ കണ്ടവര്‍ക്കൊക്കെ ഇങ്ങനൊരു വിങ്ങല്‍ ഈ സിനിമ ഉണ്ടാക്കിയിട്ടുണ്ടാകും. അപര്‍ണ സെന്നിന്റെ ‘മിസ്റര്‍ & മിസിസ് അയ്യരി’നും ബ്ലെസ്സിയുടെ ‘കാഴ്ച’യ്ക്കും ശേഷം എന്തോ എവിടെയോ പിന്തുടരുന്ന ഒരു ഫീല്‍.
ആഷിഖ് അബു ആണെന്ന് തോന്നുന്നു ഭക്ഷണം ‘ഇമ്മിണി ബല്യ സംഭവം’ ആണെന്നും അത് ഫ്രെയിമിലെത്തുമ്പോള്‍ ഒന്നു കൂടി മനോഹരമാണെന്നും നമുക്ക് കാണിച്ചു തന്നത്. ‘സോള്‍ട്ട് & പെപ്പര്‍’ എന്ന സിനിമയിലെ ചില ഫ്രെയിമുകള്‍ കാണുമ്പോഴാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ ഇത്രയും രസകരമാണോ എന്നു പ്രേക്ഷകന് തോന്നുന്നത്. ഭക്ഷണം പ്രധാന കഥാപാത്രവും മറ്റുള്ളവര്‍ സഹ കഥാപാത്രങ്ങളുമാണെന്നൊരു ഫീലുണ്ട് അതിന്.
മെനു
ഡബ്ബാവാലകളുടെ ചരിത്രവും പ്രവര്‍ത്തനരീതിയും നമ്മള്‍ പല തരത്തിലും വായിക്കുകയും ചര്‍ച്ച ചെയ്യുകയും ഹ്രസ്വചിത്രങ്ങളായി കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ ലഞ്ച് ബോക്സില്‍ സാജന്‍ ഫെര്‍ണാണ്ടസിന്റെയും (ഇര്‍ഫാന്‍ ഖാന്‍) ഇളയുടെയും ( നിമ്രത് കൌര്‍) ജീവിതമാണ് ഇവര്‍ കാരണം മാറി മറിഞ്ഞത്. പാത്രങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ ഇവരുടെ ജീവിതവും മാറിപ്പോയി.
അതേ. സംഭവം തുടങ്ങുന്നത് അങ്ങനെയാണ്. സാധാരണ ഡബ്ബാവാലകള്‍ അത് എത്തേണ്ട ആളുടെ അടുത്തേ ലഞ്ച് ബോക്സ് എത്തിക്കൂ (മാനേജ്മെന്റ് ശേഷിയില്‍ പ്രശസ്തരാണ് ഡബ്ബാവാലകള്‍. ഇവരെക്കുറിച്ച് ഐ. ഐ. എമ്മുകളില്‍ വരെ പഠനം നടക്കുന്നു. വിസിറ്റിങ് പ്രൊഫസര്‍മാര്‍ വരെ ആയി ഇവര്‍ ഈ സ്ഥാപനങ്ങളില്‍ പങ്കെടുക്കുന്നു) പക്ഷെ ഇവിടെ ആ പെരുമ തെറ്റുന്നു. ഇള ഭര്‍ത്താവിന് അയക്കുന്ന പാത്രം മാറിപ്പോകുന്നു. ഒരു ബന്ധം അങ്ങനെ തുടങ്ങുന്നു
രുചിക്കൂട്ടുകള്‍
എരിവും പുളിയും ഒട്ടുമില്ലാതെയാണ് സംവിധായകന്‍ ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. കേള്‍ക്കാന്‍ അറയ്ക്കുന്ന വാക്കുകള്‍ ഒന്നു പോലും ഇതിലില്ല. സിനിമയിലെവിടെയോ ഒരിക്കല്‍ ഇര്‍ഫാന്‍ ഖാന്‍ പറയുന്നുണ്ട്. ഇന്നത്തെ ഭക്ഷണത്തില്‍ ഉപ്പ് പോരാ എന്ന്. ഒരിക്കലും കണ്ടിട്ടു പോലുമില്ലാത്ത ഒരാളോട് ഏറ്റവും ഇന്റിമേറ്റ് ആയി പെരുമാറുന്ന അത് ഇര്‍ഫാന്‍ ഖാന് പകരം മറ്റൊരാളാണ് ചെയ്തതെങ്കില്‍ അതില്‍ വള്‍ഗാരിറ്റി കയറുമായിരുന്നു.
