Sunday, March 3, 2013

കൂട്ടുകാരന്‍


"എനിക്ക് നിന്‍റെ കൂട്ടുകാരനാകണം "
വാക്കിനൊപ്പം വിളറിയ ചിരി ഒട്ടിച്ചു ചേര്‍ത്ത്, 
കണ്ണില്‍ നോക്കാതെ 
നീ പറഞ്ഞു:
"നമുക്ക് ജീവിതാവസാനം വരെ കൂട്ടുകാരാകാം "

നിന്‍റെ *വാട്സ് ആപ്പില്‍   
എന്‍റെ സമയം നിശ്ചലമായി... 
എന്‍റെ മറുപടി 
നിന്‍റെ ബ്ലാക്ക്‌ബെറിയില്‍ നിറഞ്ഞു കത്തി 

ഒരു നുള്ള് കാല്പനികത, 
ഒരു കുടന്ന ചെമ്പകപ്പൂക്കള്‍ 
കടലോളം സ്വപ്നങ്ങളും... 

ഉണര്‍ന്നെണീറ്റ നീ വീണ്ടുമൊന്നു ചിരിച്ചു,
പിന്നെ,
തിരയാഴങ്ങളുടെ മുനമ്പ്‌ കടന്ന് 
എന്‍റെ കണ്ണിന്‍റെ പച്ചയെ പുണര്‍ന്നു... 
" നമുക്കിനി കൂട്ടുകാരാകാം,
വെറും കൂട്ടുകാര്‍..."

(* - ഒരു ചാറ്റ് അപ്ലിക്കേഷന്‍)

