Tuesday, March 22, 2011

ഒരു ഗ്രാമം പ്രാര്‍ഥിക്കുന്നു, ജനിമൃതിക്ക് വേണ്ടി...

ഓര്‍മ ശരിയാണെങ്കില്‍ ജനിമൃതിയുടെ കല്യാണം കഴിഞ്ഞിട്ട് നാലോ അഞ്ചോ മാസങ്ങള്‍ കഴിഞ്ഞിട്ടുണ്ടാകും. ഒരു ഗ്രാമത്തിന്‍റെ മുഴുവന്‍ പ്രാര്‍ത്ഥന ഏറ്റു വാങ്ങി അവള്‍ (എഴുതുന്നതിലെ എളുപ്പം കൊണ്ട് മാത്രമാണീ പ്രയോഗം) വിവാഹിതയായി. വെറും 18 ഓ 19 ഓ വയസ്സില്‍. വേറെ നിവൃത്തി ഇല്ലെന്നു തന്നെയേ കേള്‍ക്കുന്നവര്‍ക്ക് പറയാനാകൂ. ശരിയാണ്. ചില കാര്യങ്ങള്‍ explain ചെയ്യാന്‍  പറ്റില്ല.
എന്‍റെ യു പി സ്കൂള്‍ കാലത്താണ് ജനിമൃതി ജനിച്ചത് എന്ന് തോന്നുന്നു.
അത് കൊണ്ട് തന്നെ പ്രായത്തില്‍ നല്ല അന്തരമുണ്ട്.  
അടുത്ത് തന്നെയാണ് ജനിമൃതിയുടെ താമസം.സകുടുംബം എന്ന് പറയാം.
വീട്ടില്‍ കളിക്കാനും മറ്റും ജനിമൃതി വന്നിരുന്നു. സ്കൂളില്‍ പഠിക്കുമ്പോഴും ഇടക്കൊക്കെ വരും. 
പിന്നെ പിന്നെ വരാതായി. വീട് കുറച്ച് അപ്പുറത്തേക്ക് മാറി. 
വീട്ടില്‍ നിന്നു മെയിന്‍ റോഡിലേക്കുള്ള വഴിയില്‍ തന്നെ ആയിരുന്നു അത്.  എന്നാലും ഇടക്കൊക്കെ അത് വഴി കടന്നു പോയിരുന്നു. അമ്മമ്മയുടെ വീടിലേക്ക്‌ വീടിന്‍റെ മുന്നിലൂടെ  short cut ഉണ്ട്. 
എന്തൊക്കെയുണ്ട് ചേച്ചി എന്ന ചോദിക്കാന്‍ മറക്കാറില്ല.
അമ്മയും അച്ഛനും സഹോദരനുമൊപ്പമാണ് താമസിച്ചിരുന്നത്. അച്ഛന് കേന്ദ്ര സര്‍ക്കാര്‍  ജോലി ഉണ്ടായിരുന്നു. ആദ്യമൊക്കെ ജോലിക്ക് പോയിരുന്നു. പിന്നെ പിന്നെ പോവതായി. കാരണം ഒന്നുമില്ല. പോവില്ല. അത്ര തന്നെ.
ജനിമൃതിയുടെ അമ്മയുടെ കല്യാണവും ഇതേ പോലെയായിരുന്നു. വലിയ ജോലിക്കാരനെന്നു പേര് കൊണ്ടാണ് ആ കല്യാണം കഴിഞ്ഞത്. അയാള്‍ ആദ്യമൊക്കെ ജോലിക്ക് പോയിരുന്നു. പിന്നെ പിന്നെ പോവാതായി. അമ്മ കുറച്ച് കാലം അങ്കന വാടിയിലോ  മറ്റോ പോയിരുന്നു.
ഒരു ദിവസം അവര്‍ ആത്മഹത്യ ചെയ്തു.
ഞാനില്ല ഒന്നിനും എന്ന് പറഞ്ഞ്.