എന്നാല്‍ ഇവിടെ അത് ഭദ്രം. മഖ്ബൂലിലും മറ്റും അഭിനയിച്ച ഇര്‍ഫാന്‍ ഖാന്‍ തന്നെയോ ഇതെന്ന തോന്നിപ്പോയി ചിലപ്പോഴൊക്കെ. വളരെ കുറച്ച് കഥാപാത്രങ്ങളേ ഈ സിനിമയിലുളളൂ. ഇളയുടെ ഭര്‍ത്താവ്, മതിലുകളിലെ ലളിതയെ പോലെ ശബ്ദം മാത്രം ഉള്ള, മുകള്‍ നിലയിലെ വീട്ടിലെ ആന്റി, ഇര്‍ഫാന്‍ ഖാന്റെ സഹപ്രവര്‍ത്തകന്‍. അങ്ങനെ കുറച്ചു പേര്‍ മാത്രം.
തീന്‍മേശ
തെറ്റായ ആള്‍ക്ക് എത്തുന്ന ലഞ്ച് ബോക്സില്‍ ചെറിയ ചെറിയ കുറിപ്പുകളെഴുതിയാണ് ഇവരുടെ പ്രേമം (അങ്ങനെ വിളിക്കാമോ എന്നറിയില്ല) തളിര്‍ക്കുന്നത്. പ്രണയിക്കാന്‍ തമ്മില്‍ കാണേണ്ട ആവശ്യമുണ്ടോ എന്ന സിനിമയുടെ ടാഗ് ലൈന്‍ ( ഇവിടെ പ്രസക്തമാകുന്നു.
ഫ്ലാറ്റില്‍ ഒറ്റപ്പെടുന്ന ഒരു സ്ത്രീ, ഭര്‍ത്താവിന് നല്ല ഭക്ഷണം ഉണ്ടാക്കാനിഷ്ടപ്പെടുന്ന സ്ത്രീ, ഭര്‍ത്താവിന് പരസത്രീ ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും കൂടെ ജീവിക്കുന്ന പുരാതന ഭാരതീയനാരീ സങ്കല്‍പം തുടങ്ങിയ ക്ലീഷേകളില്‍നിന്ന് രക്ഷപ്പെടുന്നില്ല ഇവിടെ ഇളയും. എന്നാല്‍ സ്വന്തം അച്ഛനമ്മമമാര്‍ക്ക് പണത്തിന് ആവശ്യം വരുമ്പോള്‍ അത് കൊടുക്കാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ മുഖവും ഈ സിനിമയിലുണ്ട്. ഭര്‍ത്താവിന്റെ തിരക്ക് മൂലം ആരും സംസാരിക്കാനില്ലാത്തതിന്റെ ( ശബ്ദം മാത്രമായുളള മുകളിലെ വീട്ടിലെ ആന്റി ഒഴിച്ച്) ഒരു മെട്രോ സ്ത്രീയുടെ വിമ്മിഷ്ടവം നന്നായി സ്ക്രീനിലെത്തിച്ചു. അങ്ങനെ കത്തിലൂടെ ഒരു അപരിചിതനോട് ഏറ്റവും വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പറയാന്‍ അവര്‍ തയ്യാറാവുന്നു.
ലഞ്ച് ബോക്സ് അടച്ചു വെക്കുമ്പോള്‍
പെട്ടന്നാലോചിക്കുമ്പാള്‍ ‘ഇതെന്ത് വല്യ ആനക്കാര്യം’ എന്ന് തോന്നുന്ന ഒരു ത്രെഡില്നിന്ന് രണ്ട് മണിക്കൂര് നമ്മളില് ലോകത്തോടുള്ള സ്നേഹം നിറയ്ക്കുന്ന സിനിമ ഉണ്ടാക്കിയത് തന്നെയാണ് ഇതിന്റെ വിജയം. മുംബൈ പോലുളള മെട്രോ നഗരത്തില്‍ ഇതു പോലെ ആയിരക്കണക്കിന് കഥകള്‍ ഉണ്ടായിട്ടുണ്ടാവും.