Tuesday, February 12, 2013

മുന്‍പിലിരിക്കുന്ന ആള്‍

മുന്‍പിലിരിക്കുന്ന ആള്‍ ഒരിക്കല്‍ പോലും തോള്‍ ചെരിച്ചില്ല.
ഓഷോ രജനീഷിനെ കുറിച്ച വാ തോരാതെ സംസാരിച്ചുമില്ല.
അഭിനയിച്ച നൂറു കണക്കിന് കഥാപാത്ര തുണ്ടുകളിലേക്ക് പരകായ പ്രവേശം നടത്തിയതുമില്ല.
ഞാനും നിങ്ങളും ഇദ്ദേഹത്തെ നന്നായി അറിയും. ഒരു മുഖവുരയുമില്ലാതെ തന്നെ...
മുന്‍പിലിരിക്കുന്ന ആളുടെ പേര്  മോഹന്‍ലാല്‍ എന്നാണ്...
1993-ലാണ് ഇദ്ദേഹത്തെ ആദ്യമായി കാണുന്നത്. ദേവാസുരം എന്നാ സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ച ആദ്യമായി കാണുമ്പോള്‍ മനസ്സില്‍ നിന്ന് ചിത്രവും ദശരഥവും കിരീടവും തൂവനതുംബികളും ഭരതവും ഹിസ്‌ ഹൈനെസ് അബ്ദുള്ളയും പരന്നു ഒഴുകുകയായിരുന്നു. ഒന്നും മറ്റൊന്നില്‍ തൊടാതെ വളരെ അലസമായി...
പത്ര സമ്മേളനം തുടങ്ങാന്‍ ഇനിയും മിനിട്ടുകള്‍ ബാക്കിയുണ്ട്.
മുന്‍പിലിരിക്കുന്ന ആള്‍ക്ക് അക്ഷമയുടെ യാതൊരു ലാഞ്ഛനയുമില്ല.
പിന്നെയും  കുറച്ച നിമിഷങ്ങളുടെ താമസത്തിനു  ശേഷം ചെറിയ കര ഘോഷങ്ങളുടെ അകമ്പടിയോടെ പരിപാടി തുടങ്ങി. നരസിംഹത്തിനോ ആറാം തമ്പുരാനോ  ലഭിച്ച കയ്യടിയുമായി ഒരു താരതമ്യം ഇവിടെ പ്രസക്തമല്ല.
മുന്‍പിലിരിക്കുന്ന (ഇപ്പോള്‍ നില്‍ക്കുന്ന) ആള്‍ തോളോന്നു വെട്ടിച്ചു.(ഇല്ല ഇപ്പോഴും ചെരിച്ചില്ല) പിന്നെ പറഞ്ഞു തുടങ്ങി. ചതുരംഗത്തിലെയും താണ്ടവത്തിലെയും പ്രജയിലെയും പോലെ കേള്‍ക്കാന്‍ അറക്കുന്ന വാഗ്ധോരണികള്‍ ഒന്നുമില്ല. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജിത്ത് ഒരിക്കല്‍ പറഞ്ഞു. ഒരാള്‍ മറ്റൊരാളോട് ആറും നാലും പതിനൊന്നല്ലെ എന്ന് ചോദിച്ചു. അപ്പോള്‍ അയാള്‍ മറുപടി നല്‍കിയത്രെ. "അതെയോ? പത്തെന്നും കേട്ടിട്ടുണ്ട് എന്ന്". ഇത്തരം  നയതന്ത്രജ്ഞതയുടെ ആളാണ് മോഹന്‍ലാല്‍ എന്ന്.
ഈ നയതന്ത്രജ്ഞതയുടെ ചില അടിയൊഴുക്കുകള്‍ പടര്‍ന്നു കിടക്കുന്ന സംസാരമാണ് പിന്നീട് കേട്ടത്.
ഒന്നും എവിടെയും തൊടാതെ എന്നാല്‍ എല്ലാം എവിടെയോ ബന്ധപ്പെട്ടു കിടക്കുന്ന വിസ്മയ ത്താളുകള്‍ (അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍) ആയിരുന്നു അവ.
ഞാന്‍ എന്നാ വാക്ക് വളരെ അപൂര്‍വമായേ പ്രയോഗിച്ചു കേട്ടുള്ളൂ. നമ്മള്‍ എന്നാണു കൂടുതല്‍ കേട്ടത്. പിന്നെ 'കാര്യങ്ങള്‍ ', 'വിസ്മയം ', 'പ്രണയം ' തുടങ്ങിയ വാക്കുകളുടെ  ഉണ്ടായിരുന്നു. പക്ഷെ അതൊന്നും എന്നെ അലോസരപെടുത്തിയില്ല. കാരണം എന്റെ മുന്‍പിലിരിക്കുന്ന ആളുടെ പേര് മോഹന്‍ലാല്‍ എന്നാണ്.
സംസാരിച്ചതില്‍ പകുതിയും കേട്ടില്ല. എന്റെ മുന്നില്‍ മഞ്ഞില്‍ വിരിഞ്ഞ പൂക്കളും താള വട്ടവും പാദമുദ്രയും ഇടക്കെപ്പോഴോ കാസനോവയും നിറഞ്ഞു ആടുകയായിരുന്നു.