അച്ഛന്‍ തിരിച്ചെത്തി  ആശ്വസിപ്പിച്ചു, പ്രശ്നങ്ങളൊക്കെ തീര്‍ന്നു -- ചില സിനിമകളില്‍  സംഭവിക്കുന്ന പോലെ ഇതൊന്നും ഉണ്ടായില്ല.  കാര്യങ്ങളൊന്നും  മാറി മറിഞ്ഞില്ല.
ഒന്നൊഴിച്ച്.
ജനിമൃതി വീണ്ടും എന്‍റെ വീടിനടുത്തേക്ക് എത്തി എന്നൊഴിച്ചാല്‍.
സ്കൂളിലേക്കും മറ്റും പോകുമ്പോള്‍ വീണ്ടും കാണാന്‍ തുടങ്ങി.
അമ്മമ്മയുടെയും അമ്മാവന്റെയും കൂടെ ആയിരുന്നു താമസം. ഇതിനിടയില്‍ ജനിമൃതിയുടെ അമ്മമ്മ മരിച്ചു. 
അമ്മാവന്‍ ആയിരുന്നു പിന്നീടെല്ലാ കാര്യങ്ങളും നോക്കിയത്.  അമ്മാവനും രണ്ടു കുട്ടികളുണ്ട്. ഇതിനിടയിലും പ്ലസ്‌ ടു വരെ പഠിപ്പിച്ചു. (അമ്മായി ഇടയ്ക്കിടെ ഉപദ്രവിക്കുമായിരുന്നു എന്നും, പട്ടിണിക്കിടുമായിരുന്നു  എന്നും അമ്മ പിന്നീടൊരിക്കല്‍ പറഞ്ഞിരുന്നു) എന്നിട്ടും ജനിമൃതി അവരെ ഇഷ്ടപ്പെട്ടുവത്രേ. അമ്മാവന്റെ മക്കളെ ജീവനായിരുന്നു. 
പ്ലസ്‌ ടു പഠനം കഴിഞ്ഞു വലിയ താമസമില്ലാതെ  വിവാഹാലോചനകള്‍ വന്നു.  ബോംബെയില്‍ സ്ഥിര താമസമാക്കിയ ഒരാളാണ് വിവാഹം കഴിച്ചത്. അമ്മാവന്‍ തന്നെ മുന്‍ കൈയെടുത്ത് നടത്തി.  ഗ്രാമത്തിലെ ഓരോരുത്തരും സ്വന്തം കുട്ടിയുടെ വിവാഹമെന്ന മട്ടില്‍ അതില്‍ പങ്കെടുത്തു.  അവര്‍ക്കാവുന്ന തരത്തില്‍ ജനിമൃതിക്ക് നന്മ ആശംസിച്ചും, സമ്മാനങ്ങള്‍ നല്‍കിയും സന്തോഷത്തില്‍ പങ്കു ചേര്‍ന്നും...
ആരുമില്ലെന്ന് ജനിമൃതിക്ക് ഒരിക്കലും തോന്നിയിരുന്നില്ല. തോന്നാന്‍ ഞങ്ങള്‍ ആരും സമ്മതിച്ചിരുന്നില്ല. 
ജനിമൃതിക്ക് ഇനിയും പഠിക്കണമായിരുന്നുവോ 
എന്ന് എനിക്കറിയില്ല. അച്ഛനില്‍ നിന്നും സഹോദരനില്‍ നിന്നും വ്യത്യസ്തയായി, സ്വയം ജോലി ചെയ്യണമെന്ന ആഗ്രഹം ഉണ്ടായിരുന്നോ എന്നും അറിയില്ല. (ഉണ്ടാവും. ഉണ്ടാവാതെ തരമില്ല) 
പക്ഷെ ജനിമൃതി ഒരിക്കലും ഒറ്റക്കായിരുന്നില്ല. 
ഒരു ഗ്രാമം മുഴുവന്‍ പ്രാര്‍ഥിക്കുകയാണ്  ജനിമൃതിക്ക് വേണ്ടി...
ഇന്നും, എപ്പോഴും...

