Friday, October 3, 2014

...

കണ്‍ നിറയെ കണ്ട സ്വപ്നം
കണ്ട മാത്രയിൽ കുറിച്ചിടാൻ
എനിക്ക് ഒരു പുസ്തകം വേണം.

നാല് വരിയിൽ
അക്ഷരത്തെറ്റുകളില്ലാതെ
എനിക്ക് മാത്രം വായിക്കാനാകുന്ന
ലിപിയിലെഴുതുവാൻ
നിലാവെളിച്ചത്തിന്റെ ഏടുകൾ
നിറഞ്ഞ പുസ്തകം.

വറ്റാത്ത മഷി,
അരികുകൾ വളയാത്ത വാക്ക്,
അലസമായുറങ്ങുന്ന വാക്യം.

എല്ലാം ചേർത്ത് വെച്ച് എഴുതാൻ
ഞാൻ തിരഞ്ഞ പുസ്തകം
കണ്ണില നിന്ന് ഹൃത്തിലെക്കുള്ള ഇടവഴിയിൽ വെച്ച്
ഇന്നലെ എപ്പോഴോ കണ്ടു കിട്ടി.

ഇക്കുറി വേണേൽ അത് നീയെടുത്തോ...
വരും ജന്മത്തിലെന്നെ തിരിചെൽപ്പിച്ചാൽ മതി...

(Image:Pixel anthem)

Saturday, May 3, 2014

ജാതകം



നിറഞ്ഞ ശൂന്യതയിലേക്ക് നോക്കാതെ
കണ്ണടച്ചെഴുതിയ ആദ്യത്തെ വരികൾ 
വെളുത്ത കടലാസ്സിലാകെ പരന്നു,
ഒപ്പിയെടുത്ത് പുതിയൊരു വാക്കുണ്ടാക്കാൻ 
പലകുറി നോക്കിയതാണ്.

കറുപ്പ്  നിറമായ്‌ അത് 
പുസ്തകത്തെയാകെ നിറച്ചപ്പോഴും 
അതിൽ നിന്നൊരക്ഷരം മാത്രം 
മാറ്റി എഴുതണമെന്നും നിനച്ചതാണ് .

പിന്നെ,
അതിൽ നിന്ന് ചാര നിറത്തിൽ പുതിയൊരു വാക്യമുണ്ടാക്കി 
നിന്റെ മേൽവിലാസത്തിൽ 
കയറ്റി വിട്ടതുമാണ്.

ഇനിയും എഴുതിയിട്ടില്ലാത്ത 
ആ ജാതകത്തിലെ വരികൾ 
ഇന്നലെയാണ് 
ഇരുളിനെ കുടഞ്ഞെറിഞ്ഞ്‌ 
കടും ചായങ്ങൾ എടുത്തണിഞ്ഞത് ...

(Image: Nomad)