ഇപ്പോള്‍ പറഞ്ഞത് കേട്ടപ്പോള്‍ ഹിസ്‌ ഹൈനെസ് അബ്ദുള്ളയിലെ 'ജഗദാനന്ദം സംഗീതം' എന്നാ പാട്ടിലെ ഭാവങ്ങള്‍ മിന്നി മറിഞ്ഞ പോലെ. ഉടന്‍ അത് ഭരതത്തിലേക്കും വനപ്രസ്തത്തിലെക്കും ഇരുവറിലെക്കും തെന്നിമറിഞ്ഞു. (അതോ എനിക്ക് തോന്നിയതാണോ).
മുന്‍പിലിരിക്കുന്ന ആളുടെ പേര് മോഹന്‍ലാല്‍ എന്നാണ്.
1993നു ശേഷം മോഹന്‍ലാലിനെ പിന്നീട് കണ്ടത് വീടിനടുത്തൊരു  കൊവിലകത്തില്‍ ഷൂട്ടിങ്ങിനു വന്നപ്പോഴാണ്.(വിഗ് ഉപയോഗിക്കാന്‍ തുടങ്ങിയതിനു തൊട്ടു മുന്പനെന്നു തോന്നുന്നു).
മോഹന്‍ലാല്‍ ഇപ്പോള്‍ വേദിയില്‍ കുറേശ്ശെ അക്ഷമനാണ്.പക്ഷെ അപ്പോഴും  'സദയ'ത്തില്‍ കൊല്ലാന്‍ കൊണ്ട് പോകുന്ന സത്യ നാഥന്റെ നിസ്സന്ഗത യാണ് വായിക്കാന്‍ ആയത്. അനായാസം ഭാവങ്ങളില്‍ നിന്ന് ഭാവങ്ങളിലേക്ക് ഇമ വേഗത്തില്‍ മാറുന്ന ഒരാളുടെ  നിസ്സന്ഗതയും ഒരു നൂറു കഥാപാത്രങ്ങളെ കൊണ്ട് വന്നു നിര്‍ത്തി.
ചടങ്ങ് തീരാറായി.
മോഹന്‍ലാലിനെ കുറിച്ച് ഒട്ടേറെ പേര്‍ മാറിമാറി പറയുന്നു. എല്ലാം നമ്മള്‍ കേട്ട് പഴകിയത്. മഹാനടന്‍, സൂപ്പര്‍ സ്റ്റാര്‍, മെഗാ സ്റ്റാര്‍, സ്വകാര്യ അഹങ്കാരം,  ഇങ്ങനെ പോകുന്നു. തന്നെ കുറിച്ച്  പറയുന്ന നല്ല വാക്കുകള്‍ കേള്‍ക്കുമ്പോള്‍ മാത്രം ആ മുഖത്ത് ഒരു ഭാവവും മിന്നി മറിഞ്ഞില്ല.ഒരു നടന് ഇങ്ങനെയും സാധിക്കും എന്ന് അദ്ദേഹത്തിന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാന്‍ സാധിച്ചു.
ഇടയ്ക്കിടെ അടുത്ത് വന്നു ചെവിയില്‍ ഒരാള്‍ സംസാരിക്കുന്നു.അതെ, നിങ്ങള്‍ ഉദ്ദേശിക്കുന്ന ആള്‍ തന്നെ. സന്തത സഹചാരി. കിലുക്കം, ഹരികൃഷ്ണന്‍സ്, അലിഭായ് ഇങ്ങനെ കുറെ സിനിമകളില്‍ ക്യാമറക്ക് മുമ്പില്‍ (അതെ മുമ്പില്‍)  വന്നിട്ടുണ്ട്. അതെ പേരില്‍ തന്നെ.
ചടങ്ങ് അവസാനിച്ചു.
ഇനി ചോദ്യ ശരങ്ങളുടെ സമയമാണ്.  *പിശാചുക്കളുടെ  വക്കീലിനോടും 'വക്കീല്‍' അല്ലാത്തവരോടും സംസാരിച്ച് പഴകിയതിന്റെ ഒരു താളം ഉത്തരത്തില്‍ കണ്ടു. എങ്കിലും ഇടയ്ക്കിടെ ' ആറും  നാലും പത്താണോ പതിനോന്നാണോ എന്ന'  നയതന്ത്രജ്ഞതയും കേട്ടു.'ഡാ തടിയാ'യില്‍ പറയുന്ന പോലെ 'ഞാന്‍ ഇങ്ങനാണ് ഭായ് ' എന്ന് പറയാതെ പറഞ്ഞ പോലെ...
ചോദ്യശരങ്ങള്‍ കഴിഞ്ഞു. ഉത്തരങ്ങളും. മോഹന്‍ലാല്‍ പതുക്കെ എഴുന്നേറ്റു നടന്നു.തോള്‍ ചെറുതായി ചെരിച്ച്, ഇനിയും കാണാനിരിക്കുന്ന ഏതൊക്കെയോ കഥാപാത്രങ്ങളിലേക്ക് ഒരു വെള്ളച്ചാട്ടം കണക്കെ പരന്നൊഴുകി അദ്ദേഹം നീങ്ങി...
എന്‍റെ മുന്‍പില്‍ നിന്ന് നടന്നു നീങ്ങുന്ന ആളുടെ പേര്‍ മോഹന്‍ലാല്‍ എന്നാണ്...
(*- Devil's Advocate) (PS:ഒരു fictionalised "ദേജാ-വൂ...")