അനുബന്ധം: ജനിമൃതി ഇപ്പോള്‍ ബോംബെയില്‍ ഉണ്ട്. പഠിക്കുന്നു. അവള്‍ക്കിഷ്ടപെട്ട കോഴ്സ്. അതിനു ശേഷം ജോലിക്ക് നോക്കുമെന്നും പറഞ്ഞു. 

Monday, February 28, 2011

കുനാല്‍ ബസുവില്‍ നിന്നു അപര്‍ണ സെന്നിലെക്കുള്ള ദൂരം (മറിച്ചും? )



കഥയുടെ പേരും Japanese Wife. സിനിമയുടെ പേരും Japanese Wife. കുനാല്‍ ബസുവില്‍ നിന്ന് അപര്‍ണ സെന്നിലെക്കുള്ള ദൂരം കണക്കാക്കാനുള്ള ഒരു വഴി മാതല (Matla) നദിയെ അളക്കലാണ്. കേരളത്തിനു ഭാരതപ്പുഴ, പഞ്ജാബിന് സിന്ധു, ഉത്തര പ്രദേശിന്‌ യമുനാ, എന്നത് പോലെയാണ് ബംഗാളിന് മാതല. 
കുനാല്‍ ബസുവിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ Snehomoy എന്ന സ്കൂള്‍ മാഷ്‌ തന്‍റെ ദുഃഖം പറയുന്നത് മാതല നദിയോടാണ്. "As always he brought his woes to the river and the river inturn consoled him like a mother." 
അപര്‍ണ സെന്‍ തന്‍റെ ഫ്രെയിമില്‍ മാതല നദിയെ വരച്ചു കാട്ടി.
കട്ടികണ്ണടയും ജുബ്ബയുമിട്ട സ്നേഹമയ്(രാഹുല്‍ ബോസ്) എന്ന സ്കൂളധ്യാപകന്‍ മാതള നദിക്കരയിലിരിപ്പാണ്. ഇങ്ങനെ ഒരു ഇരിപ്പില്‍ തന്നെയാണെന്ന് തോന്നുന്നു ജപ്പാനില്‍ നിന്നു മിയാഗേയുടെ കത്ത് ആദ്യമായി കിട്ടുന്നതും പിന്നീടത് പ്രണയമായി മാറുന്നതും. 
ഒരിക്കലും കാണാതെയും നേരിട്ട് കണ്ടു സംസാരിക്കതെയുമുള്ള പ്രണയം സിനിമയില്‍ ഇതാദ്യമൊന്നുമല്ല. പക്ഷെ കാതല്‍ കോട്ട പോലെ ഒട്ടും ഫാസ്റ്റ് അല്ല അപര്‍ണ സെന്നിന്റെ സിനിമ. 
പക്ഷെ കഥയുടെ construction-ല്‍ ബസുവിന്‍റെ genius അവിടവിടെ ഒളിഞ്ഞിരിപ്പുണ്ട്. മിയാഗേയുടെ അവതരണത്തിലും അവര്‍ കൃത്യസമയത്ത് ആ പ്രണയം സ്നേഹമയ് യോട് പറയുന്നതും എല്ലാത്തിലും ആ ക്രാഫ്റ്റ് ഉണ്ട്. 