പക്ഷെ അതില്‍ ഒരു സിനിമ കണ്ടെത്തുകയും അതിന് പറ്റിയ നടീനടന്മാരെ വെക്കുകയും ചെയ്തത് ലഞ്ച് ബോക്സിനെ വ്യത്യസ്ത അനുഭവമാക്കുന്നു. എല്ലാത്തിനുമൊടുവില്‍, ഉള്ളിലൊരു വിങ്ങല്‍ അത് ബാക്കിയാക്കുന്നു.
അനുബന്ധം
സിനിമ നന്നാകണമെങ്കില്‍ ഹാപ്പി എന്‍ഡിങ് ആകണമെന്നില്ലെന്ന് ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞു. അത് നമ്മള്‍ ഉണ്ടാക്കിയെടുത്ത ശീലമാണെന്നാണ് അയാളുടെ വിലയിരുത്തല്‍. ശരിയാണെന്നു തോന്നുന്നു. സിനിമകള്‍ ഹാപ്പി എന്‍ഡിങ് അല്ലെങ്കില്‍ അതിനിയുമുണ്ടാകും. അഗര്‍ എന്‍ഡിങ് ഠീക് ഠാക് നഹീ ഹേ തോ പിക്ചര്‍ ഖതം നഹീം ഹേ ഭായ്. പിക്ചര്‍ അബീ ബാക്കി ഹേ… ( സിനിമയുടെ അവസാനം സുഖകരമല്ലെങ്കില്‍ സിനിമ അവസാനിച്ചിട്ടില്ലെന്നാണത്രെ അര്‍ഥം. സിനിമ ഇനിയും ബാക്കിയുണ്ട്)
ശേഷം സ്ക്രീനില്‍.
PS:നിമ്രതിനെ അറിയാത്തവർ ഇത് കാണുക.
ശേഷം സ്ക്രീനില്‍.
PS:നിമ്രതിനെ അറിയാത്തവർ ഇത് കാണുക.
യാമിനിയുടെ എഴുത്തും ഹൃദ്യമാണ്. നന്നായിട്ടുണ്ട്.
ReplyDeleteപ്രിയപ്പെട്ട യാമിനി,
ReplyDeleteലഞ്ച് ബോക്സ് ഞാൻ കണ്ടില്ല. കാരണം രാഷ്ട്രഭാഷയോടുള്ള, പണ്ടെന്നോ തുടങ്ങിയ, ആ അടുപ്പമില്ലായ്മ തന്നെ. ഹിന്ദി സിനിമകൾ കാണാനുള്ള അവസരങ്ങളെ പൊതുവെ മേൽപ്പറഞ്ഞ കാരണത്താൽ ഒഴിവാക്കി വിടുകയും ചെയ്യും. പക്ഷെ, മനസ്സിലായിട്ടോ ആകാതെയോ ചില ഹിന്ദി സിനിമകൾ ആവർത്തിച്ചു കണ്ട് രസിച്ചിട്ടുണ്ട്. അങ്ങനെ കണ്ട ഒടുവിലത്തെ സിനിമ ഇംഗ്ലീഷ് വിംഗ്ലീഷ് ആയിരുന്നു. സിനിമ അടിസ്ഥാനപരമായി ഭാഷാകലയല്ലെന്നും അതൊരു പ്രകടന കലയാണെന്നും ആ സിനിമയ്ക്കും മുമ്പേ തന്നെ മനസ്സിലായിരുന്നു. എങ്കിലും ഹിന്ദി നല്ല ചോറിലെ കല്ലായി കണ്ടു മാറ്റിവച്ചു. ഇംഗ്ലീഷ് വിംഗ്ലീഷ് ഒരു മനോഹര ചലച്ചിത്രമായിരുന്നു. അതു തന്ന സന്തോഷം കുറച്ചു ദിവസങ്ങൾ നീണ്ടു നിന്നിരുന്നു.