Saturday, January 4, 2014

Visual Travelogue


തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയില്‍ എപ്പോഴോ ഒരിക്കല്‍ മീനാക്ഷി രാജയോട് ചോദിച്ചു: Where are you going for a trip next?
മീനിന്റെ കണ്ണുകളെ ഓര്‍മിപ്പിക്കുന്ന മീനാക്ഷിയെ അലസമായി നോക്കി രാജാ പറഞ്ഞു: Labangi.
മീനാക്ഷി വീണ്ടും:Alone?
രാജയുടെ മറുപടി: Unless you come with me...
ആ ഒരു നിമിഷം, ഒരു പക്ഷെ, ആ തീവണ്ടിയുടെ കോച്ചിനുള്ളില്‍ കാലം നിശ്ചലം ആയിരുന്നിരിക്കണം.അതുമല്ലെങ്കില്‍ തീവണ്ടിയുടെ  ശബ്ദം നേര്‍ത്തു പോയിരിന്നിരിക്കണം.
അപര്‍ണ സെന്‍ സംവിധാനം ചെയ്ത് രാഹുല്‍ ബോസും കൊങ്കണ സെന്നും അഭിനയിച്ച 'മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ്  അയ്യര്‍'  എന്നാ സിനിമ ശരിക്കും ഒരു travelogue ആണ്. വടക്കേ ഇന്ത്യയിലെ പ്രകൃതി മനോഹരമായ ഒരു താഴ്വരയില്‍ നിന്ന് ഏതൊക്കെയോ വഴികളിലൂടെ അലഞ്ഞും തിരിഞ്ഞും എവിടെയോ അവസാനിക്കുന്ന ( ഒരിക്കലും അവസാനിച്ചിരുന്നില്ലെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന) ഒരു journey.
എല്ലാ മനോഹരങ്ങളായ പ്രണയകഥകളും ഉണ്ടാകുന്നത് യുദ്ധകാലത്ത് ആണെന്ന് ഓര്മ വരും ഈ സിനിമ കാണുമ്പോൾ.  (eg: waterloo bridge)ഇവിടെ യുദ്ധം അല്ലെങ്കിലും യുദ്ധ സമാനമായ അവസ്ഥ ആണുള്ളത്. അത് കൊണ്ട് തന്നെയാണെന്ന് തോന്നുന്നു അപർണ  സെൻ  സിനിമയ്ക്കു 'Love in the time of Violence' എന്ന tagline കൊടുത്തത്. പാവം മാർകേസ് !
ഒട്ടേറെ ചലച്ചിത്രോത്സവ വേദികളും അല്ലാതെയുമുള്ള പ്രദര്‍ശനങ്ങള്‍ കണ്ട ഈ ചിത്രം 2002ലാണ് ഇറങ്ങുന്നത്. മതവും  വര്‍ഗീയതയും, കൈകാര്യം ചെയ്യുന്ന മറ്റ് മസാലപ്പടങ്ങള്‍ പോലെയാകുമായിരുന്നു അപര്‍ണ സെന്നിന്റെ 'അയ്യരും.' പക്ഷെ ഇവിടെ അതുണ്ടായില്ല. കൊങ്കണയുടെ മീനാക്ഷിയും രാഹുല്‍ ബോസിന്റെ രാജയും മാത്രമല്ല ഈ സിനിമയുടെ മര്‍മ്മം.ഒരി യാത്ര ചെയ്യുന്ന പ്രതീതി നല്‍കുന്ന തരത്തിലുള്ള തിരക്കഥയാണ് ഇതിന്റെ ശക്തി. പിന്നെ അഭിനയമെന്നു തോന്നാത്ത തരം behavioural patternsഉം.