സിനിമയിലേക്ക് pan ചെയ്യുമ്പോള്‍ മികച്ചു നില്‍ക്കുന്നത് മറ്റു ചില element-കളാണ്. ഒരു പക്ഷെ മിയാഗെ, സ്നേഹമയ് എന്നിവര്‍ക്കൊപ്പം മാതല നദിയും പ്രധാന കഥാപാത്രമാകുന്നു. മാതലയുടെ ഒഴുക്കിനൊപ്പം പ്രണയവും (കുമാരനാശാനെ കടമെടുത്ത് പറഞ്ഞാല്‍ മാംസ നിബദ്ധമല്ലാത്ത രാഗം) മുന്നോട്ട് പോകുന്നു. 
ജപ്പാനില്‍  നിന്നു മിയാഗേയുടെ നിരവധി സമ്മാനങ്ങള്‍ സ്നേഹമയ്ക്ക് ലഭിക്കുന്നു. സഹോദരപുത്രഭാര്യയില്‍ (ഉവ്വ്,  തമ്മില്‍ ഒരിക്കലും കാണാത്ത അവര്‍ വിവാഹവും കഴിക്കുന്നു)  നിന്നു ലഭിക്കുന്ന സമ്മാനങ്ങളെ  സ്നേഹമയ് യുടെ ഒപ്പം താമസിക്കുന്ന ചെറിയമ്മ (മൌഷ്മി ചാറ്റര്‍ജി) ആസ്വദിക്കുന്നുമുണ്ട് .
ചെറിയമ്മയുടെ കൂട്ടുകാരിയുടെ വിധവയായ മകള്‍ (റെയ്മ സെന്‍) വീട്ടില്‍ താമസിക്കുന്നതൊന്നും സ്നേഹമയ് യെ ബാധിക്കുന്നേയില്ല. 
സ്നേഹമയ് യുടെ കത്തിനനുസരിച്ച് മറുപടി എഴുതാനുള്ള മിയഗേയുടെ കഴിവ് കുനാല്‍ ബസുവിനെ ഇന്‍ഡോ- ഇംഗ്ലീഷ് എഴുത്തുകാര്‍ എന്ന genre- യില്‍ വേറിട്ട്‌ നിര്‍ത്തുന്നു. ഒന്നോ രണ്ടോ ഖണ്ഡികയില്‍ ഇതെങ്ങനെ സാധിക്കുന്നുവെന്നു തോന്നിപ്പോകും! 
പിന്നെ  practicality, real world pressures (പണമില്ല, പോകാനുള്ള വഴികള്‍ അടയുന്നു) തുടങ്ങിയ കാര്യങ്ങള്‍ ആലോചിച്ച് സ്നേഹമയ് യുടെ ജപ്പാന്‍ യാത്രയും രോഗ ബാധിതയാകുന്ന മിയാഗേയുടെ ഇന്ത്യന്‍ യാത്രയും നടക്കുന്നില്ല. (Fast യുവത്വത്തിനു ഇതൊന്നും ഇഷ്ടപ്പെടില്ല എന്നുറപ്പ്) 
എല്ലാത്തിനുമൊടുവില്‍ തൂവെള്ള വസ്ത്രം ധരിച്ചു മിയാഗെ എത്തുമ്പോള്‍ കാത്തിരിക്കാന്‍ മാതല മാത്രം. 
"As always (s)he brought his (her) woes to the river and the river inturn consoled him (her) like a mother." 