"പെട്ടന്നാലോചിക്കുമ്പാള് ‘ഇതെന്ത് വല്യ ആനക്കാര്യം’ എന്ന് തോന്നുന്ന ഒരു ത്രെഡില്നിന്ന് രണ്ട് മണിക്കൂര് നമ്മളില് ലോകത്തോടുള്ള സ്നേഹം നിറയ്ക്കുന്ന സിനിമ ഉണ്ടാക്കിയത് തന്നെയാണ് ഇതിന്റെ വിജയം." എന്ന് യാമിനി എഴുതിയത് ആ സിനിമക്കും ചേരും. അങ്ങനെ നോക്കുമ്പോൾ ലഞ്ച് ബോക്സ് ഞാൻ കണ്ടിരിക്കേണ്ട സിനിമയായി മാറിക്കഴിഞ്ഞിരിക്കുന്നു.
വിശിഷ്ടഭോജ്യങ്ങളോടുള്ള നമ്മുടെ കൊതിയെ സ്നേഹമസൃണിതമായ ഒരു പൊതി ചോറോ ഉരുളയോ സദാ തോല്പ്പിച്ചുകൊണ്ടേയിരിക്കുന്നു. രുചി കൂട്ടുന്നത് സ്നേഹമാണെന്ന തിരിച്ചറിവ് നമ്മെ കൂടുതൽ സ്നേഹിക്കാൻ ഉത്സാഹിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇങ്ങനെ സ്നേഹത്തിന്റെ രുചിയറിഞ്ഞ ചിലരാവണം സോൾട്ട് & പെപ്പറും ഉസ്താദ് ഹോട്ടലും ഇംഗ്ലീഷ് വിംഗ്ലീഷും ഒക്കെ ഹൃദ്യമായി പാകം ചെയ്തു നമുക്ക് വിളമ്പിയത്. അവയുടെ തുടർച്ചയാവാം ലഞ്ച് ബോക്സ്.
സ്കൂൾ കാലങ്ങളിൽ അമ്മ വെളുപ്പാൻകാലത്ത് എഴുന്നേറ്റ് ഉണ്ടാക്കി പൊതിഞ്ഞു തന്നിരുന്ന ചോറ്റു പാത്രത്തിലെ മുക്കാൽ പങ്ക് വറ്റും ഞാൻ സ്കൂളിലെ പൈപ്പിൻചുവട്ടിലോ മടക്കവഴിയിലെ റബ്ബർക്കാടുകളിലോ കുറ്റബോധം കൂടാതെ തൂവിക്കളഞ്ഞിരുന്നു. പിന്നീട്, കോളജിലേക്ക് മുതിർന്നപ്പോൾ പൊതിച്ചോർ ഒരു ഭാരമായി. ഭാരങ്ങൾ ചുമക്കാനിഷ്ടപ്പെടാത്ത കൗമാര-യൗവ്വനങ്ങളുടെ ഒരു സ്വാതന്ത്ര്യ പ്രഖ്യാപനം ആയിരുന്നിരിക്കാം അത്. അപ്പോൾ സ്നേഹം മറ്റുചില ചോറ്റു പാത്രങ്ങളുടെയും ഊട്ടുപുരകളുടെയും അടപ്പ് തുറന്നും അടുക്കള തുറന്നും വന്നു. പാപ്പച്ചായനും നാരായണേട്ടനും ചേർന്ന് നടത്തിയിരുന്ന കോളജ് വക ഭക്ഷണശാലയിലെ പത്തു രൂപ ഊണിനു ആദ്യമാദ്യം ഹോട്ടൽ ഭക്ഷണത്തിനപ്പുറം മാഹാത്മ്യം ഒന്നും തോന്നിയിരുന്നില്ല. പിന്നെപ്പിന്നെ അടുപ്പവും സ്നേഹവും കൂടിയപ്പോൾ പത്തു രൂപയില്ലാത്ത ദിവസങ്ങളിലും അവർ ഞങ്ങളിൽ ചിലർക്ക് ചോറു വിളമ്പി. ഭക്ഷണം സ്നേഹത്തിന്റെ മാപിനിയാവുന്ന പ്രതിഭാസം അങ്ങനെ അറിഞ്ഞു. ഇപ്പോഴും കോളജിൽ ചെന്നാൽ ഞങ്ങൾ-- ഞാനും മഹേഷ് ഏട്ടനും ഉൾപ്പെടുന്ന സംഘം-- ഭക്ഷണം കഴിച്ചോ ഇല്ലയോ എന്നൊരു ആശങ്ക നാരായണേട്ടന്റെ വിയർപ്പു പൊടിയുന്ന നെറ്റിത്തടത്തിൽ ചുളിവുകളായി കിടക്കുന്നത് കാണാം.