മഞ്ഞ് നിറഞ്ഞ ഒരു താഴ്വരയില്‍ നിന്ന് ഒരു അമ്മയും(ഹിന്ദു അയ്യർ സ്ത്രീ) കുട്ടിയും  ബസ്സിൽ യാത്ര തുടങ്ങുന്നു. എപ്പോഴും കരയുന്ന കുട്ടിയെ ഒന്നു പിടിക്കാമോ എന്ന മുസ്ലീമായ നായകനോട് അമ്മ ചോദിക്കുന്നിടത്താണ് ഈ സിനിമ ഗതി തിരിയുന്നതെന്ന തോന്നുന്നു. ആദ്യമാദ്യം ഉന്നതകുലജാതയെന്ന് സ്വയം ഒരു halo ഉള്ള മീനാക്ഷി രാജയുടെ പല ചെയ്തികളെയും എതിര്‍ക്കുന്നു. ജാതിയുടെ പേരില്‍ നടക്കുന്ന വര്‍ഗീയ ലഹള മൂലം ഇവര്‍ സഞ്ചരിക്കുന്ന ബസ് വഴിയില്‍ പിടിച്ചിടുന്നു.  ജാതിയുടെ കവചം മീനാക്ഷിയ്ക്ക് ഇവിടെ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നു.അതേ സമയം രാജ വളരെ easy  ആയി എല്ലാവരുമായി മിണ്ടുന്നതും സംസാരിക്കുന്നതും കാണുമ്പോള്‍ മീനാക്ഷിയെ പല തരത്തില്‍ ബാധിക്കുന്നു. എം. എസ്. സി വരെ പഠിക്കുകയും നേരത്തെ വിവാഹം കഴിക്കുകയും ചെയ്തതിനെത്തുടര്‍ന്ന ലോകം കാണാനാവാത്തതിന്റെ ദു:ഖവും അമര്‍ഷവും കൊങ്കണ വളരെ effortless  ആയി സ്‌ക്രീനിലെത്തിച്ചിരിക്കുന്നു.
പിന്നെ ആ പ്രദേശത്ത് ഒരു വര്‍ഗീയ സംഘര്‍ഷം പൊട്ടിപ്പുറപ്പെടുമ്പോള്‍ മീനാക്ഷിയുടെ മറ്റൊരു മുഖമാണ് നമ്മള്‍ കാണുന്നത്. ബസ്സില്‍ തൊട്ടടുത്ത സീറ്റിലിരുന്നിരുന്ന രാജ ആരെന്ന് സാമൂഹ്യദ്രോഹികള്‍ ചോദിക്കുമ്പോള്‍ 'Mr & Mrs Iyer' എന്ന് മീനാക്ഷിയെ പറയുന്നിടത്ത് കാര്യങ്ങളെത്തിക്കുന്നു. വിവാഹിതയും ഒരു കുട്ടിയുടെ അമ്മയും സർവോപരി orthodox പശ്ചാത്തലവും ഉള്ള മീനാക്ഷി പെടന്നു ആളാകെ മാറുന്നു. രാജയെ രക്ഷപ്പെടുത്താന്‍ വേണ്ടി പറഞ്ഞ ഒരു നുണയാണെങ്കിലും ജാതിയും മതവും ഇല്ലാത്ത ഒരു ലോകമായിരുന്നെങ്കില്‍ എന്ന് ഒരു ആസ്വാദകനെങ്കിലും ചിലപ്പോള്‍ ആഗ്രഹിച്ചിരുന്നിരിക്കാം.
കാടിനുള്ളിലെ ഒരു ഗസ്റ്റ് ഹൗസിലാണ് 'അയ്യര്‍ ദമ്പതികള്‍' പിന്നെ എത്തുന്നത്. സ്വപ്‌നങ്ങളില്‍ മാത്രം ഒരു പക്ഷെ കണ്ട തരത്തിലുള്ള ഗസ്റ്റ് ഹൗസാണിതെന്ന് കാഴ്ചക്കാര്‍ക്ക് തോന്നിയെങ്കില്‍ ്അത്ഭുതമില്ല. ഒരു പക്ഷെ മീനാക്ഷിയുടെയും രാജയുടെയും രസതന്ത്രമായിരിക്കാം അങ്ങനെ തോന്നിപ്പിച്ചത്. ലോകത്തിലെ ഏറ്റവും മനോഹരമായ സംഗീതം ഏതാണ് എന്നറിയാമോ എന്ന് രാജാ മീനാക്ഷിയോട് ചോദിക്കുമ്പോൾ അവിടെ ഇലകളിൽ മഞ്ഞുതുള്ളിയുടെ സംഗീതവുമായി തബല വാദകൻ സക്കീർ ഹുസൈന്റെ അദൃശ്യ സാന്നിധ്യം ഉണ്ടാകുന്നു.അത്രയും subtle ആയാണ് അദ്ദേഹം ഈ സിനിമക്ക് സംഗീതം ഒരുക്കിയിരിക്കുന്നത്. 