Sunday, February 13, 2011

Lust for Life -- ലസ്റ്റ് ഫോര്‍ ലൈഫ്

കണ്ണാടിക്കു വീണ്ടുമൊരു മോഹം;
തട്ടിത്തകര്‍ന്ന വെള്ളി വെളിച്ചത്തെ
മഴവില്ലുമായി ഇഴ ചേര്‍ക്കാന്‍,
പൂ വിരിയുന്ന ശബ്ദത്തെ
നിന്‍റെ സ്വരമായി അളന്നെടുക്കാന്‍,
നരച്ച കാഴ്ചയില്‍ തിളങ്ങിയ കണ്ണുകളെ
പെയ്തൊഴിഞ്ഞ ആകാശമായി കണ്ടു നില്‍ക്കാന്‍,
മറന്ന പാട്ടുകളെ
കേള്‍ക്കാത്ത സംഗീതമായി മാറ്റിയെഴുതാന്‍,
ഒടുവില്‍,
വാക്കുകള്‍ തകര്‍ത്തെറിഞ്ഞു
ജീവിതത്തെ കാമിക്കുവാന്‍
കണ്ണാടിക്കൊരു മോഹം ...
... ഒടുവിലൊരു മോഹം.

Monday, January 24, 2011

Traffic -- ട്രാഫിക്‌


ബട്ടര്‍ഫ്ലൈ  ഇഫെക്റ്റ്  (Butterfly Effect) എന്നൊരു സംജ്ഞ യുണ്ട് ചാവോസ് (Chaos) തിയറിയില്‍. അതായത് ഈ ലോകത്തെ ഓരോ ചെറിയ ചലനങ്ങളും ഈ ലോകത്തിലെ തന്നെ മറ്റു ഭീമന്‍ വസ്തുക്കളുടെ ചലനങ്ങളെ ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ ബാധിക്കുമത്രേ. അത് പോലെ ലോകത്തില്‍ ഒരാള്‍ മറ്റൊരാളില്‍ നിന്നു വെറും ആറടി ദൂരത്തിലാണത്രെ സ്ഥിതി ചെയ്യുന്നത്. സിക്സ് ഡിഗ്രീസ് ഓഫ് സെപരെഷന്‍ (Six Degrees of Separation) എന്ന ഈ മനശാസ്ത്ര സംജ്ഞപ്രകാരം എല്ലാവരും എല്ലാവരാലും എങ്ങനെയോ ബന്ധപ്പെട്ടിരിക്കുന്നു. രാജേഷ്‌ പിള്ള സംവിധാനം ചെയ്ത് കഴിഞ്ഞ ആഴ്ച ഇറങ്ങിയ  ട്രാഫിക്‌ എന്ന സിനിമ അടിസ്ഥാനമാകിയിരിക്കുന്നതും ഇവ ആസ്പദമാക്കിയാണെന്ന്  പറയാം.
ഒരു ട്രാഫിക്‌ ഐലന്‍ഡില്‍ തുടങ്ങുന്ന സിനിമയുടെ ഗതി-വിഗതിയില്‍ ഒരിക്കലും കണ്ടു മുട്ടാത്ത (കണ്ടു മുട്ടാനിടയില്ലാത്ത്ത) നിരവധി പേര്‍ കണ്ടു മുട്ടുന്നു. ഒരാളുടെ ജീവിതത്തില്‍ മറ്റൊരാള്‍ പ്രധാന പങ്കു വഹിക്കുന്നു. ട്രാഫിക്‌ ഐലന്‍ഡില്‍ ഒരാള്‍ക്ക്‌ സംഭവിച്ച പിഴവ് (നന്മ) മറ്റൊരാളെ ബാധിക്കുന്നു.