Thursday, January 17, 2013

മഴ


മഴ --
കണ്ണില്‍ നിന്ന് ആദ്യം,
ഞാന്‍ കണ്ണടച്ചു...
അരികുകള്‍ വളഞ്ഞ നിന്‍റെ  വാക്കില്‍ നിന്ന്, 
ഞാന്‍ പുസ്തകമടച്ച്‌ വെച്ചു...
മഴ--
നടുമുറ്റത്തെ മുല്ലമൊട്ടില്‍,
കുളത്തിലേക്കുള്ള കല്‍പ്പടവില്‍,
പുഴയിലെ പഞ്ചാര മണലില്‍
രാവിന്റെ വെള്ളി വെളിച്ചത്തില്‍,
കേട്ട് മറന്ന സിനിമാപ്പാട്ടില്‍,
ഇനിയും എഴുതാത്ത കാവ്യശകലങ്ങളില്‍,
മഴ--
കിണുങ്ങി ചിണുങ്ങി 
നീല പുതപ്പിനടിയിലൂടെ 
ഇനിയുമുറങ്ങുന്നോ എന്ന  ചോദ്യവുമായി;
ദൂരങ്ങള്‍ക്ക് മൌനത്തിന്റെ ഭാഷയേകി 
നീ കൊഞ്ചിച്ചു വെച്ച കൈവിളക്കായ്. 
ഒന്നുറങ്ങിയപ്പോള്‍ 
ഓടിയെത്തിയ വര്‍ണ തുണ്ട് പോല്‍ 
പിന്നെയൊരിക്കല്‍ മഴ വന്നൂ...
നിറഞ്ഞു പെയ്യാതെ, 
കണ്‍ നിറയാതെ,
ഉറക്കമുണര്‍ത്താതെ...
മഴ...

(Photo Courtesy: Steve Webb)

Saturday, December 8, 2012

റിഥം ഡിവൈന്‍

വാക്കുകളുടെ വക്കുകള്‍ പൊട്ടിയുടഞ്ഞു 
നിന്നിലെക്കാഞ്ഞു നിന്ന അകൌസ്റ്റിക്  ഗിറ്റാര്‍ 
ആദ്യമായ് '*റിഥം ഡിവൈന്‍ ' പാടി...
കണ്ണില്‍ കുത്തിയിറങ്ങുന്ന നിയോണ്‍ ബള്‍ബുകള്‍ 
അവയ്ക്ക് കുറുകെ ഭ്രാന്തന്‍ കടല്‍,
ഇമ വേഗത്തിലത് ഏറ്റു പാടി:
" നനഞ്ഞലിഞ്ഞു അടര്‍ന്നു വീഴാം ,
ഈ ഗിറ്റാറിന്‍ അകക്കണ്ണിലൂടെ,
വീ വാ ലാ മ്യൂസിക്കാ,
വീ വാ ലാ മ്യൂസിക്കാ... "
ഉറയുരിഞ്ഞ പ്രഭാതം,
ഭ്രാന്തിന്‍റെ ശേഷിപ്പുകള്‍ തേടി,
വര്‍ണ ബലൂണുകള്‍ തിരഞ്ഞു...
മരപ്പെയ്ത്തില്‍ പൊട്ടിയൊഴുകിയ വരികള്‍ 
ഇനിയൊന്നാദ്യമായ് പാടി:
"റിഥം ഡിവൈന്‍...
വീ വാ ലാ മ്യൂസിക്കാ... "

(* സ്പാനിഷ്‌ ഗായകന്‍ എന്റിക് ഇഗ്ലേഷ്യസിന്റെ പ്രശസ്തമായ പാട്ട്.)
PIC COURTESY: NGC

Saturday, July 2, 2011

തലകള്‍, ചുമലുകള്‍, കൈകള്‍ (എല്ലാം അജ്ഞാതം)