കാപ്പി കുടിക്കാന്‍ ഒരു കടയില്‍ കയറിയപ്പോള്‍ കുറെ കോളേജ് കുട്ടികള്‍ 'നിങ്ങള്‍ എവിടെയാണ് ഹണിമൂണിന് പോയതെന്ന്' കുസൃതി ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ രാജ ഇന്ത്യയിലെ വളരെ മനോഹരങ്ങളായ ചില destinationകളുടെ പേരുകള്‍ പറയുന്നു. ചിദംബരത്തിനും ലബാംഗിക്കും വയനാടിനും രാജയുടെ വാക്കുകളിലുടെ ഒരായിരം ജന്മങ്ങള്‍ക്കപ്പുറത്ത് നിന്നുള്ള കാറ്റിന്റെ മണം പരന്നൊഴുകുന്ന പോലെ.
നല്ലവനായ ഒരു പോലീസുകാരന്റെ സഹായത്തോടെ അവര്‍ ലക്ഷ്യസ്ഥാനമായ കൊല്‍ക്കത്തയിലേക്കുള്ള തീവണ്ടിയില്‍ വെച്ച് മീനാക്ഷി  അയാളോട് ചോദിച്ചു: Have you gone to Wayanad before?
രാജ പറഞ്ഞു:No. But, I've always wanted to.
മീനാക്ഷി വീണ്ടും ചോദിച്ചു: Alone?
ഒരു നീണ്ട നിശ്ശബ്ദതയായിരുന്നു രാജയുടെ മറുപടി.
തീവണ്ടിയുടെ കാതടപ്പിക്കുന്ന ശബ്ദത്തിനിടയില്‍ നേര്‍ത്ത ശബ്ദത്തില്‍ രാജ പറയാതെ പറഞ്ഞു: Unless you come with me.

Friday, October 18, 2013

പുസ്തക വണ്ടി

ട്രെയിനിൽ ഇരുന്നു പുസ്തകം എടുത്തപ്പോഴാണ് 
ഞാൻ ആദ്യമായി ആകാശം കണ്ടത്.
സീറ്റുകൾ  മാറി,
ബോഗികളും മാറി, 
ആകാശമപ്പോഴും അതേ പോലെ.

പേജുകൽ മറിച്ച പ്പോൾ 
തീവണ്ടിയുടെ ഇരമ്പത്തിന് 
വാക്കുകളേക്കാൾ വേഗം,
തുരങ്കങ്ങളെ തുളച്ച് കയറുന്ന വീര്യം.

പുസ്തകത്തിലെ ചെക്കനും കുട്ടിയുമായി മിണ്ടുംബോഴാണ് 
മുൻ സീറ്റിലെ കുഞ്ഞ് കണ്ണിലെ കൌതുകം 
ജനാല കടന്നു ആകാശത്തെക്കോടിപ്പോയത്,
അവസാന പേജും മറിച്ച് കണ്ണടച്ചിരിക്കുമ്പോഴാണ് 
ആകാശ ചെരുവിനപ്പുറം ഞാനൊരു മഴവില്ല് കണ്ടത്.

Wednesday, October 2, 2013

ലഞ്ച് ബോക്സ്‌ തുറക്കുമ്പോൾ...

                    