ഫേസ് ബുക്ക്‌, ഓര്‍ക്കുട്ട് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ്‌ സൈറ്റുകളുടെ പ്രവര്‍ത്തനം തന്നെയാണ് ഇവക്കും. സുഹൃത്തുക്കളുടെ സുഹൃത്തുക്കളും ആയി നമ്മള്‍ ബന്ധം സ്ഥാപിച്ച് അതൊരു മനുഷ്യ ചങ്ങല ആകുന്നു. അവ എങ്ങനെയോ നമ്മളെ ബാധിക്കുന്നതിന്റെ ഭിന്ന രൂപം  പോലെയാണിത്.
സിനിമയുടെ ട്രീറ്റ്മെന്റ്  തന്നെയാണ് പ്ലസ്‌ പോയിന്റ്‌. മണി രത്നം (ആയുധ എഴുത്ത് , യുവ), ലാല്‍ ജോസ് (ക്ലാസ്സ്‌ മേറ്റ്സ് -- ഒരു പരിധി വരെ) എന്നിവര്‍ പരീക്ഷിച്ച തരത്തിലുള്ള സിനിമ ആഖ്യാനമാണിതില്‍. എന്നാല്‍  മലയാളത്തില്‍ ഇത്തരത്തില്‍ ഇതാദ്യമാണെന്ന് തോന്നുന്നു.
എന്‍റെ വീട് അപ്പൂന്റെം, നോട്ട് ബുക്ക്‌ തുടങ്ങിയ സിനിമകളുടെ തിരക്കഥ എഴുതിയ ബോബി-സഞ്ജയ്‌ ടീമാണ് ട്രാഫിക്‌ എഴുതിയിരിക്കുന്നത്. തിരക്കഥയുടെ crispiness ആണ് ഇതിന്റെ ആധാര ശില.
സിനിമയെക്കുറിച്ച് നിരവധി ചര്‍ച്ചകള്‍ സൈബര്‍ ലോകത്തും അല്ലാതെയും നടക്കുന്നുണ്ട്. ജാതി മുതല്‍ സദാചാരം വരെ നീളുന്ന ആരോഗ്യപരവും അനരോഗ്യപരവുമായ ചര്‍ച്ചകള്‍. 'എന്തിനീ കഥാപാത്രം' എന്ന് തോന്നുന്നിടത്ത്‌ ആ കഥാപാത്രത്തിന് പ്രത്യേക മാനം കൈ വരുകയും അയാള്‍ തിരക്കഥയുമായി പലപ്പോഴും ഇഴുകിച്ചേരുകയും ചെയ്യുന്നുണ്ട്.  ജാതിപരമായ വ്യാഖ്യാനങ്ങള്‍ തിരക്കഥയുടെ ചിലയിടങ്ങളിലെങ്കിലും വന്നു പെട്ടതിനെ ഇവിടെ മറക്കാന്‍ ശ്രമിക്കുന്നു. പക്ഷെ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ അപാകത പോലും ട്രീറ്റ് മെന്റിലെ വ്യതസ്തത  മൂലം കാണുന്നവര്‍ മറക്കാനിടയുണ്ട്.
എന്തായാലും Happy viewing! (കാണാന്‍ പോകുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ) 