പെണ്ണിര എന്ന പുസ്തകത്തിന്‍റെ proof  വായിച്ച ശേഷം കേരളത്തിലെ ഒരു പ്രസിദ്ധീ കരണ ശാലയില്‍ നിന്ന് ബസ്സില്‍ മടങ്ങുകയായിരുന്ന റ്റിസി മറിയം തോമസിനെ തേടി പുറകില്‍ നിന്ന് ഒരു കയ്യെത്തി. ആ കൈ മുളച്ച ചുമലും അതിനു മുകളിലെ തലയും റ്റിസി അന്വേഷിച്ചെങ്കിലും 'അദ്ദേഹം' വിദഗ്ധമായി മുങ്ങി. എന്നത്തേയും പോലെ. ഒരു ആഴ്ച മുന്‍പ് പുസ്തകം ഉള്‍പ്പടെ പല കാര്യങ്ങളെ കുറിച്ച് റ്റിസിയുമായി സംസാരിക്കുമ്പോള്‍ ആണ് അവര്‍ ഈ 'തമാശ' പറഞ്ഞത്. സൌമ്യ, ഗോവിന്ദചാമി തുടങ്ങിയ പേരുകള്‍ നമ്മുടെ സ്വന്തം ജീവിതവുമായി കൂട്ടി വായിക്കുന്ന സമയത്താണ് ഇത്തരം കൈകള്‍ വീണ്ടും വീണ്ടും മുളക്കുന്നതിനെക്കുറിച്ച് റ്റിസി പറഞ്ഞത്. 
ഇത് കേട്ടപ്പോള്‍ ഞെട്ടലിനേക്കാള്‍ വേറെ എന്തോ  ആയിരുന്നു മനസ്സില്‍. ഒരു empathising feeling. 
ഇറങ്ങിനടപ്പ് എന്ന പുസ്തകം എഴുതിയ ആളാണ്‌ റ്റിസി. കേരളത്തിലെ ഒരു പത്രത്തില്‍ ഇറങ്ങിനടപ്പിലെ ചില ഭാഗങ്ങള്‍ പരമ്പര ആയി വന്നിരുന്നു. സ്ത്രീകളുടെ യാത്ര പരിസരം സ്വന്തം അനുഭവത്തിലൂടെ ആണ് റ്റിസി ഇതില്‍ പറഞ്ഞത്. പറഞ്ഞു വന്നപ്പോള്‍ റ്റിസിയുടെ അനുഭവങ്ങള്‍ ഓരോ സ്ത്രീയും അനുഭവിക്കുന്നത് തന്നെയല്ലേ എന്നും വിചാരിച്ചു.
DC books പ്രസിദ്ധീകരിക്കുന്ന 'പെണ്ണിര' എന്ന പുതിയ  പുസ്തകത്തിന്‍റെ ചില excerpts വായിക്കാന്‍ കിട്ടി. ഇത് വായിച്ചാണ് റ്റിസിയുമായി സംസാരം തുടങ്ങിയത്. സൌമ്യ മരിച്ചിട്ടും ഗോവിന്ദ ചാമി പിടിയിലായിട്ടും 'ചങ്കരന്‍ തെങ്ങില്‍ തന്നെ' എന്നാണു റ്റിസി ആദ്യം പറഞ്ഞത്. കാര്യങ്ങളില്‍ ആശാവഹമായ മാറ്റമൊക്കെ കുറവാണ്. പക്ഷെ ഒരു point വളരെ പ്രധാനമാണെന്ന് തോന്നി. അതായത്, ചര്‍ച്ചകളും ബോധവത്കരണവുമായി ഇത്തരം പ്രശ്നങ്ങള്‍ക്ക് എതിരെ ഒരു പ്രത്യേക ഇടം ഉണ്ടാക്കാന്‍ സാധിച്ചിട്ടുണ്ട് എന്ന് റ്റിസി പറഞ്ഞപ്പോള്‍ അത് പ്രസക്തമാണെന്നു തോന്നി. പക്ഷെ ഈ ഇടത്തിന്റെ gap-ഉം, പരിധിയും സമയവും വളരെ കുറവാണ്. സൌമ്യ മരിച്ചു, ഗോവിന്ദ ചാമിയെ  പിടിച്ചു. അടുത്ത ആറോ ഏഴോ മാസങ്ങള്‍ ഇതിനെതിരെ കരിങ്കൊടിയും പ്രതിഷേധവും കാണാം. പിന്നെ എല്ലാം പഴയ പോലെ. അടുത്ത ഗോവിന്ദ ചാമി, അടുത്ത കൈ... റ്റിസി പറഞ്ഞത് ശെരി തന്നെ എന്ന് തോന്നി. 