പൌലോ കൊയ് ലോയുടെ നോവല്‍ ബ്രൈഡയില്‍ ഒരു ഖണ്ഡികയുണ്ട്. അതിന്റെ ഒരു ഏകദേശ തര്‍ജ്ജമ ഇപ്രകാരമാണ്:
“മുപ്പത്തെട്ടുകാരിയായ ഞാന്‍ സന്തുഷ്ടയായി നിന്നു. ഒരാള്‍ക്ക് തന്നെ ഇഷ്ടമാണെന്ന സന്തോഷത്താല്‍. അവന് എന്നെ വിട്ടു പോവേണ്ടെന്നായിരുന്നു. പക്ഷെ പെട്ടന്നൊരു ദിവസം അവന്‍ സംസാരിക്കാതായി. അവനെന്റെ കണ്ണുകളുടെ അഗാധതയിലേക്ക് നോക്കി. പിന്നീടെപ്പോഴോ ചിരിച്ചു.പിന്നെ പടികള്‍ ഇറങ്ങിപ്പോയി.
കുറെ ദിവസം ഞാനാലോചിച്ചു ഇങ്ങനൊരാള്‍ ജീവിച്ചിരിപ്പുണ്ടായിരുന്നോ എന്ന്. ജീവിതത്തിന്റെ ഏറ്റവും നല്ല പാഠങ്ങള്‍ പഠിപ്പിക്കാന്‍ വന്ന മാലാഖയാണവന്‍. പക്ഷെ ഒടുവില്‍ എനിക്ക മനസ്സിലായി അവന്‍ ഒരു യഥാര്‍ഥ മനുഷ്യനാണെന്ന്. മധ്യാഹ്നത്തില്‍ എന്റെ ജീവിതത്തിലേക്ക് കടന്നു വന്ന് എന്നെ സ്നേഹിച്ചയാള്‍. ആ കുറച്ച് നേരത്തേക്കെങ്കില്‍ പോലും അവന്‍ അവന്റെ മനസ്സ് മുഴുവന്‍ എന്നോട് പങ്കു വെച്ചു. അവന്റെ സംഘര്‍ഷങ്ങളും സന്തോഷങ്ങളും സ്വപ്നങ്ങളും എല്ലാം. ആ മധ്യാഹ്നത്തില്‍ മാത്രം ഞാന്‍ അവന്റെ എല്ലാമായിരുന്നു ഭാര്യ, സുഹൃത്ത്, ശ്രോതാവ്, പ്രണയിനി. എല്ലാം”.
ഇര്‍ഫാന്‍ ഖാനും നിമ്രതും അഭിനയിച്ച ‘ലഞ്ച് ബോക്സ്’ എന്ന റിതേഷ് ബത്രയുടെ സിനിമ ബ്രൈഡയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മ്മിച്ചതേ അല്ല. പക്ഷെ ഈ സിനിമ കണ്ടവര്‍ക്കൊക്കെ ഇങ്ങനൊരു വിങ്ങല്‍ ഈ സിനിമ ഉണ്ടാക്കിയിട്ടുണ്ടാകും. അപര്‍ണ സെന്നിന്റെ ‘മിസ്റര്‍ & മിസിസ് അയ്യരി’നും ബ്ലെസ്സിയുടെ ‘കാഴ്ച’യ്ക്കും ശേഷം എന്തോ എവിടെയോ പിന്തുടരുന്ന ഒരു ഫീല്‍.
ആഷിഖ് അബു ആണെന്ന് തോന്നുന്നു ഭക്ഷണം ‘ഇമ്മിണി ബല്യ സംഭവം’ ആണെന്നും അത് ഫ്രെയിമിലെത്തുമ്പോള്‍ ഒന്നു കൂടി മനോഹരമാണെന്നും നമുക്ക് കാണിച്ചു തന്നത്. ‘സോള്‍ട്ട് & പെപ്പര്‍’ എന്ന സിനിമയിലെ ചില ഫ്രെയിമുകള്‍ കാണുമ്പോഴാണ് ഭക്ഷണ പദാര്‍ഥങ്ങള്‍ ഇത്രയും രസകരമാണോ എന്നു പ്രേക്ഷകന് തോന്നുന്നത്. ഭക്ഷണം പ്രധാന കഥാപാത്രവും മറ്റുള്ളവര്‍ സഹ കഥാപാത്രങ്ങളുമാണെന്നൊരു ഫീലുണ്ട് അതിന്.