Sunday, January 23, 2011

എന്‍റെ ഭ്രമാത്മക സ്വപ്നങ്ങള്‍ക്ക് 
നിന്‍റെ നിറങ്ങള്‍ പകര്‍ന്നാടിയ 
മഴവില്ലാകട്ടെ കാവല്‍,
എന്‍റെ അവ്യക്ത ചിന്തകള്‍ക്ക് 
രാത്രിമഴയില്‍ ഒഴുകിയിറങ്ങിയ 
നക്ഷത്രമാകട്ടെ കൂട്ട്,
എഴുതി മടുത്ത നരച്ച വാക്കുകള്‍ക്ക് 
പേനത്തുമ്പില്‍ കെട്ടടങ്ങിയ 
അഗ്നി, വെളിച്ചമായ്
പരന്ന്, പടര്‍ന്ന്‌, തെളിഞ്ഞ നിലാവില്‍ 
ഒടുവില്‍,
അനശ്വരത മാത്രം ബാക്കിയായ്...


(Photo courtesy: Google)

Tuesday, December 21, 2010

കാവേരിയുടെ മടിത്തട്ടിലൂടെ...

   കാവേരി നദി അര്‍ക്കാവതിയുമായി ചേരുന്നിടത്ത് എത്തിയപ്പോള്‍ ഓര്‍മ വന്നത് ത്രിവേണി സംഗമമായിരുന്നു. ആര്‍ത്തലക്കുന്ന കാവേരി ചെറുനദിയായ അര്‍ക്കാവതിയോടു ചേരുന്നതിനെ സംഗമം എന്നല്ലാതെ എന്ത് വിളിക്കാന്‍? നഗരത്തിരക്കില്‍ നിന്ന് വെറും 90 കിലോമീറ്റര്‍ മാത്രം ദൂരെ സ്ഥിതി ചെയ്യുന്ന സംഗമവും അവിടെ നിന്ന് നാല് കിലോമീറ്റര്‍ മാറി പാറക്കെട്ടുകള്‍ക്കിടയിലൂടെ പതഞ്ഞൊഴുകുന്ന മേകെദാട്ടുവും യാത്രകളെ സ്നേഹിക്കുന്നവര്‍ക്ക് ഒരു പുത്തന്‍ അനുഭവമാകും.
     മാളുകളും ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകളും ഗതാഗതക്കുരുക്കുകളും മാത്രം കണ്ടു ശീലിച്ച ഒരു ശരാശരി നാഗരികന് ഇവ ഓര്‍ക്കാപുറത്ത് ലഭിച്ച സൌഭാഗ്യമായിരിക്കും. പാടവും പുഴയും കുളവും ഉള്ളിലുള്ള ഒരു ഗ്രാമീണനാകട്ടെ, അവ ഗൃഹാതുരതയുടെ ഒരു തുരുത്തും.
    ബാംഗ്ലൂരില്‍ നിന്ന് കനകപുര റോഡിലൂടെ സഞ്ചരിച്ചാല്‍ ലകഷ്യസ്ഥാനമായ മേകെദാട്ടിലും സംഗമത്തിലും എത്താം. നഗരത്തിരക്കു ഒഴിവാക്കിയാല്‍ മുന്നോട്ടുള്ള യാത്ര സുഖം,ആസ്വാദ്യം. വഴിയിലുടനീളം കേരളത്തിലെ പാതയോരങ്ങളെ ഓര്‍മിപ്പിക്കുന്ന പാടങ്ങളും കൊച്ചുതോട്ടങ്ങളും.
   ഗതാഗതകുരുക്ക് കണക്കാക്കി രാവിലെ നഗരത്തില്‍ നിന്ന് പുറപ്പെട്ട് പൊരിവെയിലത്ത് സംഗമത്തിലെത്തിയപ്പോള്‍ കണ്ടത് ചെറുകൂട്ടങ്ങളായും വന്‍ സംഘങ്ങളായും ആര്‍ത്തലക്കുന്ന ഒരു കൂട്ടം ആളുകളെയാണ്. ജീവിതം ആഘോഷിക്കാനുള്ളതാണ് എന്നുറപ്പിച്ച് ജീവിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ചിലര്‍ പാറക്കെട്ടുകളില്‍ നിന്ന് വെള്ളത്തിലേക്ക് എടുത്തു ചാടുന്നു. മറ്റു ചിലര്‍ ജലാശയത്തില്‍ പൊങ്ങിക്കിടക്കുന്ന മരത്ത്തടിയിന്മേല്‍ സര്‍ക്കസ് കാട്ടുന്നു. നീന്താന്‍ ഭയമുള്ളവരാകട്ടെ, തീരത്ത് പന്തുകളിയില്‍ ഏര്‍പെട്ടിരിക്കുന്നു.