ബ്ലോഗില്‍ ഇത് എഴുതി കൊണ്ടിരിക്കുമ്പോഴാണ് കൊച്ചി കാക്കനാട് തെസ്നി ബാബു എന്ന പെണ്‍കുട്ടിയെ ചില 'സംരക്ഷകര്‍' ആക്രമിച്ച വാര്‍ത്ത കേട്ടത്.  അവര്‍ തെസ്നിയോട് ഉപയോഗിച്ച വാക്കുകള്‍ എന്തെന്ന് അറിഞ്ഞപ്പോള്‍ കാക്കനാട്  പരിസരത്തുള്ള ഒരു 'ആസ്പത്രിയെ' കുറിച്ചാണ് ആദ്യം ആലോചിച്ചത്. റോഡില്‍ നടക്കാന്‍ (അതും ആണ്‍ സുഹൃത്തിന്റെ കൂടെ)  'അവരുടെ അനുമതി' വേണമെന്ന് നമ്മള്‍ അറിഞ്ഞില്ല. ഇനി അറിയിച്ചോളാമേ...
സൌമ്യ ട്രെയിനില്‍ നിന്ന് വീണാണ് മരിച്ചതെങ്കില്‍ തെസ്നി ആക്രമിക്കപ്പെട്ടത് നടു റോഡില്‍ ആണ്. യാത്ര പരിസരം മാറിയാലും ആക്രമണം മാറുന്നില്ല. സമീപനങ്ങളും. മറ്റൊരു തമാശയും റ്റിസി പറഞ്ഞു. ആദ്യ പുസ്തകം ഇറങ്ങിയ സമയത്താണ്. ടീവിയില്‍ ഒരു ചാറ്റ് ഷോയില്‍ പങ്കെടുക്കുകയായിരുന്നു. സ്ത്രീകളുടെ യാത്ര പ്രശ്നങ്ങള്‍ ആണ് വിഷയം. പരിപാടി കഴിഞ്ഞു വീട്ടിലെത്തിയപ്പോള്‍ സുഹൃത്തിന്റെ അച്ഛന്‍ ശക്തമായി  പ്രതികരിച്ചു. മോളെ, ലൈംഗികത എന്നൊക്കെ ഉറക്കെ വിളിച്ചു പറയാമോ എന്ന്. ( ആരോഗ്യകരമായ ആണ്‍-പെണ്‍ പെരുമാറ ശീലങ്ങള്‍ പഠി(പ്പി)ക്കാത്തിടത്തോളം സ്ഥിതി മാറാന്‍ സാധ്യതയില്ല. 
ഇനി മറ്റൊരു  തമാശ. ബസില്‍ ഇരുന്നാണ് പെണ്ണിരയുടെ excerpts വായിച്ചത്. സീറ്റില്‍  മലയാളം അറിയാത്ത ഒരു 60-65 കാരന്‍ വന്നിരുന്നു. അയ്യര്‍ ദി ഗ്രേറ്റ്‌ സിനിമ പോലെ sixth sense പ്രവര്‍ത്തിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. കുറച്ച് കഴിഞ്ഞപ്പോള്‍ അയാള്‍ക്കും എന്‍റെ കയ്യിലെ പുസ്തകം വായിക്കണമെന്ന മട്ട്. സമചിത്തത  കൈ വിടാതെ അയാളെ നേരിട്ടു.
എം. മഡോണ പറഞ്ഞത് പോലെ 'ചിലരുടെ' മനസ്സിന് ചികിത്സ തന്നെ വേണം. (തെസ്നി ബാബുവിന് അടി കിട്ടണം എന്നാണു അടുത്ത ചിലര്‍ പോലും പറഞ്ഞത്. അവരുടെ മനസ്സിന് ചികിത്സ വേണോ എന്ന് അറിയില്ല.) 
'ഗോവിന്ദ ചാമിയെയും' കാക്കനാട് ഭ്രാന്തസ്പത്രിയില്‍ നിന്ന് ഇറങ്ങി പോന്നതെന്നു തോന്നിപ്പിക്കുന്ന സംരക്ഷകരെയും മലയാളം അറിയില്ലെങ്കിലും മലയാളം പുസ്തകം വായിക്കാന്‍ ശ്രമിക്കുന്നവരെയും അപ്രത്യക്ഷമാക്കാന്‍ സാധിച്ചില്ലെങ്കില്‍ ആദ്യം പറഞ്ഞ പോലെ തിരക്കുകള്‍ക്കിടയില്‍ നിന്ന് ചുമലും അതിനു മുകളിലെ തലയും കണ്ടെത്താനാകാത്ത കുറെ കൈകള്‍ ഉണ്ടായി കൊണ്ടേ ഇരിക്കും. Unfortunately...