മെനു
ഡബ്ബാവാലകളുടെ ചരിത്രവും പ്രവര്‍ത്തനരീതിയും നമ്മള്‍ പല തരത്തിലും വായിക്കുകയും ചര്‍ച്ച ചെയ്യുകയും ഹ്രസ്വചിത്രങ്ങളായി കാണുകയും ചെയ്തിട്ടുണ്ട്. പക്ഷെ ലഞ്ച് ബോക്സില്‍ സാജന്‍ ഫെര്‍ണാണ്ടസിന്റെയും (ഇര്‍ഫാന്‍ ഖാന്‍) ഇളയുടെയും ( നിമ്രത് കൌര്‍) ജീവിതമാണ് ഇവര്‍ കാരണം മാറി മറിഞ്ഞത്. പാത്രങ്ങള്‍ മാറി മറിഞ്ഞപ്പോള്‍ ഇവരുടെ ജീവിതവും മാറിപ്പോയി.
അതേ. സംഭവം തുടങ്ങുന്നത് അങ്ങനെയാണ്. സാധാരണ ഡബ്ബാവാലകള്‍ അത് എത്തേണ്ട ആളുടെ അടുത്തേ ലഞ്ച് ബോക്സ് എത്തിക്കൂ (മാനേജ്മെന്റ് ശേഷിയില്‍ പ്രശസ്തരാണ് ഡബ്ബാവാലകള്‍. ഇവരെക്കുറിച്ച് ഐ. ഐ. എമ്മുകളില്‍ വരെ പഠനം നടക്കുന്നു. വിസിറ്റിങ് പ്രൊഫസര്‍മാര്‍ വരെ ആയി ഇവര്‍ ഈ സ്ഥാപനങ്ങളില്‍ പങ്കെടുക്കുന്നു) പക്ഷെ ഇവിടെ ആ പെരുമ തെറ്റുന്നു. ഇള ഭര്‍ത്താവിന് അയക്കുന്ന പാത്രം മാറിപ്പോകുന്നു. ഒരു ബന്ധം അങ്ങനെ തുടങ്ങുന്നു

രുചിക്കൂട്ടുകള്‍
എരിവും പുളിയും ഒട്ടുമില്ലാതെയാണ് സംവിധായകന്‍ ഈ സിനിമ തയ്യാറാക്കിയിരിക്കുന്നത്. കേള്‍ക്കാന്‍ അറയ്ക്കുന്ന വാക്കുകള്‍ ഒന്നു പോലും ഇതിലില്ല. സിനിമയിലെവിടെയോ ഒരിക്കല്‍ ഇര്‍ഫാന്‍ ഖാന്‍ പറയുന്നുണ്ട്. ഇന്നത്തെ ഭക്ഷണത്തില്‍ ഉപ്പ് പോരാ എന്ന്. ഒരിക്കലും കണ്ടിട്ടു പോലുമില്ലാത്ത ഒരാളോട് ഏറ്റവും ഇന്റിമേറ്റ് ആയി പെരുമാറുന്ന അത് ഇര്‍ഫാന്‍ ഖാന് പകരം മറ്റൊരാളാണ് ചെയ്തതെങ്കില്‍ അതില്‍ വള്‍ഗാരിറ്റി കയറുമായിരുന്നു.
എന്നാല്‍ ഇവിടെ അത് ഭദ്രം. മഖ്ബൂലിലും മറ്റും അഭിനയിച്ച ഇര്‍ഫാന്‍ ഖാന്‍ തന്നെയോ ഇതെന്ന തോന്നിപ്പോയി ചിലപ്പോഴൊക്കെ. വളരെ കുറച്ച് കഥാപാത്രങ്ങളേ ഈ സിനിമയിലുളളൂ. ഇളയുടെ ഭര്‍ത്താവ്, മതിലുകളിലെ ലളിതയെ പോലെ ശബ്ദം മാത്രം ഉള്ള, മുകള്‍ നിലയിലെ വീട്ടിലെ ആന്റി, ഇര്‍ഫാന്‍ ഖാന്റെ സഹപ്രവര്‍ത്തകന്‍. അങ്ങനെ കുറച്ചു പേര്‍ മാത്രം.