എം എ ക്ലാസ്സിലേക്കെത്തിയപ്പോൾ ഉച്ചയൂണിന്റെ രീതി പിന്നെയും മാറി. 16 പെണ്കുട്ടികളുടെ ചോറ്റുപാത്രങ്ങൾ അദ്ഭുതവിഭവങ്ങളുമായി എനിക്കു മുന്നിൽ തുറന്നു. അതൊരു പന്തിഭോജന കാലമായിരുന്നു. സ്നേഹം കൂടിക്കൂടി അവർ ഓരോരുത്തരും ഉരുട്ടി വായിലേക്ക് പകർന്നു തന്ന ഓരോ ഉരുളയിലും നിറയെ ഓരോ അമ്മമാരുണ്ടായിരുന്നു. ക്ലാസ്സിൽ എനിക്കൊരു പ്രണയമുണ്ടായിരുന്നു. എന്നോ ഒരു ദിവസം അവൾ എനിക്കായി പ്രത്യേകം പൊതി കൊണ്ടുവന്നു. പെണ്മക്കൾ മാത്രമുള്ള അവളുടെ അമ്മ 'അവന് ഞാനുണ്ടാക്കിയ കൂട്ടാനൊക്കെ ഇഷ്ടപ്പെട്ടോ മോളെ' എന്ന ചോദ്യം ആവർത്തിച്ചു ചോദിച്ചിരുന്നു എന്നവൾ പറഞ്ഞു. ആ അമ്മയുടെ മകളെ ഞാൻ സത്യസന്ധമായി സ്നേഹിച്ചിരുന്നു. പിന്നീട് കൂടെ കൂട്ടാനായില്ലെങ്കിലും....
ഇപ്പോൾ, നഗരത്തിലെ സാമ്പത്തിക നേട്ടം മാത്രം മനസ്സിൽ കണ്ടു നടത്തപ്പെടുന്ന (വൃത്തിഹീനമായി) ആഹാരശാലകളിൽ നിന്നുള്ള ഭക്ഷണം കഴിച്ച് പോയ കാലത്തിന്റെ രുചികളെ അയവിറക്കി പരിതാപകരമായി ജീവിച്ചുകൊണ്ടിരിക്കുന്നു. ഈ കാലത്ത് സ്നേഹം തൊടുകറിയായി ചാലിക്കുന്ന ഇത്തരം സിനിമകൾ വീണ്ടും വീണ്ടും നുണയാൻ തോന്നുന്നതിൽ എന്താണ് അദ്ഭുതം?
മറ്റ് അഭിപ്രായങ്ങൾ സിനിമ കണ്ടതിനു ശേഷം പങ്കുവെക്കാം.
സ്നേഹപൂർവ്വം
അർജുൻ
nice movie...nice review....and nice comment :)
ReplyDeleteThanks Shinod, Arjun, Mathooran
ReplyDeleteAnd Arjun, you should write quite often. :) start a blog.
ReplyDeletehe he, thnks....
Deleteഓരോ തവണയും Sajan ലഞ്ച് ബോക്സ് തുറക്കുമ്പോഴും, ഇള letter തുറക്കുമ്പോഴും കാഴ്ചക്കാരുടെ ഹൃദയമാണ് തുടിക്കുന്നത് . പ്രണയം തുളുമ്പുന്ന ഒരു മനസ്സോടെ പാകം ചെയ്ത ഭക്ഷണം പ്രണയം തുളുമ്പുന്ന മനസ്സോടെ ഒരാൾ ഭക്ഷിക്കുമ്പോൾ അതിന്റെ രുചിയെന്താവും എന്ന് ദി ലഞ്ച് ബോക്സ് നമ്മളെ ഓർ മ്മിപ്പിക്കുന്നു. നിനച്ചിരിക്കാതെ നേരത്ത് പെട്ടന്ന് സിനിമ അങ്ങ് തീർന്നു പോകുകയും ചെയ്തു...
ReplyDeleteസസ്നേഹം ...
Athe aashik. valre kurach vakkukalil aa cinemaye varnichath nannayind. :)
ReplyDeletecinema kaanunna sheelam evite vecho, engineyo kai vittu poyi. pinne, rashtra bhasha enikku GREEK aanu. athinal no comment.
ReplyDelete