(Pic Courtesy: Steve McCurry)

Saturday, May 14, 2011

Monologue (മോണോലോഗ്)

കുമാരന്‍ എന്നാണു പേര്. 
പത്ര സമ്മേളനത്തിനായി മുന്നില്‍ വന്നിരുന്ന അയാളെ ആരെങ്കിലും ഗൌനിച്ചോ എന്ന് സംശയമാണ്. മനുഷ്യരും രാജ്യവും തുടര്‍ന്ന് ലോകവും നന്നാവണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്ന ഒരു മനുഷ്യന്‍. മൈക്കും കൊണ്ട് അയാള്‍ പ്രസംഗം തുടങ്ങി. റെയില്‍വെയില്‍ നിന്ന് വിരമിച്ച ഉയര്‍ന്ന ഉദ്യോഗസ്ഥനയായിരുന്നുവെന്ന് കുറിപ്പ് കയ്യില്‍ കിട്ടിയപ്പോള്‍ ആണ് മനസ്സിലായത്. 
ജീവിതത്തില്‍ വളരെ കുറച്ച് ആഗ്രഹങ്ങളെ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. നഗരത്തില്‍ നിന്നുള്ള ട്രെയിന്‍ സര്‍വീസില്‍ ഒന്ന് തന്‍റെ പ്രിയ സ്ഥലമായ *പത്തടിപുരത്തേക്ക് നീട്ടുക, ജനങ്ങള്‍ക്ക്‌ നല്ല ബെര്‍ത്ത്‌ ലഭിക്കുക, ജനങള്‍ക്ക് നല്ല അറിവ് പറഞ്ഞു കൊടുക്കുക -- ഇത്തരം കൊച്ചു കൊച്ചു ആഗ്രഹങ്ങള്‍ മാത്രം.
പത്തടിപുരത്തെ കുഗ്രാമത്തില്‍, 1940 കാലഘട്ടത്തില്‍  ജോലിയെടുക്കുമ്പോള്‍ അവിടെ കൂകിപ്പായുന്ന വെറുമൊരു ആവി എന്‍ജിന്‍ മാത്രമാണ്ത്രെ  ഉണ്ടായിരുന്നത്. ട്രെയിനിനോടും പത്തടിപുരത്തിനോടും ഉള്ള പ്രണയം മൂലം അയാള്‍ അവിടെ നിന്ന് ഒരിക്കല്‍ പോലും സ്ഥലം മാറ്റം ചോദിച്ചിരുന്നില്ല. 
പത്തടിപുരം ഒരു കുഗ്രാമാമായിരുന്നു, 1940 -കളില്‍. സംസ്ഥാന അതിര്‍ത്തിയില്‍ സൂര്യകാന്തിപ്പൂക്കളും തോവാളപ്പൂക്കളും ഉള്ള പാടങ്ങളും നിറഞ്ഞ കൊച്ചു പ്രദേശം. 
ആഴ്ചയിലൊരിക്കല്‍ അതിലൂടെ കടന്നു പോകുന്ന ദീര്‍ഘ  ദൂര ട്രെയിനില്‍  നിന്ന് ഒരിക്കലെങ്കിലും ബന്ധുക്കള്‍ തന്നെ തേടി പുറത്തു വരുമെന്ന് അയാള്‍ സ്വപ്നം കാണാറുണ്ടായിരുന്നു. പക്ഷെ അയാളെ തേടി ആവി എന്‍ജിന്റെ പുകയല്ലാതെ മറ്റെന്തെങ്കിലും വന്നോ എന്ന് സംശയമാണ്. എന്നിട്ടും അയാള്‍ കുലുങ്ങിയില്ല.
ഒരിക്കലും പത്തടിപുരം വിട്ടു മറ്റൊരു സ്ഥലത്തേക്ക് പോയതുമില്ല. വര്‍ഷങ്ങള്‍ക്കു ശേഷം വിരമിക്കല്‍ സമയം വന്നപ്പോള്‍ മാത്രമാണ് അയാള്‍ അവിടം വിട്ടത്. വിട്ടു പോവാന്‍ മനസ്സനുവദിച്ചില്ലെങ്കിലും കെട്ടുപാടുകള്‍ അതിനു പ്രേരിപ്പിച്ചു. 
പത്തടി പുരത്തിന്റെ ഓര്‍മ്മകള്‍ ഇന്നും അയാളില്‍ നിറഞ്ഞു നില്‍ക്കുന്നത് കൊണ്ടായിരിക്കാം ജനങ്ങള്‍ക്ക്‌ ഉപകാരപ്രദമാകും വിധം ട്രെയിന്‍ സര്‍വീസ് അവിടം വരെ നീട്ടണമെന്ന് അയാള്‍ ശക്തമായി വാദിച്ചത്. 
വാദം തുടരുകയായിരുന്നു. 
'വാര്‍ത്തയിലെ' സ്നേഹറാണിയും എഴുന്നേറ്റു. പുതിയ ബിസ്കറ്റിന്റെ രുചി തിരഞ്ഞു കൊണ്ട് 'സായാഹ്ന രാജ്യ'ത്തിലെ ഗണേശനും പിന്‍വലിയുന്നു. മൈക്കിനെ സാക്ഷിയാക്കി കുമാരന്‍ മോണോലോഗ് (monologue) തുടര്‍ന്ന് കൊണ്ടേയിരുന്നു....