ലക്‌ഷ്യം മേകെദാട്ടും ട്രെക്കിങ്ങും ആണെങ്കില്‍ സംഗമതീരത്ത്‌ കാത്തു നില്‍ക്കുന്ന 'പറക്കും തളിക ' ബസ്സില്‍ കയറാം. നാല് കിലോമീറ്റര്‍ യാത്രക്ക് 40 രൂപ ഈടാക്കുന്ന തട്ടുപൊളിപ്പന്‍ സവാരിക്ക് ശേഷം മുന്നില്‍ ഇടുങ്ങിയ പാറക്കെട്ടുകള്‍ക്കിടയിലൂടെ ഇരച്ച് ഒഴുകുന്ന കാവേരി നദിയാണ് കാണാനാവുക. 'മേകെദാട്ടു' എന്ന പേരിനെ അന്വര്‍ത്ഥമാക്കുന്ന കാഴ്ച. കന്നഡ ഭാഷയില്‍ 'മേകെ' എന്നാല്‍ ചെമ്മരിയാട്\ ആട്. 'ദാട്ടു' എന്നാല്‍ മുറിച്ചു കടക്കുക. പണ്ട് കാലത്ത് ആട്ടിന്‍ പറ്റങ്ങള്‍ ഇത് വഴിയാണത്രേ കടന്നു പോയിരുന്നത്.  അവയ്ക്ക് കടന്നു പോവാനുള്ള അത്രയും സ്ഥലമാണ് അന്നുണ്ടായിരുന്നത്. നാനാ രൂപങ്ങളിലുള്ള പാറക്കെട്ടുകള്‍ അങ്ങിങ്ങായി മേകെദാട്ടുവില്‍ കാണാം.
     ട്രെക്കിങ്ങും സാഹസികതയും ഇഷ്ടപ്പെടുന്നവരെ 'മേകെദാട്ടു' ഇരു കയ്യും നീട്ടി സ്വീകരിക്കും.  ചുറ്റുപാടും തുറിച്ചു നില്‍ക്കുന്ന പാറക്കെട്ടുകള്‍ക്ക് മുകളിലേക്ക് സമാനമായ പാറക്കൂട്ടങ്ങളെ മറികടന്നു എത്തുമ്പോള്‍ ഒരേയൊരു കാഴ്ച മാത്രം മുന്നില്‍; പാറക്കെട്ടുകള്‍ക്കിടയിലൂടെ മദിച്ചു വരുന്ന കാവേരി. നദിയിലെ വെള്ളം ഒന്ന് തൊടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് പലപ്പോഴും നിരാശയായിരിക്കും ഫലം. സാഹസികതക്കിടെ കയത്തില്‍ വീണു മരിച്ച ചിലരുടെ കഥ കേള്‍ക്കുമ്പോള്‍ പലരും ആ ആഗ്രഹത്തില്‍ നിന്നു പിന്‍വലിയുന്നു. എന്നാല്‍ മോഹം തടയാനാവാത്തവര്‍ ഒഴുക്ക് കുറഞ്ഞ പ്രദേശങ്ങളില്‍, പാറക്കെട്ട്  താണ്ടി, നദിയെ പുല്‍കുന്നു.
     വീണ്ടും 'പറക്കും തളിക'യില്‍ കയറി സംഗമത്തിലെത്തിയപ്പോഴേക്കും സൂര്യനസ്തമിക്കാറായത് പോലെ. പ്രകൃതിയുടെ സംഗമത്തെ വിട്ടു പിരിയാന്‍ മടിച്ച് നഗരത്തിരക്കിലേക്ക്  ചേക്കേറാന്‍ യാത്ര തിരിക്കുമ്പോള്‍ അങ്ങകലെ ഒരു പറ്റം ആടുകളും ചെമ്മരിയാടുകളും അപ്പോഴും വഴി മുറിച്ചു കടക്കുന്നുണ്ടായിരുന്നു...  

Monday, December 6, 2010

അര്‍ദ്ധവൃത്തം

കണ്ടുമുട്ടലുകള്‍ക്ക് ചാര നിറമായിരുന്നു,
അവനിഷ്ടം വെളുപ്പ്‌,
അവള്‍ക്കു കറുപ്പ്;

ചിന്തകളിലായിരുന്നു ലയനം,
അവന്‍ നിശബ്ദതയെ പ്രണയിച്ചപ്പോള്‍
അവള്‍ പറയാതെ പറഞ്ഞു കൊണ്ടിരുന്നു;

പെയ്തൊഴിഞ്ഞ സന്ധ്യയില്‍ കടവാവലുകള്‍ തലയ്ക്കു മീതെ പറന്നു,
മഞ്ഞുറഞ്ഞ പുലരിക്കരികെ അവന്‍ ഉണര്‍ന്നു,
രാത്രിയുടെ പഴന്തുണി കെട്ടുകള്‍ക്കിടെ അവളും...