തീന്‍മേശ
തെറ്റായ ആള്‍ക്ക് എത്തുന്ന ലഞ്ച് ബോക്സില്‍ ചെറിയ ചെറിയ കുറിപ്പുകളെഴുതിയാണ് ഇവരുടെ പ്രേമം (അങ്ങനെ വിളിക്കാമോ എന്നറിയില്ല) തളിര്‍ക്കുന്നത്. പ്രണയിക്കാന്‍ തമ്മില്‍ കാണേണ്ട ആവശ്യമുണ്ടോ എന്ന സിനിമയുടെ ടാഗ് ലൈന്‍ ( ഇവിടെ പ്രസക്തമാകുന്നു.
ഫ്ലാറ്റില്‍ ഒറ്റപ്പെടുന്ന ഒരു സ്ത്രീ, ഭര്‍ത്താവിന് നല്ല ഭക്ഷണം ഉണ്ടാക്കാനിഷ്ടപ്പെടുന്ന സ്ത്രീ, ഭര്‍ത്താവിന് പരസത്രീ ബന്ധം ഉണ്ടെന്നറിഞ്ഞിട്ടും കൂടെ ജീവിക്കുന്ന പുരാതന ഭാരതീയനാരീ സങ്കല്‍പം തുടങ്ങിയ ക്ലീഷേകളില്‍നിന്ന് രക്ഷപ്പെടുന്നില്ല ഇവിടെ ഇളയും. എന്നാല്‍ സ്വന്തം അച്ഛനമ്മമമാര്‍ക്ക് പണത്തിന് ആവശ്യം വരുമ്പോള്‍ അത് കൊടുക്കാന്‍ സാധിക്കാത്ത ഒരു സ്ത്രീയുടെ മുഖവും ഈ സിനിമയിലുണ്ട്. ഭര്‍ത്താവിന്റെ തിരക്ക് മൂലം ആരും സംസാരിക്കാനില്ലാത്തതിന്റെ ( ശബ്ദം മാത്രമായുളള മുകളിലെ വീട്ടിലെ ആന്റി ഒഴിച്ച്) ഒരു മെട്രോ സ്ത്രീയുടെ വിമ്മിഷ്ടവം നന്നായി സ്ക്രീനിലെത്തിച്ചു. അങ്ങനെ കത്തിലൂടെ ഒരു അപരിചിതനോട് ഏറ്റവും വ്യക്തിപരമായ കാര്യങ്ങള്‍ കൂടി പറയാന്‍ അവര്‍ തയ്യാറാവുന്നു.
ലഞ്ച് ബോക്സ് അടച്ചു വെക്കുമ്പോള്‍
പെട്ടന്നാലോചിക്കുമ്പാള്‍ ‘ഇതെന്ത് വല്യ ആനക്കാര്യം’ എന്ന് തോന്നുന്ന ഒരു ത്രെഡില്‍നിന്ന് രണ്ട് മണിക്കൂര്‍ നമ്മളില്‍ ലോകത്തോടുള്ള സ്നേഹം നിറയ്ക്കുന്ന സിനിമ ഉണ്ടാക്കിയത് തന്നെയാണ് ഇതിന്റെ വിജയം. മുംബൈ പോലുളള മെട്രോ നഗരത്തില്‍ ഇതു പോലെ ആയിരക്കണക്കിന് കഥകള്‍ ഉണ്ടായിട്ടുണ്ടാവും.
പക്ഷെ അതില്‍ ഒരു സിനിമ കണ്ടെത്തുകയും അതിന് പറ്റിയ നടീനടന്മാരെ വെക്കുകയും ചെയ്തത് ലഞ്ച് ബോക്സിനെ വ്യത്യസ്ത അനുഭവമാക്കുന്നു. എല്ലാത്തിനുമൊടുവില്‍, ഉള്ളിലൊരു വിങ്ങല്‍ അത് ബാക്കിയാക്കുന്നു.