Monday, May 9, 2011

പ്രഥമപ്രതിശ്രുതി

ആശപൂര്‍ണ ദേവിയുടെ ഈ പുസ്തകം ചെറിയമ്മ വര്‍ഷങ്ങള്‍ക്കു മുന്‍പ് കയ്യില്‍ വെച്ചു തന്നപ്പോള്‍ ഒരു തരി പോലും വിറക്കുന്നുണ്ടായിരുന്നില്ല. അതിനു കാരണം ഒരു മൂന്നു വാക്കുള്ള sentence ആണ്. അതായത് She meant it. (സത്യ മിടുക്കിയാ, വായിച്ചു നോക്കു എന്നും പറഞ്ഞിരുന്നു.)
സിനിമയെ പ്രണയിക്കുന്ന ഒരു അടുത്ത കൂട്ടുകാരിയുടെ ബ്ലോഗ്‌ പേരും ദേ, ഇത് തന്നെ ആണ്. --പ്രഥമപ്രതിശ്രുതി. 
പിന്നെ, കേള്‍ക്കാന്‍ ഇഷ്ടമല്ലെങ്കിലും അടുത്ത് പിടിച്ചിരുത്തി കഥകള്‍ തലയില്‍ കയറ്റി തന്ന അമ്മ. കേള്‍ക്കാന്‍ മടി കാട്ടിയാലും ചിലപ്പോള്‍ വായുവിനോട് കഥ പറഞ്ഞിരുന്നു അമ്മ. അതെങ്ങനെയോ പറന്നു പറന്നു എത്തിയതാകും മനസ്സില്‍. സാധ്യത ഇല്ലാതില്ല. 
മാധ്യമ പ്രവര്‍ത്തനത്തിലേക്ക് എത്തിയപ്പോള്‍ വീണ്ടും തുടര്‍ന്ന  പുസ്തക വായന (അടുത്ത സുഹൃത്തിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ജാഡ വായന) യിലേക്ക്  (രണ്ടാം) തുടക്കമായതും  പ്രഥമപ്രതിശ്രുതി.
പാട്ടിലെ ശ്രുതി പോലെ, പിഴക്കാതെ എവിടെയോ പിടിച്ചു കയറി. 
ചെറിയമ്മ രണ്ടും കല്പിച്ചു തന്നെ ആയിരുന്നു. മുന്‍പ് പറഞ്ഞത് പോലെ She meant it. വര്‍ഷങ്ങള്‍ക്കു മുന്‍പ് അമ്മ പിടിച്ചിരുത്തി കഥ പറഞ്ഞു തന്ന അതേ feeling. പിന്നെ കേട്ടതെങ്കിലും വീണ്ടും വീണ്ടും കഥകള്‍ കേള്‍ക്കാന്‍ തോന്നിപ്പിക്കുന്ന അമ്മാമിയുടെ കഥ പറച്ചില്‍ രീതി. 
കഥകള്‍ പോലെ തന്നെ ആ feeling വായുവില്‍ തെളിഞ്ഞു നില്‍ക്കുകയാകും. ശ്രുതിശുദ്ധമായി... 
ഇപ്പോഴാണ് ആരോ പറഞ്ഞത്, അമ്മമാരുടെ ദിനം (Mothers' Day) രണ്ടു ദിവസങ്ങള്‍ക്കു മുന്‍പായിരുന്നുവത്രേ. 


PS: ആശ പൂര്‍ണ ദേവിയുടെ ബംഗാളി നോവല്‍ പ്രഥമപ്രതിശ്രുതിയിലെ പ്രധാന കഥാപാത്രമാണ് സത്യ