അനുബന്ധം
സിനിമ നന്നാകണമെങ്കില്‍ ഹാപ്പി എന്‍ഡിങ് ആകണമെന്നില്ലെന്ന് ഒരിക്കല്‍ ഒരു സുഹൃത്ത് പറഞ്ഞു. അത് നമ്മള്‍ ഉണ്ടാക്കിയെടുത്ത ശീലമാണെന്നാണ് അയാളുടെ വിലയിരുത്തല്‍. ശരിയാണെന്നു തോന്നുന്നു. സിനിമകള്‍ ഹാപ്പി എന്‍ഡിങ് അല്ലെങ്കില്‍ അതിനിയുമുണ്ടാകും. അഗര്‍ എന്‍ഡിങ് ഠീക് ഠാക് നഹീ ഹേ തോ പിക്ചര്‍ ഖതം നഹീം ഹേ ഭായ്. പിക്ചര്‍ അബീ ബാക്കി ഹേ… ( സിനിമയുടെ അവസാനം സുഖകരമല്ലെങ്കില്‍ സിനിമ അവസാനിച്ചിട്ടില്ലെന്നാണത്രെ അര്‍ഥം. സിനിമ ഇനിയും ബാക്കിയുണ്ട്)
ശേഷം സ്ക്രീനില്‍.
PS:നിമ്രതിനെ അറിയാത്തവർ ഇത് കാണുക.

Wednesday, September 25, 2013

ഫേസ് ബുക്ക്‌



ഇന്നലെ നീ ഒടുവിലിട്ട ചിത്രത്തിന് 'ലൈക്‌ 'അടിച്ചപ്പോഴാണ്,
ഞാൻ നിൻറെ കണ്ണുകളുടെ ആഴം അറിഞ്ഞത്. 
അവയ്ക്ക് തൊട്ടു താഴെ വക്ക് പൊട്ടിയ ചിരിയും, 
ആരെയോ തിരയുന്ന കൈകളും കണ്ടത്.

ഇന്നലെ നീ ഒടുവിലിട്ട ചിത്രത്തിന്
'കമന്റ്‌ ' എഴുതിയപ്പോഴാണ്
നിൻറെ മുഖം ഞാൻ (ചില്ല്) കണ്ണാടിയിൽ കണ്ടത്.
ഒന്നും മിണ്ടാതെ കണ്ണടച്ചു ,
ചിത്രം വഴിവക്കിൽ എറിഞ്ഞു...

ഒടുവിൽ ആറടി മണ്ണിൽ ഇന്നലെ നീ
നീണ്ടു നിവർന്നു കിടന്നപ്പോൾ
വഴിയരികിൽ നിന്നെനിക്ക് കിട്ടിയത്
നിന്റെ ഫേസ് ബുക്കിലെ ചിത്രവും
ഒരു പിടി പൂക്കളും...



(Photo courtesy:Flickr)

Saturday, July 6, 2013

ഒന്നുമില്ലായ്മ

ഒന്നുമില്ലായ്മയില്‍ നിന്നാണ് 
ഞാന്‍  നിന്നിലേക്ക്‌ മറവിയുടെ പാലമിട്ടത്,
കണ്ണുകളിറുക്കി അടച്ചപ്പോഴാണ് 
ഞാന്‍  നിന്നെ കണ്ണാടിയില്‍ കണ്ടത്,
വെളിച്ചം കടല്‍ കടന്നു വന്നപ്പോഴാണ് 
ഞാന്‍  ഇരുട്ടിലേക്ക് ആഴ്ന്നിറങ്ങിയത്,
ചിതറിത്തെറിച്ച മഴയുടെ ശബ്ദത്തിനിടയിലാണ് 
ഞാന്‍  നിന്‍റെ വാക്കുകള്‍ തിരഞ്ഞത്.
ര്‍മയുടെ  വേരുകള്‍ അറ്റപ്പോഴാണ് 
ഞാന്‍ ഒന്നുമില്ലായ്മയിലേക്ക് വഴുതി വീണത്...